
Photo: x.com/ICC, Getty Images
ബുലവായോ (സിംബാബ്‌വെ): ഒരു അസാധാരണ ഡിക്ലറേഷന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. നായകന്‍ ദക്ഷിണാഫ്രിക്കയുടെ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിയാന്‍ മള്‍ഡര്‍. ബുലവായോയിലെ ക്വന്‍സ് സ്‌പോര്‍ട് ക്ലബ്ബ് സ്‌റ്റേഡിയത്തില്‍ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 367* റണ്‍സുമായി പുറത്താകാതെ നില്‍ക്കവെയാണ് മള്‍ഡര്‍ ആ അസാധാരണ തീരുമാനം എടുക്കുന്നത്. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുക. 334 പന്തില്‍ നിന്ന് നാലു സിക്‌സും 49 ഫോറുമടക്കം 367* റണ്‍സില്‍ നില്‍ക്കുകയായിരുന്നു മള്‍ഡര്‍ അപ്പോള്‍. ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ അഞ്ചിന് 626. മൂന്ന് മുഴുവന്‍ ദിനങ്ങള്‍ ശേഷിക്കേ വെസ്റ്റിന്‍ഡീസ് ഇതിഹാസം സാക്ഷാല്‍ ബ്രയാന്‍ ലാറയുടെ 400* റണ്‍സെന്ന ടെസ്റ്റ് റെക്കോഡ് തകര്‍ക്കാന്‍ വെറും 34 റണ്‍സ് മാത്രം അകലെ നില്‍ക്കെയായിരുന്നു മള്‍ഡറുടെ ഈ തീരുമാനം.
ഈ മാരത്തണ്‍ ഇന്നിങ്‌സിനിടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒരുപിടി റെക്കോഡുകളും മള്‍ഡര്‍ സ്വന്തം പേരില്‍ ചേര്‍ത്തു. ടെസ്റ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറി, ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ചരിത്രത്തിലെ ആദ്യ താരം, ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ടെസ്റ്റില്‍ ട്രിപ്പിള്‍ നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരം, ടെസ്റ്റില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍, ഒരു ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന വ്യക്തിഗത ടെസ്റ്റ് സ്‌കോര്‍, ട്രിപ്പിള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ തുടങ്ങിയ റെക്കോഡുകളെല്ലാം ഇതിനോടകം മള്‍ഡര്‍ സ്വന്തം പേരിലാക്കിയിരുന്നു. ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും വലിയ ഒരു റെക്കോഡ് വെറും 34 റണ്‍സകലെ നില്‍ക്കേ അത് വേണ്ടെന്നുവെയ്ക്കാനുള്ള മള്‍ഡറുടെ തീരുമാനത്തില്‍ ക്രിക്കറ്റ് ലോകം രണ്ട് തട്ടിലാണ്.
ഡിക്ലറേഷന്‍ തീരുമാനത്തില്‍ മള്‍ഡറെ വിമര്‍ശിക്കുന്നവരാണ് മിക്കയാളുകളും. കയ്യകലത്ത് ഒരു ചരിത്ര നേട്ടം ഉണ്ടായിരുന്നിട്ടും അതിന് ശ്രമിക്കാതിരുന്ന തീരുമാനം മണ്ടത്തരമായിപ്പോയെന്ന് ഇക്കൂട്ടര്‍ പറയുന്നു. 2004 ഏപ്രില്‍ 12-ന് ഇംഗ്ലണ്ടിനെതിരേ ലാറ 400 റണ്‍സ് നേടിയത് ഡിക്ലറേഷന്‍ നീട്ടിക്കൊണ്ടുപോയിട്ടാണെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. അതും സിംബാബ്‌വെയെ പോലൊരു എതിരാളിക്കെതിരേ ഡിക്ലറേഷന്‍ വൈകിയിരുന്നെങ്കിലും അത് മത്സര ഫലത്തെ യാതൊരു വിധത്തിലും സ്വാധീനിക്കുമായിരുന്നില്ലെന്നും അവര്‍ പറയുന്നു. 2003-ല്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍ 380 റണ്‍സടിച്ചതും സിംബാബ്‌വെയ്‌ക്കെതിരേ തന്നെയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു 34 റണ്‍സ് കൂടി നേടാന്‍ എത്ര സമയം വേണ്ടിവരുമായിരുന്നുവെന്നും അതിനായി എടുക്കുന്ന സമയം ടെസ്റ്റ് ഫലത്തെ എങ്ങനെ മാറ്റിമറിക്കുമെന്നും വിമര്‍ശന മുനയോടെ ഒരു വിഭാഗം ചോദിക്കുന്നു. ക്രിക്കറ്റില്‍ കുറച്ചൊക്കെ സ്വാര്‍ഥതയാകാമെന്നും മള്‍ഡറോട് ഇക്കൂട്ടര്‍ പറയുന്നു.
