14 August 2025, 10:49 AM IST

വെസ് പേസ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് മുന്‍ താരം ലിയാന്‍ഡര്‍ പേസിന്റെ പിതാവ് ഡോ. വെസ് പേസ് (80) അന്തരിച്ചു. വ്യാഴാഴ്ചയായിരുന്നു അന്ത്യം. 1972-ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു. കായികരംഗത്തും വൈദ്യശാസ്ത്രത്തിലും കായിക ഭരണരംഗത്തും ശോഭിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.
ഡിവിഷണല്‍ തലങ്ങളിൽ ക്രിക്കറ്റ്, ഫുട്‌ബോള്‍, റഗ്ബി എന്നിവയും കളിച്ചു. 1996 മുതല്‍ 2002 വരെ ഇന്ത്യന്‍ റഗ്ബി ഫുട്‌ബോള്‍ യൂണിയന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. സ്‌പോര്‍ട്‌സ് മെഡിസിനില്‍ സെര്‍ട്ടിഫൈഡ് ഡോക്ടറായിരുന്ന വെസ്, തന്റെ വൈദ്യശാസ്ത്രത്തിലെ വൈദഗ്ധ്യം കായികമേഖലയിലേക്ക് വ്യാപിപ്പിച്ചു. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സ്‌പോര്‍ട്‌സ് ക്ലബ്ബുകളിലൊന്നായ കല്‍ക്കട്ട ക്രിക്കറ്റ് ആന്‍ഡ് ഫുട്‌ബോള്‍ ക്ലബിന്റെ പ്രസിഡന്റ് പദവും വഹിച്ചിട്ടുണ്ട്.
ഗോവയില്‍ 1945-ന് ജനിച്ചു. ബംഗാള്‍ കവി മൈക്കിള്‍ മധുസൂദന്‍ ദത്തയുടെ പ്രപൗത്രിയും മുന്‍ ഇന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ താരവുമായ ജെന്നിഫര്‍ ഡട്ടനാണ് ഭാര്യ. മകന്‍ ലിയാന്‍ഡര്‍ പേസ്, പിതാവിന്റെ പാത പിന്തുടര്‍ന്ന് ടെന്നീസില്‍ ഒളിമ്പിക് മെഡല്‍ ജേതാവായി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍, ബിസിസിഐ എന്നിവയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: Dr. Vece Paes, Father of Leander Paes, Dies








English (US) ·