ലഹോറിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ വംശജൻ, മുത്തുസാമിക്ക് ആറു വിക്കറ്റ്, മറുപടിയിൽ തിളങ്ങാനാകാതെ ദക്ഷിണാഫ്രിക്ക

3 months ago 4

ഓൺലൈൻ ഡെസ്ക്

Published: October 13, 2025 07:35 PM IST

1 minute Read

 AAMIR QURESHI / AFP
പാക്ക് ബാറ്റർ സാജിദ് ഖാൻ പുറത്തായപ്പോൾ സെനുരൻ മുത്തുസാമിയുടെ ആഹ്ലാദം. Photo: AAMIR QURESHI / AFP

ലഹോർ∙ ഇന്ത്യൻ വംശജനായ ദക്ഷിണാഫ്രിക്കൻ സ്പിന്നർ സെനുരന്‍ മുത്തുസാമിയുടെ ആറു വിക്കറ്റ് പ്രകടനത്തിൽ, പാക്കിസ്ഥാൻ മധ്യനിരയും വാലറ്റവും തകർന്നുവീണു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം 110.4 ഓവറിൽ 378 റൺസെടുത്താണു പാക്കിസ്ഥാന്‍ ഓൾഔട്ടായത്. 32 ഓവറുകൾ പന്തെറിഞ്ഞ മുത്തുസാമി 117 റൺസ് വഴങ്ങിയാണ് ആറു വിക്കറ്റുകൾ വീഴ്ത്തിയത്. ഇമാം ഉൾ ഹഖ് (153 പന്തിൽ 93), സൗദ് ഷക്കീൽ (പൂജ്യം), മുഹമ്മദ് റിസ്‍വാൻ (140 പന്തിൽ 75), സൽമാൻ ആഗ (145 പന്തിൽ 93), നൊമൻ അലി (പൂജ്യം), സാജിദ് ഖാൻ (പൂജ്യം), ഷഹീൻ അഫ്രീദി (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ഇന്നിങ്സിൽ മുത്തുസാമി വീഴ്ത്തിയത്.

മുത്തുസാമി എറിഞ്ഞ 102–ാം ഓവറിൽ റണ്ണൊന്നും വഴങ്ങാതെ മൂന്നു വിക്കറ്റുകളാണു താരം വീഴ്ത്തിയത്. ഇതോടെ 362ന് ആറെന്ന നിലയിൽനിന്ന് 362ന് എട്ട് എന്ന മോശം അവസ്ഥയിലേക്കു പാക്കിസ്ഥാൻ വീണു. മുഹമ്മദ് റിസ്‍വാനും സൽമാൻ ആഗയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി നിൽക്കുമ്പോഴാണ്, അപ്രതീക്ഷിതമായി മുത്തുസാമിയുടെ പന്തുകളിൽ പാക്കിസ്ഥാൻ കറങ്ങിവീണത്.

മറുപടി ബാറ്റിങ്ങിൽ രണ്ടാം ദിവസം കളി നിർത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന നിലയിലാണു ദക്ഷിണാഫ്രിക്ക. ലീഡെടുക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി 162 റൺസ് കൂടി വേണം. അർധ സെഞ്ചറി നേടിയ ടോണി ഡെ സോർസിയും (140 പന്തിൽ 81), സെനുരൻ മുത്തുസാമിയുമാണ് (19 പന്തിൽ ആറ്) പുറത്താകാതെ നിൽക്കുന്നത്. ഓപ്പണര്‍ റയാൻ റിക്കിൾട്ടൻ(137 പന്തുകളിൽ 71) അർധ സെഞ്ചറി നേടി പുറത്തായി.

ടെസ്റ്റിൽ അഞ്ച് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള മുത്തുസാമി 11 വിക്കറ്റുകളാണ് ലഹോർ ടെസ്റ്റിനു മുൻപ് ദക്ഷിണാഫ്രിക്കയ്ക്കായി സ്വന്തമാക്കിയിട്ടുള്ളത്. 2019ൽ ഇന്ത്യയ്ക്കെതിരെ വിശാഖപട്ടണത്താണ് മുത്തുസാമി രാജ്യാന്തര അരങ്ങേറ്റം നടത്തുന്നത്. വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്തിയാണ് താരം ടെസ്റ്റ് കരിയർ തുടങ്ങിയത്. ഏകദിനത്തിൽ ആറും ട്വന്റി20യിൽ അഞ്ചും വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

English Summary:

Pakistan vs South Africa First Test, Day Two Updates

Read Entire Article