Published: October 25, 2025 09:19 AM IST Updated: October 25, 2025 09:30 AM IST
1 minute Read
കൊച്ചി∙ സൂപ്പർ താരം ലയണൽ മെസിയും അര്‍ജന്റീന ഫുട്ബോൾ ടീമും അടുത്ത മാസം കേരളത്തിലേക്ക് എത്തില്ല. മത്സരം നടത്താൻ ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്പോൺസർമാരിലൊരാളായ ആന്റോ അഗസ്റ്റിൻ സമൂഹമാധ്യമത്തിൽ സമ്മതിച്ചു. ലോകകപ്പ് വിജയിച്ച അർജന്റീന ടീം നവംബറിൽ കൊച്ചി ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിൽ കളിക്കുമെന്നായിരുന്നു തുടക്കം മുതലുള്ള പ്രഖ്യാപനം. കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ തുടങ്ങിയിരുന്നെങ്കിലും കൃത്യ സമയത്ത് തീർക്കാൻ സാധിച്ചിട്ടില്ല.
ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിൻഡോയിലെ കളി മാറ്റിവയ്ക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ ചർച്ചയിൽ തീരുമാനമായതായി ആന്റോ അഗസ്റ്റിൻ പ്രതികരിച്ചു. അടുത്ത വിൻഡോയിൽ അർജന്റീന കേരളത്തിൽ വരുമെന്നും ഇക്കാര്യം ഉടൻ പ്രഖ്യാപിക്കുമെന്നും ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി. നവംബറിൽ അംഗോളയിൽ മാത്രമാണ് അർജന്റീന സൗഹൃദ മത്സരം കളിക്കുകയെന്ന് അർജന്റീന മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അര്‍ജന്റീനയുടെ എതിരാളികളാകാൻ പരിഗണിച്ച ഓസ്ട്രേലിയയും കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നവംബർ 14, 18 തീയതികളിൽ വെനസ്വേലയ്ക്കും കൊളംബിയയ്ക്കുമെതിരെ ഓസ്ട്രേലിയൻ ഫുട്ബോൾ ടീമിനു മത്സരങ്ങളുണ്ട്. അംഗോളയിൽ കളിക്കുന്നതിനു മുൻപ് അർജന്റീന സ്പെയിനിലാണു പരിശീലിക്കുക. അർജന്റീന ടീമിനെയും മെസ്സിയെയും കേരളത്തിലേക്കെത്തിക്കുമെന്ന് സംസ്ഥാന സർക്കാരും തുടക്കം മുതൽ പ്രഖ്യാപിച്ചിരുന്നു.
English Summary:








English (US) ·