'ലാലേട്ടൻ പറഞ്ഞു: നിങ്ങളുടെ അച്ഛന്മാരുടെ കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ നിങ്ങളുടെ കൂടെയും'

8 months ago 9

15 May 2025, 05:56 PM IST

rani sarran mohanlal shobi thilakan binu pappu

റാണി ശരൺ, മോഹൻലാൽ, ഷോബി തിലകൻ, ബിനു പപ്പു (റാണി ശരൺ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം) | Photo: Facebook/ Rani Sarran

'തുടരും' ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടി റാണി ശരണ്‍. ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് റാണി സന്തോഷം അറിയിച്ചത്. മോഹന്‍ലാല്‍, ഷോബി തിലകന്‍, ബിനു പപ്പു എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് റാണി പങ്കുവെച്ചത്. റാണി അടക്കമുള്ള താരങ്ങളുടെ അച്ഛന്മാര്‍ക്കൊപ്പം താന്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അവരുടെ മക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നുവെന്നും അതൊരുഭാഗ്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞതായി റാണി ശരണ്‍ കുറിച്ചു. പഴയകാല നടന്‍ മഞ്ചേരി ചന്ദ്രന്‍ മകളാണ് റാണി ശരണ്‍. 'തുടരും' ചിത്രത്തില്‍ മണിയന്‍ എന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷമാണ് റാണി ശരണ്‍ അവതരിപ്പിച്ചത്.

റാണി ശരണിന്റെ കുറിപ്പില്‍നിന്ന്:
ചില നിമിഷങ്ങളിലൂടെ കടന്നു പോവുമ്പോള്‍ അത് സ്വപ്‌നമാണോ ജീവിതമാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസപ്പെടും. 'തുടരും' സിനിമയുടെ ഭാഗമാവുമെന്നോ ഇങ്ങനെ ഒരു നിമിഷം സ്വന്തമാവുമെന്നോ സ്വപ്‌നം കണ്ടിരുന്നില്ല. പ്രതീക്ഷിക്കാതെയാണ് മണിയന്റെ അമ്മയാവാന്‍ രഞ്ജിത്തേട്ടന്റെ കോള്‍ വന്നത്. Yes പറയാന്‍ കൂടുതല്‍ ആലോചിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ലൊക്കേഷനില്‍ പോയി തരുണ്‍ ബ്രീഫ് ചെയ്യുന്ന വരെയും ലാലേട്ടന്റെ കോംബിനേഷന്‍ ആണെന്ന് പോലും അറിയില്ലായിരുന്നു. കൂടെ അച്ഛന്റെ സുഹൃത്തായിരുന്ന തിലകന്‍ അങ്കിളിന്റെ മകനും എനിക്കും ഏട്ടനും മൂത്ത ചേട്ടനുമായ ഷോബി ചേട്ടന്‍. പിന്നെ അച്ഛന് പ്രിയപ്പെട്ട പപ്പു അങ്കിളിന്റെ മോന്‍ ബിനു. എല്ലാം കൊണ്ടും അതി മധുരം.

ഞങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് വരുമ്പോള്‍ ലാലേട്ടന്‍ കാറില്‍ പുറത്തേക്ക് പോവുന്ന ഷോട്ട് ആണ്. അതിന് ഗേറ്റില്‍ റെഡി ആയി നില്‍ക്കുന്നു. അപ്പോ ഷോബി ചേട്ടന്‍ എന്നോട് പറഞ്ഞു, ലാലേട്ടന്‍ ബിനുവിനോടു നമ്മളെക്കുറിച്ചാണെന് തോന്നുന്നു പറയുന്നത്. ഷോട്ടിനൊടുവില്‍ ചേട്ടന്‍ ബിനുവിനോട് ലാലേട്ടന്‍ എന്താ പറഞ്ഞതെന്ന് ചോദിച്ചു. 'നിങ്ങളുടെ ഒക്കെ അച്ഛന്മാരുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ മക്കളുടെ കൂടെയും. വല്ലാത്ത സന്തോഷം തോന്നുന്നു' എന്നാണെന്ന് പറഞ്ഞു. അപ്പോഴാണ് ഞങ്ങളും അതോര്‍ത്തത്. അപ്പോഴേക്കും അടുത്തെത്തിയ ലാലേട്ടന്‍ അതൊരു ഭാഗ്യമല്ലേ ഇങ്ങനെ സാധിച്ചത് എന്ന് ചോദിച്ചു. 'അതെ ലാലേട്ടാ, അത് ഞങ്ങളുടെ ഭാഗ്യമാണ്' എന്ന് പറഞ്ഞു ഞാന്‍. ഉടന്‍ രഞ്ജിത്തേട്ടനോട് ചോദിച്ചു ഞങ്ങള്‍ ഒരുമിച്ച് ഒരു ഫോട്ടോ തരാമോ എന്ന്. രഞ്ജിത്തേട്ടന്‍ ലാലേട്ടനോട് 'റാണി പറയുന്നു അവര്‍ മൂന്നു പേരും ലാലേട്ടനും കൂടി ഒരു ഫോട്ടോ വേണമെന്ന്' എന്ന് പറഞ്ഞതും 'അതൊരു നല്ല കാര്യമല്ലേ വരൂ നമുക്ക് ഫോട്ടോ എടുക്കാം' എന്ന് പറഞ്ഞ് എടുത്ത ഫോട്ടോ ആണിത്. ഇനി മുന്നോട്ടുള്ള കാലം കാത്തു വെക്കുന്നത് എന്ത് തന്നെയായാലും ഇത് അതി മധുരമായി തന്നെ തുടരും. അച്ഛന്‍ എല്ലാം കണ്ടും അറിഞ്ഞും മേലെ ഉണ്ട്‌.

Content Highlights: Rani Sarran shares her acquisition moving with Mohanlal successful `Thudarum'

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article