Published: October 06, 2026 03:53 PM IST
1 minute Read
ബ്യൂനസ് ഐറിസ്∙ അർജന്റീനയുടെ നീലാകാശത്ത് നാളെ ഒരിക്കൽകൂടി ആ സൂര്യനുദിക്കും. പകരംവയ്ക്കാനില്ലാത്ത കരിയറും പറഞ്ഞാൽ തീരാത്ത വിസ്മയങ്ങളും ലോക ഫുട്ബോളിന് സമ്മാനിച്ച സാക്ഷാൽ ലയണൽ മെസ്സി ദേശീയ ജഴ്സിയിൽ തന്റെ അവസാന മത്സരത്തിനായി നാളെ സ്വന്തം മണ്ണിൽ ഇറങ്ങും. ലോകകപ്പിനു പിന്നാലെ രാജ്യാന്തര കരിയർ അവസാനിപ്പിച്ച മെസ്സിക്കായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) സംഘടിപ്പിക്കുന്ന വിടവാങ്ങൽ മത്സരത്തിൽ, ആഫ്രിക്കൻ രാജ്യമായ ബെനിനാണ് എതിരാളികൾ.
രണ്ടു പതിറ്റാണ്ടിലധികം മെസ്സിയുടെ സുവർണപാദങ്ങൾ പതിച്ച ബ്യൂനസ് ഐറിസിലെ മോന്യുമെന്റൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ 4.30നാണ് മത്സരം. സീ5, ഫാൻകോഡ് ആപ്പുകളിലും യുണൈറ്റ് 8 ചാനലിലും തത്സമയം.
ലാസ്റ്റ് ഡാൻസ്
ദേശീയ ടീമിനൊപ്പം 208–ാം മത്സരത്തിനായാണ് മുപ്പത്തിയൊൻപതുകാരൻ മെസ്സി നാളെ ഇറങ്ങുക. ഇത്രയും മത്സരങ്ങളിൽനിന്ന് 125 ഗോളുകളാണ് മെസ്സിയുടെ നേട്ടം. മോന്യുമെന്റൽ സ്റ്റേഡിയത്തിൽ 28 മത്സരങ്ങൾ കളിച്ചിട്ടുള്ള മെസ്സിയുടെ പേരിൽ 19 ഗോളും 11 അസിസ്റ്റുമുണ്ട്. ഇന്ന് ബെനിനെതിരെ ഗോൾ നേടിയാൽ മറ്റൊരു റെക്കോർഡ് കൂടി മെസ്സിക്ക് സ്വന്തമാക്കാം; രാജ്യാന്തര കരിയറിൽ 46 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടുന്ന താരം. 49 ടീമുകൾക്കെതിരെ ഗോൾ നേടിയ പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഈ റെക്കോർഡിൽ മെസ്സിക്കു മുന്നിലുള്ളത്. മത്സരത്തിനായി കഴിഞ്ഞ ദിവസം മെസ്സി ബ്യൂനസ് ഐറിസിൽ എത്തി ടീമിനൊപ്പം ചേർന്നു.
ഇക്കഴിഞ്ഞ ലോകകപ്പിൽ മെസ്സിക്കൊപ്പം പന്തുതട്ടിയ ഏറക്കുറെ എല്ലാ താരങ്ങളും നാളത്തെ മത്സരത്തിലും ഉണ്ടാകും. മറുവശത്ത്, ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള അർജന്റീനയ്ക്കെതിരെ ആദ്യമായൊരു രാജ്യാന്തര മത്സരം കളിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് 93–ാം റാങ്കുകാരായ ബെനിൻ.
മത്സരശേഷം മെസ്സിക്ക് വിപുലമായ യാത്രയയപ്പ് സംഘടിപ്പിക്കാനും എഎഫ്എ തീരുമാനിച്ചിട്ടുണ്ട്. മെസ്സിയുടെ ക്യാപ്റ്റൻസിയിൽ 2022 ലോകകപ്പ് ജയിച്ച അർജന്റീന ടീമിലെ പ്രധാന താരങ്ങളെല്ലാം നാളെ സ്റ്റേഡിയത്തിൽ എത്തും.
English Summary:






English (US) ·