Published: May 29 , 2025 09:03 AM IST
1 minute Read
ഫോർ എവർ ബൗണ്ട്’ എന്ന വാക്കിനർഥം മരണത്തിനപ്പുറം, കാലത്തെയും ദൂരത്തെയും ഓർമകളെയും അതിജീവിക്കുന്ന ബന്ധമെന്നാണ്. ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ്ബായ ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് ‘ഫോർ എവർ ബൗണ്ട്’ എന്ന പേരിൽ സ്മാരകം അനാഛാദനം ചെയ്യപ്പെടുമ്പോൾ 4 പതിറ്റാണ്ടു മുൻപ് നടന്ന, ഫുട്ബോൾ ചരിത്രത്തിൽ രക്തക്കറ പുരണ്ട ആ സംഭവം വീണ്ടും ആരാധകരുടെ ഓർമകളിലേക്കെത്തും.
1985ൽ ലിവർപൂളും ഇറ്റാലിയൻ ക്ലബ് യുവന്റസും തമ്മിലുള്ള യൂറോപ്യൻ ക്ലബ് ഫുട്ബോൾ ഫൈനലിനിടെ ബൽജിയത്തിലെ ഹെയ്സൽ സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിന് ഇന്ന് 40 വയസ്സ്. 39 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ അറുന്നൂറിലേറെ പേർക്കു പരുക്കേറ്റിരുന്നു.
ലിവർപൂൾ– യുവന്റസ് ക്ലബ്ബുകൾ പരസ്പരം പങ്കുവച്ച ദുഃഖത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി രണ്ടു സ്കാർഫുകൾ കൂട്ടിക്കെട്ടിയ നിലയിലാണ് ഇന്ന് ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ ഒരുങ്ങുന്ന പുതിയ സ്മാരകത്തിന്റെ രൂപകൽപന.
∙ അന്ന് സംഭവിച്ചത്
1985, മേയ് 29; ബൽജിയത്തിലെ ബ്രസൽസിലുള്ള ഹെയ്സൽ സ്റ്റേഡിയത്തിൽ ചാംപ്യൻസ് ലീഗിന്റെ പഴയ രൂപമായ യൂറോപ്യൻ കപ്പിന്റെ ഫൈനൽ. ഏറ്റുമുട്ടുന്നത് ഇംഗ്ലിഷ് ഫുട്ബോൾ ലീഗ് ജേതാക്കളായ ലിവർപൂളും ഇറ്റാലിയൻ ഫുട്ബോൾ ലീഗ് ജേതാക്കളായ യുവന്റസും. ഒരു വർഷം മുൻപ് റോമിൽ നടന്ന മറ്റൊരു യൂറോപ്യൻ ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ റോമ ലിവർപൂളിനോടു പരാജയപ്പെട്ടിരുന്നു.
മത്സരശേഷം റോമിലെ പൊലീസ് അടക്കം ലിവർപൂൾ ആരാധകരെ ആക്രമിച്ചു. അതിനു പ്രതികാരം ചെയ്യാൻ കാത്തിരുന്ന ലിവർപൂൾ ആരാധകർ ഹെയ്സൽ ഫൈനൽ അതിനുള്ള വേദിയാക്കി മാറ്റുകയായിരുന്നു.
മത്സരം തുടങ്ങും മുൻപേ ആരാധകർ തമ്മിൽ വാക്കേറ്റങ്ങളും വെല്ലുവിളികളും ആരംഭിച്ചിരുന്നു. കുപ്പികളും കമ്പുകളും ഉപയോഗിച്ച് ആരാധകക്കൂട്ടം പരസ്പരം ആക്രമണം തുടങ്ങി. ഗാലറിയിലെ ഒരു മതിൽ തകർന്നു വീണു. അതിനിടയിൽപെട്ടും തിക്കിലും തിരക്കിലുമായും 39 ആളുകൾ മരിച്ചു. അവരിൽ 32 പേർ ഇറ്റലിക്കാരായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടു ദുരന്തത്തിനു ശേഷവും മത്സരം തുടർന്നു. 1–0നു യുവന്റസ് ജയിച്ചു.








English (US) ·