
ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ഓവൽ സ്റ്റേഡയിത്തിന്റെ ചീഫ് ക്യൂറേറ്റർ ലീ ഫോർട്ടിസും തമ്മിലുണ്ടായ വാക്കേറ്റം
കെന്നിങ്ടൺ: കഴിഞ്ഞദിവസം അഞ്ചാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും ഓവല്‍ സ്റ്റേഡിയത്തിന്റെ ചീഫ് ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസും തമ്മിൽ ചൂടേറിയ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത് വലിയ ചർച്ചയായിരുന്നു. പിച്ചിൽനിന്ന് 2.5 മീറ്റർ മാറിനിൽക്കാൻ ഗ്രൗണ്ട് സ്റ്റാഫ് പറഞ്ഞതിനെത്തുടർന്നാണ് വാക്‌തർക്കമുണ്ടായത്. ബാറ്റിങ് പരിശീലകൻ സീതാൻഷു കൊടക് ഇടപെട്ടാണ് രംഗം തണുപ്പിച്ചത്. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ലീ ഫോര്‍ട്ടിസ് മുൻപും സമാനമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് അശ്വിൻ ആരോപിക്കുന്നത്.
ഇരു കൂട്ടരും തമ്മിൽ എന്താണ് സംസാരിച്ചതെന്നോ ചർച്ച ചെയ്തതെന്നോ ഞാൻ പറയില്ല. ഇംഗ്ലണ്ട് വലിയ സമ്മർദ്ദത്തിലായിരുന്നു. ഈ സംഭവം സമ്മർദ്ദം ഒഴിവാക്കാനുള്ള ഒരു മാർഗമായിരുന്നു. എനിക്ക് ആ ഗ്രൗണ്ട്സ്മാനെ നന്നായി അറിയാം. ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. അദ്ദേഹം അങ്ങനെയുള്ള ആളാണ്. മുൻപും സമാനമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്തിനാണ് അദ്ദേഹം അത് ചെയ്യുന്നത്? എനിക്കറിയില്ല. അദ്ദേഹം കുറച്ച് വ്യത്യസ്തനാണ്," അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഗംഭീറും ലീ ഫോർട്ടിസും തമ്മിലുള്ള തർക്കത്തിന്റെ ചിലഭാഗങ്ങളുടെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഓവലിലെ പിച്ച് കാണാൻ ഗംഭീറും സീതാൻഷുവും വന്നതോടെയാണ് നാടകീയരംഗങ്ങൾ ആരംഭിച്ചത്. ഗ്രൗണ്ട് സ്റ്റാഫ് വഴിയാണ് പിച്ചിൽനിന്ന് മാറിനിൽക്കാൻ ക്യൂറേറ്റർ ഗംഭീറിനോട് ആവശ്യപ്പെട്ടത്. തനിക്ക് ഇക്കാര്യം റിപ്പോർട്ട് ചെയ്യേണ്ടിവരുമെന്ന് ക്യൂറേറ്റർ പറഞ്ഞപ്പോൾ നിങ്ങൾ എന്താണോ അത് പോയി ചെയ്യൂ എന്നും ഗംഭീർ പറഞ്ഞു. ഞങ്ങൾ എന്തുചെയ്യണമെന്ന് നിങ്ങൾ പറയേണ്ടെന്ന് ഗംഭീർ പറയുകയും ചെയ്തു. ഇതിനിടെയാണ് സീതാൻഷു ക്യൂറേറ്ററെ പിടിച്ചുമാറ്റിയത്. ഗംഭീറിന്റെയും ക്യൂറേറ്ററുടെയും സംസാരത്തിന്റെ ചില വീഡിയോകളാണ് പുറത്തുവന്നത്. പിച്ചിൽനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് അതിശയപ്പെടുത്തുന്നതാണെന്ന് സീതാൻഷുവും പ്രതികരിച്ചിരുന്നു.
അതേസമയം അഞ്ചാം ടെസ്റ്റിൽ സ്റ്റോക്സ് കളിക്കാത്തതിൽ നിരാശയുണ്ടെന്നും അശ്വിൻ പ്രതികരിച്ചു. സ്റ്റോക്സ് കളിക്കാത്തതിൽ ഞാൻ തികച്ചും നിരാശനാണ്. ബെൻ സ്റ്റോക്സിനെപ്പോലൊരു താരം നിർണ്ണായക മത്സരത്തിൽ നിന്ന് പുറത്താവുന്നത് വലിയ വാർത്തയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ല വാർത്തയുമാണ്.
ഈ പരമ്പരയിൽ ഇംഗ്ലണ്ടിനെ സജീവമാക്കി നിർത്തിയത് ബെൻ സ്റ്റോക്സും ജോ റൂട്ടും മാത്രമാണ്. ബെൻ ഡക്കറ്റ് ഗംഭീരമായൊരു ഇന്നിംഗ്‌സ് കളിച്ച ആദ്യ ടെസ്റ്റ് മാറ്റിനിർത്തിയാൽ, എഡ്ജ്ബാസ്റ്റണിലെ ആ തോൽവിക്ക് ശേഷം, പിടിച്ചുനിന്നത് റൂട്ടും സ്റ്റോക്സുമായിരുന്നു.- അശ്വിൻ കൂട്ടിച്ചേർത്തു.
Content Highlights: Oval Curator Lee Fortis Done Similar Things In The Past says R Ashwin








English (US) ·