'ലാൽ ഒന്നും ആലോചിക്കേണ്ട, മാഷെ വിചാരിച്ച് തുടങ്ങിക്കോ'; മോഹൻലാൽ മുണ്ട് മാടിക്കുത്തി നിന്നു

7 months ago 10

mohanlal and jayan

മോഹൻലാൽ വരവേൽപ്പിൽ, ജയൻ ശരപഞ്ജരത്തിൽ

ജിപി ഫിലിംസിന്റെ ബാനറിൽ ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരത്തിലെ ക്ലൈമാക്സ് ഫൈറ്റിന്റെ ചിത്രീകരണം ആന്ധ്രയിലെ ഒരു കൂറ്റൻ പാറക്കെട്ടിൽ നടക്കാൻ പോകുകയാണ്. സംവിധായകന്റെ നിർദ്ദേശപ്രകാരം ജയനും സത്താറും ചേർന്നുള്ള അത്യുഗ്രൻ സംഘട്ടനം ത്യാഗരാജൻ നേരത്തെ കമ്പോസ് ചെയ്തു വെച്ചിരുന്നെങ്കിലും
ഐവി ശശിയുടെ 'കാളി'യുടെ സംഘട്ടനരംഗങ്ങൾ പൂർത്തീകരിക്കാതെ ത്യാഗരാജന് ഹരിഹരന്റെ ലൊക്കേഷനിലെത്താനാകുമായിരുന്നില്ല. ആ പ്രയാസം ത്യാഗരാജൻ ഹരിഹരനെ അറിയിക്കുന്നത് അവസാന നിമിഷത്തിലാണ്. സംഘട്ടന സംവിധായകനില്ലാതെ എങ്ങനെ ഫൈറ്റ് ചിത്രീകരിക്കും എന്ന ആശങ്കയിലായിരുന്നു ഹരിഹരനും സംഘവും. ഒടുവിൽ, സംവിധായകൻ പാക്കപ്പ് പറഞ്ഞപ്പോൾ ജയൻ ഹരിഹരന്റെ അരികിലെത്തി.

'സാർ, ഷൂട്ടിംഗ് നിർത്തി വെക്കേണ്ട. അനുവദിക്കുകയാണെങ്കിൽ ക്ലൈമാക്സ്ഫൈറ്റ് ഞാൻ കമ്പോസ് ചെയ്യാം. സാറ് ഷോട്ടുകളെടുത്താൽ മതി.' ഹരിഹരന് ജയനിൽ അത്രയേറെ വിശ്വാസമായിരുന്നു. 'എന്നാൽ നമുക്ക് തുടങ്ങാം. ഷൂട്ടിങ് സംഘം പാറപ്പുറത്തേക്ക് കയറി. വളരെ നാച്വറലായുള്ള സംഘട്ടനമായിരുന്നു ജയൻ മനസ്സിൽ രൂപപ്പെടുത്തിയത്. ആദ്യത്തെ ഷോട്ട് എടുത്തപ്പോൾ തന്നെ ഹരിഹരൻ ഒകെ പറഞ്ഞു. പാറക്കെട്ടിൽ നിന്ന് ചാടിയും മറിഞ്ഞും മലയാള സിനിമയുടെ അന്നുവരെ ദൃശ്യമല്ലാത്ത ഫൈറ്റ്. ഓരോ ഷോട്ട് എടുക്കുമ്പോഴും ഹരിഹരൻ സന്തോഷിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ചിത്രീകരണം കഴിഞ്ഞപ്പോൾ ഹരിഹരൻ മനസ്സിൽ കുറിച്ചിട്ടു. ജയൻ രൂപപ്പെടുത്തിയ ഈ ഫൈറ്റ് ശരപഞ്ജരത്തിന്റെ ഹൈലൈറ്റുകളിലൊന്നായി മാറും. ശരപഞ്ജരം പുറത്തിറങ്ങിയപ്പോൾ ഹരിഹരൻ ചിന്തിച്ചതുപോലെ തന്നെ സംഭവിച്ചു. ശരപഞ്ജരവും ജയനും മലയാള സിനിമ അത്ഭുതാദരങ്ങളോടെ ചർച്ച ചെയ്തു. ഒപ്പം ക്ലൈമാക്സ് സംഘട്ടനവും. സിനിമയിൽ ഒരു നടൻ കമ്പോസ് ചെയ്ത് അഭിനയിച്ച ആദ്യത്തെ ഫൈറ്റായിരുന്നു അത്.

ശരപഞ്ജരത്തിന്റെ സംഘട്ടന സംവിധായകൻ എന്ന നിലയിൽ പ്രശംസകളേറെ ലഭിച്ചെങ്കിലും ക്ലൈമാക്സ്ഫൈറ്റ് കമ്പോസ് ചെയ്തത് ജയനാണെന്ന് സിനിമയുടെ ജൂബിലി ആഘോഷവേദിയിൽ പോലും ത്യാഗരാജൻ തുറന്നുപറഞ്ഞു. മറ്റൊരാളുടെ കഠിനാധ്വാനത്തിന്റെ ക്രെഡിറ്റ് ഏറ്റുവാങ്ങാൻ അദ്ദേഹത്തിന്റെ മനസ്സാക്ഷി അനുവദിക്കില്ലായിരുന്നു.

