ലൂണയ്ക്കു പകരം കോണർ ഷീൽഡ്സിനെ ഉന്നമിട്ട് ബ്ലാസ്റ്റേഴ്സ്; പെപ്ര, ഡ്രിൻസിച്ച്, ഹോർമിപാം, ഇഷാൻ പണ്ഡിത ടീം വിടും

7 months ago 6

മനോജ് മാത്യു

മനോജ് മാത്യു

Published: June 16 , 2025 11:34 AM IST

1 minute Read

adrian-luna-conner-sheilds
അഡ്രിയൻ ലൂണ, കോണർ ഷീൽഡ്സ്

കൊച്ചി ∙ കോണർ ഷീൽഡ്സ്, ആദിൽ താഹിഫ്, സുലൈമാൻ അൽ അംറാനി! വരുമോ, ഇവരെല്ലാം കേരള ബ്ലാസ്റ്റേഴ്സിലേക്ക്? കാത്തിരിപ്പിലാണു ബ്ലാസ്റ്റേഴ്സ് ആരാധകർ. പക്ഷേ, ക്ലബ് മാനേജ്മെന്റ് മൗനത്തിലാണ്. ക്യാപ്റ്റൻ അഡ്രിയൻ ലൂണയുമായുള്ള വഴി പിരിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെന്റർ ഫോർവേഡ് ക്വാമെ പെപ്രയോടു ക്ലബ് ‘ബൈ’ പറഞ്ഞു കഴിഞ്ഞു. സ്ട്രൈക്കറായും വിങ്ങറായുമെല്ലാം കളിച്ച ഇഷാൻ പണ്ഡിതയും ടീം വിട്ടു.

സെന്റർ ബാക്കുകളായ മ‌ിലോസ് ഡ്രിൻസിച്ചും ഹോർമിപാമും ടീം വിടും. പഴയ ടീമിലെ പ്രമുഖരെല്ലാം കളംവിടുന്നതോടെ പുതിയ കോച്ച് ദവീദ് കറ്റാല പുതിയൊരു ടീമിനെ രൂപപ്പെടുത്തിയേ മതിയാവൂ.

ലൂണ പോയാൽ പകരക്കാരൻ ആരെന്ന ചോദ്യത്തിനുള്ള സാധ്യതാ ഉത്തരമാണ് ചെന്നൈയിൻ എഫ്സിയുടെ സ്കോട്ടിഷ് ഫോർവേഡായ കോണർ ഷീൽഡ്സ്. കോണറിനായി ഈസ്റ്റ് ബംഗാളും ബെംഗളൂരു എഫ്സിയുമെല്ലാം രംഗത്തുണ്ട്. ചെന്നൈയിനായി കഴിഞ്ഞ രണ്ടു സീസണുകളിൽ അദ്ദേഹം കളിച്ചത് 49 മത്സരങ്ങൾ. 6 ഗോളടിച്ചു, 12 ഗോളുകൾക്കു വഴിയുമൊരുക്കി. ഗോളടിപ്പിക്കലിലാണു മികവ്.

സ്പാനിഷ് സെന്റർ ഫോർവേഡ് സെർജിയോ കാസ്റ്റെൽ, മൊറോക്കൻ സെന്റർ ബാക്കുകളായ ആദിൽ താഹിഫ്, സുലൈമാൻ അൽ അംറാനി എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്.

അമയ് രണവാഡെയുമായി കരാർ ഒപ്പിട്ടതായി ക്ലബ് പ്രഖ്യാപിച്ചതാണു സീസണിലെ ആദ്യ ഔദ്യോഗിക സൈനിങ്. ഒഡീഷ എഫ്സിക്കു വേണ്ടി കഴിഞ്ഞ രണ്ടു സീസണുകളിൽ രണവാഡെ പുറത്തെടുത്ത മികവാണു ബ്ലാസ്റ്റേഴ്സിനെ ആകർഷിച്ചത്.  ക്ലബ് കരാറൊപ്പിട്ട മറ്റൊരു താരം മോഹൻ ബഗാനിൽ നിന്നെത്തിയ യുവ ഗോൾകീപ്പർ അർഷ് ഷെയ്ഖാണ്.

English Summary:

Connor Shields is poised to regenerate Adrian Luna astatine Kerala Blasters FC. The Scottish forward's awesome way grounds and goal-scoring abilities marque him a invaluable summation to the squad undergoing a important roster overhaul.

Read Entire Article