ലഹരിക്കേസ്: സൂപ്പര്‍ഹിറ്റ് സംവിധായകര്‍, ഖാലിദ് പിടിയിലായത് സിനിമ തീയേറ്ററില്‍ നിറഞ്ഞോടുന്നതിനിടെ

8 months ago 8

27 April 2025, 08:07 AM IST

khalidh rahman

അഷ്റഫ് ഹംസ, ഖാലിദ് റഹ്മാൻ | Photo: Facebook:Khalid Rahman, Ashraf Hamza

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി മലയാളത്തിലെ പ്രമുഖ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ എക്സൈസ് പിടികൂടിയത് സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്നെന്ന് റിപ്പോർട്ട്. തിരക്കഥാ രചനയ്ക്കും സിനിമാ ചർച്ചകൾക്കുമായി എടുത്തിരിക്കുന്ന ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്ലാറ്റിൽ വ്യാപകമായി ലഹരി ഉപയോ​ഗവും നടക്കുന്നുണ്ടെന്നാണ് എക്സൈസ് പറയുന്നത്. സ്ഥിരമായി ഇവിടെ ആളുകൾ എത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച സൂചനകൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.

ആരാണ് ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയതെന്ന് സംബന്ധിച്ചും അന്വേഷണം പുരോ​ഗമിക്കുന്നുണ്ട്. പിടിയിലായ മൂന്ന് പേർ നൽകിയ മൊഴിയുടെ അന്വേഷണത്തിലാണ് ഇപ്പോൾ അധികൃതർ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു യുവാവ് ആണ് ഇവർക്ക് കഞ്ചാവ് നൽകിയതെന്നും സൂചനകളുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. എക്‌സൈസ് എത്തുമ്പോള്‍ ഇവര്‍ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ആലപ്പുഴ ജിംഖാന തീയേറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ചിത്രത്തിന്റെ സംവിധായകൻ പിടിയിലാകുന്നത്. വിഷു റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഖാലിദ് മുമ്പ് സംവിധാനം ചെയ്ത തല്ലുമാല, ലവ്, അനുരാ​ഗ കരിക്കിൻ വെള്ളം എന്നീ ചിത്രങ്ങളും വലിയ തോതിൽ പ്രശംസ നേടിയിരുന്നു. ബോക്സ് ഓഫീസ് വിജയത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകർ ചർച്ച ചെയ്ത സിനിമയായിരുന്നു ലവ്. അഷ്റഫ് ഹംസയുടെ തമാശ എന്ന ചിത്രവും ബോക്സ് ഓഫീസ് വിജയം നേടിയ സിനിമയാണ്.

ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ കൂടാതെ പിടിയിലായ ഷാലിഫ് മുഹമ്മദ് എന്നയാള്‍ ഇവരുടെ സുഹൃത്താണ്.

Content Highlights: Malayalam Film Directors Arrested for Drug Use

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article