എന്നാല്‍ ലാറയോടുള്ള ബഹുമാനാര്‍ഥമാണ് മള്‍ഡര്‍ ആ റെക്കോഡ് തിരുത്താനായി ശ്രമിക്കാതിരുന്നതെന്നാണ് തീരുമാനത്തില്‍ മള്‍ഡറെ പിന്തുണയ്ക്കുന്നവരുടെ പക്ഷം. സിംബാബ്‌വെ പോലൊരു ടീമിനെതിരേ ലോക റെക്കോഡ് സ്വന്തമാക്കാന്‍ മള്‍ഡര്‍ ആഗ്രഹിച്ചിട്ടുണ്ടാകില്ലെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തിഗത നേട്ടത്തേക്കാള്‍ ടീമിന് മുന്‍ഗണന നല്‍കിയാണ് താരം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മള്‍ഡര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ടെസ്റ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഉയര്‍ന്ന സ്‌കോറാണ് മള്‍ഡറുടെ 367 റണ്‍സ്. ലാറയെ കൂടാതെ ശ്രീലങ്കയുടെ മഹേള ജയവര്‍ധനെ, മാത്യു ഹെയ്ഡന്‍ എന്നിവരാണ് മള്‍ഡര്‍ക്കു മുന്നിലുള്ളത്. പട്ടികയില്‍ ആദ്യ അഞ്ചില്‍ രണ്ട് സ്‌കോറുകള്‍ (400*, 375) ലാറയുടേതാണ്.
ലാറയുടെ 400
2004 ഏപ്രില്‍ 12-നായിരുന്നു ലാറ 400 റണ്‍സെന്ന മാന്ത്രിക സംഖ്യ തൊട്ടത്. പ്രായം 35-നോട് അടുത്ത കരിയറിന്റെ അവസാന നാളുകളിലായിരുന്ന ഒരു താരത്തില്‍ നിന്ന് അത്തരമൊരു ഇന്നിങ്സ് അന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. 1994-ല്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോറായ 375 റണ്‍സ് നേടിയ അതേ ആന്റിഗ്വ സെന്റ് ജോണ്‍സ് പാര്‍ക്കില്‍ ഇംഗ്ലണ്ടിനെതിരേ തന്നെയായിരുന്നു ലാറയുടെ ആ ഇന്നിങ്സ്. മാസങ്ങള്‍ക്കു മുമ്പ് സിംബാബ്വെയ്ക്കെതിരേ 380 റണ്‍സെടുത്ത് തന്റെ റെക്കോഡ് സ്വന്തമാക്കിയ ഓസീസ് താരം മാത്യു ഹെയ്ഡനുള്ള മറുപടികൂടിയായിരുന്നു ആ ഇന്നിങ്സ്. അഞ്ചിന് 751 എന്ന സ്‌കോറില്‍ വിന്‍ഡീസ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 778 മിനിറ്റ് ക്രീസില്‍ നിന്ന് 582 പന്തുകളില്‍ 43 ബൗണ്ടറികളും നാലു സിക്സുമായി 400 റണ്‍സോടെ ട്രിനിഡാഡിന്റെ ആ രാജകുമാരന്‍ അജയ്യനായി നിന്നു.
Content Highlights: Wiaan Mulder's stunning declaration astatine 367* stuns cricket, leaving Lara`s grounds untouched








English (US) ·