Published: December 05, 2025 03:41 AM IST
1 minute Read
മഞ്ചേരി ∙ പ്രതീക്ഷയുടെ ലാസ്റ്റ് ബസ് മിസ്സാക്കാതെ, സെമി ടിക്കറ്റെടുത്ത് മലപ്പുറം എഫ്സി. ഹാട്രിക് നേടിയ ബ്രസീലിയൻ സ്ട്രൈക്കർ ജോൺ കെന്നഡിയുടെ മികവിൽ ഫോഴ്സ കൊച്ചിയെ ആണ് മലപ്പുറം തോൽപിച്ചത് (2–4). ഇന്നലത്തെ മത്സരത്തോടെ സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ സെമി ചിത്രം തെളിഞ്ഞു. കാലിക്കറ്റ് എഫ്സി (23 പോയിന്റ്), തൃശൂർ മാജിക് എഫ്സി (17), മലപ്പുറം എഫ്സി (14) കണ്ണൂർ വോറിയേഴ്സ് എഫ്സി (13) എന്നീ ടീമുകളാണ് സെമിയിലെത്തിയത്.
7ന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയിൽ തൃശൂർ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും ഏറ്റുമുട്ടും. 10ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്സിയെ കണ്ണൂർ വോറിയേഴ്സ് നേരിടും. സെമിയിലെത്താൻ ഒരു സമനില മാത്രമേ മലപ്പുറത്തിന് ആവശ്യമുണ്ടായിരുന്നുള്ളൂ.
എന്നാൽ ആദ്യ പകുതിയിൽ തന്നെ രണ്ടുഗോളുകളുടെ ഞെട്ടിക്കൽ ബിരിയാണി വിളമ്പുകയായിരുന്നു ഫോഴ്സ കൊച്ചി. കെ.ബി. അബിത്ത് (9), അലക്സാണ്ടർ റൊമാരിയോ ജെസുരാജ് (26) എന്നിവരായിരുന്നു കൊച്ചിയുടെ സ്കോറർമാർ. ഹോംഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറം എഫ്സിയുടെ ആരാധകർ നിരാശരായി നിൽക്കെ, കെന്നഡി അവതരിച്ചു. 33, 45+5 മിനിറ്റുകളിൽ ഗോൾനേടി കെന്നഡി മലപ്പുറത്തിനായി സമനില പിടിച്ചു. 49–ാം മിനിറ്റിൽ അദ്ദേഹം ഹാട്രിക് തികച്ചു. 88–ാം മിനിറ്റിൽ മലപ്പുറത്തിനായി ഇഷാൻ പണ്ഡിത നാലാം ഗോൾ നേടി. അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ഫോഴ്സ കൊച്ചി ആഞ്ഞുശ്രമിച്ചെങ്കിലും മലപ്പുറത്തിന് വിജയഗീതം പോലെ ഫൈനൽ വിസിൽ മുഴങ്ങി.
എസ്എൽകെ ഫുട്ബോൾ സെമിഫൈനൽ:
ഡിസംബർ 7 രാത്രി 7.30: തൃശൂർ – മലപ്പുറം (വേദി: തൃശൂർ)
ഡിസംബർ 10 രാത്രി 7.30: കാലിക്കറ്റ് – കണ്ണൂർ (വേദി: കോഴിക്കോട്)
English Summary:








English (US) ·