
Photo: x.com/ICC, Getty Images
ബുലവായോ (സിംബാബ്‌വെ): ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോഡ് മറികടക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞത് പരിശീലകന്‍ ഷുക്രി കൊണ്‍റാഡാണെന്ന് തുറന്നുപറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ താരം വിയാന്‍ മുള്‍ഡര്‍. മത്സരത്തിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ പരിശീലകനുമായി സംസാരിച്ചെന്നും ഇതിഹാസങ്ങളുടെ റെക്കോഡ് അങ്ങനെ തുടരട്ടേയെന്ന് അദ്ദേഹം നിര്‍ദേശിച്ചതായും മുള്‍ഡര്‍ വെളിപ്പെടുത്തി. ബ്രയാൻ ലാറയുടെ 400 റൺസെന്ന ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ മറികടക്കാൻ അവസരമുണ്ടായിട്ടും താത്‌കാലിക ക്യാപ്റ്റൻകൂടിയായ മുൾഡർ ഇന്നിങ്‌സ് ഡിക്ലയർചെയ്യുകയായിരുന്നു. 334 പന്തിൽ പുറത്താകാതെ 367 റൺസാണ് ഇന്നിങ്‌സ് അവസാനിപ്പിക്കുമ്പോൾ മുൾഡർ നേടിയിരുന്നത്. സിംബാബ്‌വേക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലായിരുന്നു തകർപ്പൻ ട്രിപ്പിൾ സെഞ്ചുറി പ്രകടനം. ദക്ഷിണാഫ്രിക്ക ആറിന് 626 റൺസെന്നനിലയിലാണ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്.
'ഞാൻ പരിശീലകൻ ഷുക്രി കോൺറാഡുമായി സംസാരിച്ചിരുന്നു. വലിയ സ്കോറുകൾ ഇതിഹാസങ്ങൾ തന്നെ നിലനിർത്തട്ടെയെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എനിക്കായി എന്താണ് നിശ്ചയിച്ചിരിക്കുന്നതെന്ന് അറിയില്ല. പക്ഷെ ബ്രയാൻ ലാറ ആ റെക്കോഡ് നിലനിർത്തുന്നതാണ് ഏറ്റവും ശരി.' - മുൾഡർ പറഞ്ഞു.
തങ്ങൾ മികച്ച സ്കോർ സ്വന്തമാക്കിയെന്നും ഇനി ബൗൾ ചെയ്യാമെന്ന് കരുതിയതായും മുൾഡർ കൂട്ടിച്ചേർത്തു. ബ്രയാൻ ലാറ ഒരു ഇതിഹാസമാണ്. അദ്ദേഹം ഇംഗ്ലണ്ടിനെതിരെ 400 റൺസ് നേടി. അങ്ങനെയുള്ള ഒരു വ്യക്തി ആ റെക്കോഡ് നിലനിർത്തുന്നത് തന്നെ പ്രത്യേകത നിറഞ്ഞതാണ്. വീണ്ടും അവസരം ലഭിക്കുകയാണെങ്കിലും ഞാൻ ഇങ്ങനെ തന്നെയാണ് ചെയ്യുക. - മുൾഡർ പറഞ്ഞു.
ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും വലിയ ഒരു റെക്കോഡ് വെറും 34 റണ്‍സകലെ നില്‍ക്കേ അത് വേണ്ടെന്നുവെയ്ക്കാനുള്ള മള്‍ഡറുടെ തീരുമാനത്തില്‍ ക്രിക്കറ്റ് ലോകം രണ്ട് തട്ടിലാണ്. ഡിക്ലറേഷന്‍ തീരുമാനത്തില്‍ മള്‍ഡറെ വിമര്‍ശിക്കുന്നവരാണ് മിക്കയാളുകളും. കയ്യകലത്ത് ഒരു ചരിത്ര നേട്ടം ഉണ്ടായിരുന്നിട്ടും അതിന് ശ്രമിക്കാതിരുന്ന തീരുമാനം മണ്ടത്തരമായിപ്പോയെന്ന് ഇക്കൂട്ടര്‍ പറയുന്നു. 2004 ഏപ്രില്‍ 12-ന് ഇംഗ്ലണ്ടിനെതിരേ ലാറ 400 റണ്‍സ് നേടിയത് ഡിക്ലറേഷന്‍ നീട്ടിക്കൊണ്ടുപോയിട്ടാണെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. അതും സിംബാബ്‌വെയെ പോലൊരു എതിരാളിക്കെതിരേ ഡിക്ലറേഷന്‍ വൈകിയിരുന്നെങ്കിലും അത് മത്സര ഫലത്തെ യാതൊരു വിധത്തിലും സ്വാധീനിക്കുമായിരുന്നില്ലെന്നും അവര്‍ പറയുന്നു. 2003-ല്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍ 380 റണ്‍സടിച്ചതും സിംബാബ്‌വെയ്‌ക്കെതിരേ തന്നെയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു 34 റണ്‍സ് കൂടി നേടാന്‍ എത്ര സമയം വേണ്ടിവരുമായിരുന്നുവെന്നും അതിനായി എടുക്കുന്ന സമയം ടെസ്റ്റ് ഫലത്തെ എങ്ങനെ മാറ്റിമറിക്കുമെന്നും വിമര്‍ശന മുനയോടെ ഒരു വിഭാഗം ചോദിക്കുന്നു. ക്രിക്കറ്റില്‍ കുറച്ചൊക്കെ സ്വാര്‍ഥതയാകാമെന്നും മള്‍ഡറോട് ഇക്കൂട്ടര്‍ പറയുന്നു.
എന്നാല്‍ ലാറയോടുള്ള ബഹുമാനാര്‍ഥമാണ് മള്‍ഡര്‍ ആ റെക്കോഡ് തിരുത്താനായി ശ്രമിക്കാതിരുന്നതെന്നാണ് തീരുമാനത്തില്‍ മള്‍ഡറെ പിന്തുണയ്ക്കുന്നവരുടെ പക്ഷം. സിംബാബ്‌വെ പോലൊരു ടീമിനെതിരേ ലോക റെക്കോഡ് സ്വന്തമാക്കാന്‍ മള്‍ഡര്‍ ആഗ്രഹിച്ചിട്ടുണ്ടാകില്ലെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തിഗത നേട്ടത്തേക്കാള്‍ ടീമിന് മുന്‍ഗണന നല്‍കിയാണ് താരം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതെന്നും ഇവര്‍ പറയുന്നു.
ടെസ്റ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഉയര്‍ന്ന സ്‌കോറാണ് മള്‍ഡറുടെ 367 റണ്‍സ്. ലാറയെ കൂടാതെ ശ്രീലങ്കയുടെ മഹേള ജയവര്‍ധനെ, മാത്യു ഹെയ്ഡന്‍ എന്നിവരാണ് മള്‍ഡര്‍ക്കു മുന്നിലുള്ളത്. പട്ടികയില്‍ ആദ്യ അഞ്ചില്‍ രണ്ട് സ്‌കോറുകള്‍ (400*, 375) ലാറയുടേതാണ്. 2004 ഏപ്രില്‍ 12-നായിരുന്നു ലാറ 400 റണ്‍സെന്ന മാന്ത്രിക സംഖ്യ തൊട്ടത്.
ഈ മാരത്തണ്‍ ഇന്നിങ്‌സിനിടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒരുപിടി റെക്കോഡുകളും മള്‍ഡര്‍ സ്വന്തം പേരില്‍ ചേര്‍ത്തു. ടെസ്റ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറി, ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ചരിത്രത്തിലെ ആദ്യ താരം, ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ടെസ്റ്റില്‍ ട്രിപ്പിള്‍ നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരം, ടെസ്റ്റില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍, ഒരു ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന വ്യക്തിഗത ടെസ്റ്റ് സ്‌കോര്‍, ട്രിപ്പിള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ തുടങ്ങിയ റെക്കോഡുകളെല്ലാം ഇതിനോടകം മള്‍ഡര്‍ സ്വന്തം പേരിലാക്കിയിരുന്നു.
Content Highlights: outh Africa manager stopped Wiaan Mulder from scoring 400 and breaking Brian Laras satellite record








English (US) ·