ലാറയുടെ 400 മറികടക്കാൻ അവസരം, 367ൽ ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ; അസാധാരണ നീക്കത്തിനു പിന്നിലെന്ത്?

6 months ago 7

മനോരമ ലേഖകൻ

Published: July 08 , 2025 12:47 AM IST Updated: July 08, 2025 09:26 AM IST

1 minute Read

വിയാൻ മൾഡർ (Photo by TANVIN TAMIM / AFP)
വിയാൻ മൾഡർ (Photo by TANVIN TAMIM / AFP)

ബുലവായോ ∙ 3 ദിവസവും ഒരു സെഷനും ബാക്കി; എന്നിട്ടും ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് മറികടക്കാനുള്ള സുവർണാവസരം വേണ്ടെന്നുവച്ച് ദക്ഷിണാഫ്രിക്കൻ നായകൻ വിയാൻ മൾഡർ. നാനൂറ് റൺസ് പൂർത്തിയാക്കാൻ 33 റൺസ് മാത്രം അകലെ മൾഡർ ഇന്നിങ്സ് മതിയാക്കിയ അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം.

സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 334 പന്തി‍ൽ 4 സിക്സും 49 ഫോറുമടക്കം വ്യക്തിഗത സ്കോർ 367ൽ നിൽക്കെയാണ്, ഇന്നിങ്സ് ഡിക്ലയർ ചെയ്ത് മൾഡർ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ (400) റെക്കോർഡ് മറികടക്കാനുള്ള സുവർണാവസരമാണ് ആ തീരുമാനത്തിലൂടെ മൾഡർ നഷ്ടപ്പെടുത്തിയത്. 5ന് 626 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്കൻ ആ സമയം. 42 റൺസുമായി കൈൽ വെറെയ്നാണ് മൾഡർക്കൊപ്പം ക്രീസിൽ ഉണ്ടായിരുന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ ഒന്നാം ഇന്നിങ്സിൽ 170ന് പുറത്തായി. രണ്ടു വിക്കറ്റ് വീഴ്ത്തി മൾഡർ ബോളിങ്ങിലും തിളങ്ങി. 

‘ആവശ്യത്തിനുള്ള റൺസ് ഞങ്ങൾ നേടി കഴിഞ്ഞതിനാൽ ഇനി ബൗൾ ചെയ്യാമെന്നാണ് ചിന്തിച്ചത്. രണ്ടാമതായി ബ്രയാൻ ലാറ ഒരു ഇതിഹാസമാണ്. അദ്ദേഹം ആ റെക്കോഡ് സ്വന്തമാക്കിയത് ഇംഗ്ലണ്ടിനെതിരെയാണ്. അദ്ദേഹത്തെ പോലെ ഔന്നത്യത്തിലുള്ള ഒരാൾക്ക് ആ റെക്കോഡ് നിലനിർത്തുകയെന്നത് വളരെ പ്രത്യേകതയുള്ളതാണ്‌. വീണ്ടും അവസരം ലഭിച്ചാൽ അപ്പോഴും ഞാൻ ഇതു തന്നെയാവും ചെയ്യുക. പരിശീലകൻ ഷുക്രി കോൺറാഡുമായി ആശയവിനിമയം നടത്തിയപ്പോൾ വലിയ സ്കോറുകൾ ഇതിഹാസങ്ങളുടെ പേരിൽ നിലനിൽക്കട്ടെ എന്നാണ് അദ്ദേഹവും പറഞ്ഞത്.’ – മള്‍ഡര്‍ പ്രതികരിച്ചു.

ടെസ്റ്റിലെ വേഗമേറിയ രണ്ടാം ട്രിപ്പിൾ സെഞ്ചറി, ടെസ്റ്റ് ക്രിക്കറ്റിൽ നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരം, ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ട്രിപ്പിള്‍ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകൻ, ടെസ്റ്റ് ഇന്നിങ്സിലെ ഉയർന്ന അഞ്ചാമത്തെ വ്യക്തിഗത സ്കോർ, ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടുന്ന രണ്ടാമത്തെ താരം, ടെസ്റ്റില്‍ ട്രിപ്പിള്‍ നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരം, ടെസ്റ്റില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍, ഒരു ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന വ്യക്തിഗത ടെസ്റ്റ് സ്‌കോര്‍, സിംബാബ്‌വെയിൽ ട്രിപ്പിൾ സെഞ്ചറി നേടുന്ന ആദ്യ താരം എന്നിങ്ങനെ ഒരുപിടി റെക്കോർഡുകൾ മത്സരത്തിൽ മൾഡർ സ്വന്തമാക്കി. താൽക്കാലിക ക്യാപ്റ്റൻ കേശവ് മഹാരാജ് ആദ്യ ടെസ്റ്റിനിടെ പരുക്കേറ്റു പുറത്തായതോടെയായിരുന്നു രണ്ടാം ടെസ്റ്റിൽ ഇരുപത്തിയേഴുകാരൻ മൾഡറിന് നായകന്റെ ചുമതല ലഭിച്ചത്.

English Summary:

Brian Lara's Test record: Why did South Africa skipper Wiaan Mulder state connected 367, conscionable 33 runs abbreviated of Brian Lara's Test record?

Read Entire Article