.jpg?%24p=8384990&f=16x10&w=852&q=0.8)
Photo: twitter.com/KeralaBlasters
കോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ നിലനിൽപ്പ് അപകടത്തിലാകുംവിധം കടുത്ത ഭീഷണിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം 11 ക്ലബ്ബുകൾ. ലീഗിലെ അനിശ്ചിതത്വം ഉടനെ പരിഹരിച്ചില്ലെങ്കിൽ അടച്ചുപൂട്ടുമെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേക്ക് അയച്ച കത്തിൽ ക്ലബ്ബുകൾ വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്‌സിനു പുറമേ, ബെംഗളൂരു എഫ്‌സി, ഹൈദരാബാദ് എഫ്‌സി, ഒഡിഷ എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ജംഷേദ്പുർ എഫ്‌സി, മുംബൈ സിറ്റി, മുഹമ്മദൻ സ്പോർട്ടിങ്, എഫ്‌സി ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ്‌സി എന്നീ ടീമുകളാണ് കത്തിൽ ഒപ്പിട്ടത്. ലീഗിൽ കളിക്കുന്ന ക്ലബ്ബുകളിൽ മോഹൻബഗാനും ഈസ്റ്റ് ബംഗാളും മാത്രമാണ് ഒപ്പിടാതെ മാറിനിന്നത്.
കരാർ പ്രതിസന്ധി സുപ്രീം കോടതിയെ അറിയിക്കുമെന്ന് നേരത്തെ ക്ലബ്ബുകളോട് വ്യക്തമാക്കിയിരുന്ന അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ നിലപാടിൽ നിന്ന് പിന്നാക്കം പോയിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച് ഇ മെയിൽ ക്ലബ്ബുകൾക്ക് ലഭിച്ചത്. ഇതോടെ കേസിലെ അമിക്കസ് ക്യൂറി ഗോപാൽ ശങ്കരനാരായണൻ വിഷയം കോടതിയെ ധരിപ്പിക്കും.
സൂപ്പർ ലീഗ് നടന്നിട്ടില്ലെങ്കിൽ ഇന്ത്യക്ക് ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ വിലക്കുവരാനും സാധ്യതയുണ്ട്. ഓരോ അംഗരാജ്യത്തും അതത് കോൺഫെഡറേഷനുകൾ നിശ്ചയിച്ച അത്രയും മത്സരങ്ങൾ ലീഗുകളിൽ നടക്കണം. ഐഎസ്എൽ നടന്നില്ലെങ്കിൽ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ നിശ്ചയിച്ച എണ്ണം തികയ്ക്കാനാകില്ല. ഇതോടെ വിലക്ക് വരാം. ഇക്കാര്യം ക്ലബ്ബുകൾ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഐഎസ്എൽ സംഘാടകരും ഫെഡറേഷനും തമ്മിലുള്ള മാസ്റ്റർ കരാറിന്റെ കാലാവധി അവസാനിക്കാറായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കരാർ പുതുക്കരുതെന്ന സുപ്രീം കോടതി നിർദേശമുള്ളതിനാൽ ഫെഡറേഷൻ നിസ്സഹായതയിലാണ്. ഫെഡറേഷന്റെ പുതിയ ഭരണഘടന നടപ്പാക്കുന്നത് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഭരണഘടനയുടെ കാര്യത്തിൽ അന്തിമവിധി വരുന്നതുവരെ പ്രധാനകാര്യങ്ങളിൽ നടപടിയെടുക്കരുതെന്നാണ് സുപ്രീംകോടതി നിർദേശം.
ടീമുകൾക്ക് വമ്പൻ സാമ്പത്തിക പ്രതിസന്ധി
ക്ലബ്ബുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈവർഷം അത് പരിഹരിക്കാൻ കഴിയില്ലെന്നും ക്ലബ്ബുകൾ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ക്ലബ്ബുകളുടെ വരുമാനം നിലച്ചു. സ്പോൺസർമാരെ കിട്ടാനില്ല. ഐഎസ്എൽ നടന്നില്ലെങ്കിൽ രണ്ടായിരത്തിലേറെ ആളുകളുടെ ജോലിയെ നേരിട്ട് ബാധിക്കും. ഇതിൽ കളിക്കാർ, ക്ലബ്ബ് ജീവനക്കാർ, പരിശീലകർ, മെഡിക്കൽ ജീവനക്കാർ, ഗ്രൗണ്ട്‌സ്‌മാൻമാർ എന്നിവർ ഉൾപ്പെടുമെന്നും കത്തിൽ പറയുന്നുണ്ട്.
Content Highlights: amerind ace league fiscal situation kerala blasters








English (US) ·