Published: August 14, 2025 08:54 AM IST
1 minute Read
-
കായികമന്ത്രിയോട്: കടം പറയുന്നതും ഒരു ലഹരിയാണോ?!
തിരുവനന്തപുരം∙ കായിക വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ യാത്രയുടെ ഭാഗമായി എല്ലാ ജില്ലകളിലും നടത്തിയ മിനി മാരത്തൺ മത്സര ജേതാക്കൾക്ക് 3 മാസമായിട്ടും സമ്മാനത്തുക നൽകാതെ സർക്കാർ. സമ്മാനം കിട്ടിയില്ലെന്ന പരാതിയുമായി കായിക മന്ത്രിയുടെ ഓഫിസ് മുതൽ സ്പോർട്സ് കൗൺസിലിൽ വരെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നു വിജയികൾ പറയുന്നു.
കഴിഞ്ഞ മേയ് മാസത്തിലായിരുന്നു കായികമന്ത്രി വി.അബ്ദു റഹിമാന്റെ നേതൃത്വത്തിൽ കാസർകോട് നിന്നാരംഭിച്ച ലഹരി വിരുദ്ധ യാത്ര. എല്ലാ ജില്ലകളിലും പുലർച്ചെ മിനി മാരത്തൺ മത്സരത്തോടെയാണ് പര്യടനം ആരംഭിച്ചത്. സ്പോർട്സ് കൗൺസിലായിരുന്നു സംഘാടകർ. വനിത, പുരുഷ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ ദേശീയ താരങ്ങളടക്കം പങ്കെടുത്തു.
ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 15000, 10000, 5000 രൂപ വീതവും 4 മുതൽ 10 വരെ സ്ഥാനക്കാർക്ക് 2000 രൂപ വീതവുമായിരുന്നു സമ്മാനം പ്രഖ്യാപിച്ചിരുന്നത്. ഓരോ ജില്ലയിലും പുരുഷ–വനിത വിഭാഗങ്ങളിലായുള്ള 20 ജേതാക്കൾക്ക് 88,000 രൂപയാണ് സമ്മാനമായി നൽകേണ്ടത്. സംസ്ഥാനത്താകെ 280 ജേതാക്കൾക്കു നൽകേണ്ടത് 12.32 ലക്ഷം രൂപയും.
മത്സര ജേതാക്കൾക്ക് വേദിയിൽ ട്രോഫിക്കൊപ്പം ചെക്കിന്റെ മാതൃക മാത്രമാണ് സമ്മാനിച്ചത്. സമ്മാനത്തുക ബാങ്ക് അക്കൗണ്ടിൽ നൽകുമെന്നു പറഞ്ഞ് എല്ലാവരിൽ നിന്നും അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നപ്പോഴാണ് ഉന്നത തലങ്ങളിൽ ബന്ധപ്പെട്ടത്. ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ ബന്ധപ്പെടാൻ പറഞ്ഞെങ്കിലും അവിടെ തിരക്കുമ്പോൾ പണം ലഭ്യമായിട്ടില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
സമ്മാനത്തുകയുടെ കണക്ക് സർക്കാരിനു സമർപ്പിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ പണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി അറിയിച്ചു. ലക്ഷങ്ങൾ മുടക്കിയാണ് കായിക മന്ത്രി നയിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര എല്ലാ ജില്ലകളിലും സംഘടിപ്പിച്ചത്. പ്രാദേശിക തലത്തിൽ പരിപാലനമില്ലാതെ നശിക്കുന്ന കളിക്കളങ്ങളുടെ വീണ്ടെടുപ്പും യാത്രയുടെ ലക്ഷ്യമായി പറഞ്ഞിരുന്നു.
English Summary:









English (US) ·