വർഷങ്ങളേറെ കടന്നുപോയപ്പോൾ ശരപഞ്ജരത്തിലുണ്ടായ അനുഭവം ആവർത്തിച്ചു. സത്യൻ അന്തിക്കാടിന്റെ 'വരവേൽപ്പി'ന്റെ ഷൂട്ടിംഗ് കാലം. മോഹൻലാലായിരുന്നു ചിത്രത്തിലെ നായകൻ. വില്ലനായ മുരളിയും ഗുണ്ടകളും ചേർന്ന് ഒരു രാത്രിയിൽ മോഹൻലാലിനെ നേരിടുന്നതാണ് സ്വിറ്റേഷൻ. ഫൈറ്റ് ചിത്രീകരിക്കണമെങ്കിൽ ത്യാഗരാജൻ എത്തണം. ലൊക്കേഷനാകെ അദ്ദേഹത്തിന്റെ വരവിനായി കാത്തുനിൽക്കുമ്പോഴാണ് സത്യൻ അന്തിക്കാടിന് ത്യാഗരാജന്റെ ഫോൺ. മറ്റു സിനിമകളുടെ തിരക്കിൽ വരവേൽപ്പിന്റെ ലൊക്കേഷനിലേക്ക് അദ്ദേഹത്തിന് എത്തിച്ചേരാനാവുമായിരുന്നില്ല. 'ലാലിനോട് പറഞ്ഞാൽ മതി. അയാളത് കമ്പോസ് ചെയ്തോളും.' ത്യാഗരാജന്റെ വാക്കുകൾ അതുപോലെ സത്യൻ അന്തിക്കാട് ലാലിനെ അറിയിച്ചു. എന്തു ചെയ്യണമെന്ന വല്ലാത്ത ആശങ്കയിലായിരുന്നു ലാൽ. ഒടുവിൽ സത്യൻ പറഞ്ഞു: 'ലാൽ മറ്റൊന്നും ആലോചിക്കേണ്ട. ത്യാഗരാജൻ മാഷെ മനസ്സിൽ വിചാരിച്ച് അങ്ങോട്ട് തുടങ്ങിക്കോ.' സംവിധായകൻ നൽകിയ കരുത്തിൽ ഗുരുതുല്യനായ ത്യാഗരാജനെ മനസ്സിൽ ഓർത്ത് മോഹൻലാൽ മുണ്ട് മടക്കിക്കുത്തി ക്യാമറയ്ക്ക് മുന്നിൽ നിന്നു.

jayan and mohanlal

ജയനും മോഹൻലാലും പഞ്ചമിയിൽ

ബസ്സുടമയായ മോഹൻലാലും യൂണിയൻ നേതാവായ മുരളിയും തമ്മിലുള്ള വാക് തർക്കത്തെത്തുടർന്ന് മുരളി തന്റെ ഗുണ്ടകളുമായെത്തി ബസ്സ് തല്ലിപ്പൊളിക്കുന്നിടത്തുനിന്നാണ് സ്റ്റണ്ട് ആരംഭിക്കുന്നത്. അന്തിക്കാട് സിനിമകളിലെ സ്വാഭാവികത പോലെ ആ സംഘട്ടനവും വളരെ നാച്വറലായി ഷൂട്ട് ചെയ്തു. വരവേൽപ്പിലെ ഒരേയൊരു ഫൈറ്റ് ആയിരുന്നു അത്. പക്ഷേ, സിനിമയുടെ ടൈറ്റിൽ കാർഡിൽ ഫൈറ്റ് കമ്പോസ് ചെയ്ത മോഹൻലാലിന്റെ പേരുണ്ടായിരുന്നില്ല. ഒരുപക്ഷേ, ത്യാഗരാജൻ മാസ്റ്ററോടുള്ള ആദരവ് കൊണ്ട് സത്യൻ അന്തിക്കാടും ലാലും ചേർന്ന് അങ്ങനെയൊരു തീരുമാനമെടുത്തതാകാം. അവരുടെയൊക്കെ മനസ്സിലെ സ്റ്റണ്ടിന്റെ പര്യായത്തിന് മുകളിൽ മോഹൻലാൽ എന്ന പേർ എഴുതിച്ചേർക്കേണ്ടാ എന്ന്.

പിന്നീടും പല സിനിമകളിൽ പല സാഹചര്യങ്ങളിലായി മോഹൻലാലിന് ഫൈറ്റ് കമ്പോസ് ചെയ്യേണ്ടതായി വന്നു. അപ്പോഴെല്ലാം ത്യാഗരാജൻ മാസ്റ്ററെ മനസ്സിൽ കണ്ട് ലാൽ അതങ്ങ് ചെയ്തുകൊണ്ടിരുന്നു. പക്ഷേ, താൻ രൂപപ്പെടുത്താത്ത ഒരു ഫൈറ്റിന്റെയും ക്രെഡിറ്റ് ത്യാഗരാജൻ തലയിലേറ്റിയില്ല. 'അതെല്ലാം മോഹൻലാൽ ചെയ്തതാണ്.' സംഘട്ടനം ഗംഭീരമായി മാഷേ എന്ന് അഭിനന്ദിക്കുന്നവരോട് ത്യാഗരാജൻ തുറന്നു പറഞ്ഞു.

കരിയറിന്റെ ആദ്യഘട്ടത്തിൽ മറ്റു ഫൈറ്റ് മാസ്റ്റർമാർക്ക് വേണ്ടി ത്യാഗരാജൻ ചിട്ടപ്പെടുത്തിയ ഉശിരൻ സംഘട്ടനങ്ങൾക്ക് അവർ നൽകാതെപോയ പരിഗണനയും അഭിനന്ദനവും ജോലിചെയ്യുന്നവർക്ക് മനസ്സറിഞ്ഞുനൽകുകയായിരുന്നു ത്യാഗരാജൻ.

(തുടരും)

Content Highlights: Discover the untold stories down iconic combat scenes successful Malayalam cinema, wherever Jayan and Mohanlal

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article