ലീഡ് വഴങ്ങിയ ശേഷം തിരിച്ചടിച്ചു, ട്രാവിസ് ഹെഡിന് സെഞ്ചറി; ആഷസ് ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് എട്ട് വിക്കറ്റ് വിജയം

1 month ago 2

ഓൺലൈൻ ഡെസ്ക്

Published: November 22, 2025 03:51 PM IST

1 minute Read

CRICKET-AUS-ENG
സെഞ്ചറി നേടിയ ട്രാവിസ് ഹെഡിന്റെ ആഹ്ലാദം. Photo: SAEEDKHAN/AFP

പെർത്ത്∙ ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് എട്ട് വിക്കറ്റ് വിജയം. മത്സരത്തിന്റെ രണ്ടാം ദിവസം 205 റൺസ് വിജയലക്ഷ്യം പിന്തുടർ‌ന്ന ഓസ്ട്രേലിയ 28.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഓസ്ട്രേലിയയുടെ ഉജ്വല തിരിച്ചുവരവ്. ആദ്യ ഇന്നിങ്സിൽ ഏഴും രണ്ടാം ഇന്നിങ്സിൽ മൂന്നും വിക്കറ്റുകൾ വീഴ്ത്തിയ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് കളിയിലെ താരമായി.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ട്രാവിസ് ഹെഡ് സെഞ്ചറി നേടി. 83 പന്തുകളിൽ നാലു സിക്സുകളും 16 ഫോറുകളും ബൗണ്ടറി കടത്തിയ ട്രാവിസ് ഹെഡ് 123 റൺസാണു സ്വന്തമാക്കിയത്. 49 പന്തിൽ 51 റൺസടിച്ച മാർനസ് ലബുഷെയ്ൻ അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 40 റൺസ് ലീഡ് നേടിയിരുന്നു. 

രണ്ടാം ദിവസം ഓസ്ട്രേലിയ 132 ന് ഓൾഔട്ടായപ്പോൾ, ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 164 റൺസിൽ അവസാനിക്കുകയായിരുന്നു. രണ്ടാം ദിനം നാലു വിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബോളണ്ടും മൂന്നു വിക്കറ്റുകൾ വീതം സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്ക്, ബ്രെണ്ടൻ ഡോഗറ്റ് എന്നിവരും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്സിലെ ഇംഗ്ലിഷ് പ്രതീക്ഷകൾ തച്ചുടച്ചത്. ഗസ് അക്കിൻസൻ (32 പന്തിൽ 37), ഒലി പോപ് (57 പന്തിൽ 33), ബെൻ ഡക്കറ്റ് (40 പന്തിൽ 28) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ കുറച്ചെങ്കിലും പിടിച്ചുനിന്ന ഇംഗ്ലിഷ് ബാറ്റർമാർ.

ഒന്നാം ദിനം വീണത് 19 വിക്കറ്റുകൾ

മത്സരത്തിന്റെ ആദ്യ ദിനം പെർത്തിൽ വീണത് 19 വിക്കറ്റുകളാണ്. ആദ്യ ദിവസം ഇംഗ്ലണ്ട് 172 റൺസെടുത്തു പുറത്തായപ്പോൾ, 39 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലായിരുന്നു ഓസീസ്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ബോളിങ് പ്രകടനമാണ് ഓസീസിനു തിരിച്ചടിയായത്. ആറോവരിൽ 23 റണ്‍സ് വഴങ്ങിയ സ്റ്റോക്സ് അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കി. ബ്രൈഡൻ കാഴ്സ് മൂന്നും ജോഫ്ര ആർച്ചര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഓസീസ് ബാറ്റിങ്നിര തകർന്നടിഞ്ഞു. 

26 റൺസെടുത്ത അലക്സ് ക്യാരിയാണ് ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. കാമറൂൺ ഗ്രീൻ (24), ട്രാവിസ് ഹെഡ് (21) എന്നിവരും കുറച്ചെങ്കിലും പിടിച്ചുനിന്നു. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന് ഓൾഔട്ടായിരുന്നു. ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് തകർത്തെറിഞ്ഞതോടെ ഇംഗ്ലണ്ട് പതറുകയായിരുന്നു. 12.5 ഓവറുകൾ പന്തെറിഞ്ഞ സ്റ്റാർക്ക് 58 റൺസ് വഴങ്ങി ഏഴു വിക്കറ്റുകള്‍ സ്വന്തമാക്കി. ആഷസ് ടെസ്റ്റിൽ 100 വിക്കറ്റ് എന്ന നേട്ടവും സ്റ്റാർക്ക് പെർത്തില്‍ നേടി. ഇന്നിങ്സിലെ ആദ്യ ആറോവറുകളിലെ എല്ലാ പന്തുകളും 140+ വേഗതയിലാണ് സ്റ്റാർക്ക് എറിഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റിൽ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്.

English Summary:

Ashes, Australia vs England First Test Day Two Match Updates

Read Entire Article