
Photo: x.com/ProteasMenCSA/
ബുലവായോ (സിംബാബ്‌വെ): ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്കായി ട്രിപ്പിള്‍ സെഞ്ചുറി നേടി വിയാന്‍ മള്‍ഡര്‍. ബുലവായോയിലെ ക്വീന്‍സ് സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിലായിരുന്നു മള്‍ഡറിന്റെ ഈ റെക്കോഡ് ഇന്നിങ്‌സ്. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 297 പന്തില്‍ നിന്ന് 300 തികച്ച താരം ടെസ്റ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി. 2008-ല്‍ ചെന്നൈയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 278 പന്തില്‍ നിന്ന് 300 തികച്ച ഇന്ത്യയുടെ വീരേന്ദര്‍ സെവാഗിന്റെ പേരിലാണ് വേഗമേറിയ ട്രിപ്പിള്‍ സെഞ്ചുറിയുടെ റെക്കോഡ്.
334 പന്തില്‍ നിന്ന് നാല് സിക്‌സും 49 ഫോറുമടക്കം 367 റണ്‍സെടുത്തു നില്‍ക്കേ പക്ഷേ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മള്‍ഡര്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ 400* റണ്‍സെന്ന റെക്കോഡ് വ്യക്തിഗത സ്‌കോര്‍ മറികടക്കാന്‍ 34 റണ്‍സ് മാത്രം വേണ്ട ഘട്ടത്തിലായിരുന്നു ഏവരേയും ഞെട്ടിച്ച ഡിക്ലറേഷന്‍.
ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും മള്‍ഡറിന് സ്വന്തമായി. ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ഇനി മള്‍ഡറിനാണ്, 1969-ല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്ത്യയ്‌ക്കെതിരേ 239 റണ്‍സെടുത്ത ന്യൂസീലന്‍ഡിന്റെ ഗ്രഹാം ഡൗളിങ്ങിന്റെ റെക്കോഡാണ് താരം മറികടന്നത്.
ടെസ്റ്റില്‍ ട്രിപ്പിള്‍ നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാണ് മള്‍ഡര്‍. 2012-ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരേ 311 റണ്‍സെടുത്ത ഹാഷിം അലയാണ് ആദ്യത്തെയാള്‍. ടെസ്റ്റില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും മള്‍ഡര്‍ സ്വന്തം പേരിലാക്കി. ഒരു ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന വ്യക്തിഗത ടെസ്റ്റ് സ്‌കോര്‍ കൂടിയാണിത്. 2003-ല്‍ ഇംഗ്ലണ്ടിനെതിരേ 277 റണ്‍സടിച്ച ഗ്രെയിം സ്മിത്തിന്റെ നേട്ടമാണ് മള്‍ഡര്‍ മറികടന്നത്.
ട്രിപ്പിള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ കൂടിയാണ് മള്‍ഡര്‍. 27 വര്‍ഷവും 138 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ട്രിപ്പിള്‍ നേട്ടം. 1964-ല്‍ ഇംഗ്ലണ്ടിനെതിരേ 311 റണ്‍സ് നേടിയ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ബോബ് സിംപ്‌സന്റെ റെക്കോഡാണ് 61 വര്‍ഷത്തിനു ശേഷം മള്‍ഡര്‍ തിരുത്തിയെഴുതിയിരിക്കുന്നത്. 28 വര്‍ഷവും 171 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ബോബ് സിംപ്‌സന്റെ നേട്ടം.
Content Highlights: Wiaan Mulder scores a triple period successful his debut Test arsenic captain, falling conscionable 34 runs short








English (US) ·