‘ലഹരിക്ക് അടിമ, സീനിയർ ക്രിക്കറ്റ് താരം ചികിത്സയിൽ’: ടീമിൽനിന്നു പുറത്താക്കി ബോർഡ്, കരാർ പുതുക്കില്ല

2 months ago 2

ഓൺലൈൻ ഡെസ്‌ക്

Published: November 05, 2025 01:12 PM IST

1 minute Read

 X)
ഷോൺ വില്യംസ് (Photo: X)

ഹരാരെ ∙ സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷോൺ വില്യംസ് ലഹരി ഉപയോഗത്തെ തുടർന്നു ടീമിൽനിന്നു പുറത്ത്. ലഹരിമരുന്നിന് അടിമയാണെന്നും പുനരധിവാസ കേന്ദ്രത്തിലേക്കു മാറിയെന്ന് ഷോൺ വില്യംസ് തന്നെ വെളിപ്പെടുത്തിയിരുന്നു. താരത്തെ ടീമിൽനിന്നു പുറത്താക്കിയെന്നും അദ്ദേഹവുമായുള്ള കരാർ പുതുക്കില്ലെന്നും സിംബാബ്‌വെ ക്രിക്കറ്റ് അറിയിച്ചത്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറിൽ, സിംബാബ്‌‍വെയ്ക്കു വേണ്ടി വിവിധ ഫോർമാറ്റുകളിലായി 273 മത്സരങ്ങളിലേറെ കളിച്ച താരമാണ് 39 വയസ്സുകാരനായ ഷോൺ വില്യംസ്.

ട്വന്റി20 ലോകകപ്പ് ആഫ്രിക്ക യോഗ്യതാ മത്സരങ്ങൾക്കു തൊട്ടുമുൻപ് വില്യംസ് ദേശീയ ടീമിൽ നിന്ന് പിന്മാറിയിരുന്നു. മത്സരദിനത്തിന്റെ തലേന്നാണ് താരം പിന്മാറിയത്. തുടക്കത്തിൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു പിന്മാറ്റം. ഇതിനെത്തുടർന്നു സിംബാബ്‌വെ ക്രിക്കറ്റ് നടത്തിയ അഭ്യാന്തര അന്വേഷണത്തിനൊടുവിലാണ് ലഹരിമരുന്ന് ഉപയോഗം വില്യംസ് സമ്മതിച്ചത്. പുനരധിവാസ കേന്ദ്രത്തിലേക്കു മാറിയെന്നും താരം വ്യക്തമാക്കി.

‘‘കരാറിലേർപ്പെട്ടിരിക്കുന്ന എല്ലാ താരങ്ങളും ഉയർന്ന പ്രഫഷനലിസവും അച്ചടക്കവും ടീം പ്രോട്ടോക്കോളുകളും ഉത്തേജക വിരുദ്ധ ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്ന് സിംബാബ്‌വെ ക്രിക്കറ്റ് പ്രതീക്ഷിക്കുന്നു. സ്വയം പുനരധിവാസം തേടിയതിനു ഞങ്ങൾ അദ്ദേഹത്തെ അഭിനന്ദിക്കുന്നെങ്കിലും ടീം ചുമതലകളിൽ നിന്ന് പിന്മാറുന്നത് പ്രഫഷനൽ, ധാർമിക മാനദണ്ഡങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു.’’– സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

2005ലാണ് ഷോൺ വില്യംസ് സിംബാബ്‍വെ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 164 ഏകദിന മത്സരങ്ങളിൽനിന്ന് എട്ടു സെഞ്ചറിയും 37 അർധസെഞ്ചറിയും ഉൾപ്പെടെ 37.53 ശരാശരിയിൽ 5217 റൺസ് നേടിയിട്ടുണ്ട്. 24 ടെസ്റ്റ് മത്സരങ്ങളും 84 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈ വർഷമാദ്യം, രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം സജീവമായി നിലനിന്ന താരങ്ങളിൽ, ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സനെ ഷോൺ വില്യംസ് മറികടന്നിരുന്നു.

കരിയറിൽ ഉടനീളം, പലപ്പോഴായി സിംബാബ്‌വെ ക്രിക്കറ്റ് ബോർഡുമായി ഷോൺ വില്യംസ് ഉടക്കിയിരുന്നു. 2006ൽ ശ്രീലങ്കയിൽ നടന്ന ലോകകപ്പിൽ സിംബാബ്‌വെയുടെ അണ്ടർ-19 ടീമിനെ നയിച്ച ശേഷം, ബോർഡുമായി കരാറിലേർപ്പെടാൻ താരം വിസമ്മതിച്ചു. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം തീരുമാനം മാറ്റി. 2008ൽ ദക്ഷിണാഫ്രിക്കയിലേക്ക് പോയപ്പോഴും സമാനമായ തർക്കങ്ങൾ  ഉയർന്നുവന്നു. പിന്നീട് വീണ്ടും തിരിച്ചുവരവ് നടത്തി. 2014ൽ, പരിശീലന ക്യാംപിലുൾപ്പെടെ കൃത്യമായി പങ്കെടുക്കാതിരുന്നതിന് വില്യംസിനെ ബംഗ്ലദേശ് പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

English Summary:

Sean Williams suspended from Zimbabwe cricket squad owed to cause use. He admitted to substance maltreatment and entered rehabilitation, starring to the termination of his declaration and raising concerns astir nonrecreational standards.

Read Entire Article