‘‘ഓടാൻ ഉദ്ദേശ്യമില്ലെങ്കിൽ എന്നോട് ഉറക്കെ ഒരു നോ പറഞ്ഞാൽമതി... പന്തടിച്ചു കഴിഞ്ഞാൽ മുന്നോട്ടുകുതിക്കുന്നത് എന്റെയൊരു ശീലമാണ്...’’ - ഇംഗ്ലണ്ടിനെതിരേയുള്ള ലീഡ്‌സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ വാക്കുകളാണിത്. റിസ്‌കി സിംഗിൾ ഓടാനുള്ള യശസ്വിയുടെ ശ്രമത്തെ ഒപ്പം ബാറ്റുചെയ്ത നായകൻ ശുഭ്മാൻ ഗിൽ തടഞ്ഞപ്പോഴായിരുന്നു ഈ ഡയലോഗ്. ക്രീസിൽ നിൽക്കുന്ന ഓരോ നിമിഷവും റൺസിനായി ദാഹിക്കുന്ന ഇരുപത്തിമൂന്നുകാരന്റെ മനസ്സായിരുന്നു അത്.
ശീലമതാണെങ്കിലും ലീഡ്‌സിലെ യശസ്വിയുടെ സെഞ്ചുറി ഇന്നിങ്‌സിനൊരു പ്രത്യേകതയുണ്ട്. അതൊരു ഓഫ് സൈഡ് മാസ്റ്റർക്ലാസ് ആയിരുന്നു! ആ 101 റൺസിൽ വെറും 11 റൺസ് മാത്രമായിരുന്നു ലെഗ് സൈഡിൽ സ്‌കോർചെയ്തത്. അടിച്ചുകൂട്ടിയ 16 ഫോറിൽ ഒന്നുപോലും ലെഗ്‌സൈഡിൽ ഇല്ലെന്നത് അതിശയകരവും അതിനൊപ്പം ഇന്നിങ്‌സിന്റെ നിയന്ത്രണത്തെയും കാണിക്കുന്നു.
പാഡിനു നേരേവരുന്ന പന്തുകൾ മിഡ് വിക്കറ്റിലൂടെ ബൗണ്ടറിയിലേക്ക് പറപ്പിക്കുന്നതാണ് യശസ്വിയുടെ ശീലം. ഓസ്‌ട്രേലിയക്കെതിരേയുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ഗാബ ടെസ്റ്റിൽ ഇന്ത്യൻ ഇന്നിങ്‌സിലെ രണ്ടാമത്തെമാത്രം പന്തിൽ മിഡ് വിക്കറ്റിലേക്ക് ഫ്ലിക് കളിച്ച് യശസ്വി ഔട്ടായിരുന്നു. പാഡിനു നേരേവന്ന മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ഫ്ലിക് ചെയ്തു, ഷോർട്ട് മിഡ് വിക്കറ്റിലുണ്ടായിരുന്ന മിച്ചൽ മാർഷിന്റെ കൈകളിലായിരുന്നു ആ പന്തെത്തിയത്. യശസ്വിയുടെ ആ ‘വീക്ക് പോയിന്റ്’ മനസ്സിലാക്കിയായിരുന്നു ഓസ്‌ട്രേലിയയുടെ തന്ത്രം. ഇംഗ്ലണ്ടും ഇതേതന്ത്രം പ്രയോഗിക്കുമെന്നുറപ്പിച്ചായിരുന്നു യശസ്വിയുടെ ബാറ്റിങ് എന്നു മനസ്സിലാക്കാം.
ഇന്ത്യൻനിരയിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററായി മാറിക്കൊണ്ടിരിക്കുകയാണ് യശസ്വി. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലേക്കും ഒരേപോലെ സ്വിച്ച് ഓവർ ചെയ്യാൻ കഴിയുന്നതാണ് യശസ്വിയുടെ പ്രത്യേകത. ഐപിഎലിൽ 28 സിക്‌സറുകൾ പറത്തി നേരേ ടെസ്റ്റിലേക്കെത്തുമ്പോൾ സമ്പൂർണമായി ടെസ്റ്റ് ശൈലിയുള്ള ഓപ്പണറായി അയാൾ പരകായപ്രവേശം നടത്തുന്നു.
ഇംഗ്ലണ്ടിനെതിരേ ആറ് ടെസ്റ്റുകളിൽനിന്ന് 813 റൺസ് യശസ്വി നേടിക്കഴിഞ്ഞു. അതിൽ രണ്ട് ഇരട്ടസെഞ്ചുറികളും ഒരു സെഞ്ചുറിയും ഉൾപ്പെടുന്നു. ശരാശരി തൊണ്ണൂറിലും എത്തിയിരിക്കുന്നു. ഒരു ടെസ്റ്റ് ഓപ്പണറുടെ സ്വപ്നതുല്യമായ തുടക്കമാണിത്.
വെസ്റ്റ് ഇൻഡീസിനെതിരേയും ഓസ്‌ട്രേലിയക്കെതിരേയും ഇംഗ്ലണ്ടിനെതിരേയുമുള്ള തന്റെ ആദ്യ ടെസ്റ്റിൽത്തന്നെ സെഞ്ചുറിനേടുന്ന ആദ്യ ബാറ്ററായി യശസ്വി മാറിയിരിക്കുന്നു. കരിയറിലെ ഇരുപതാമത്തെ മാത്രം ടെസ്റ്റിലെത്തിയിരിക്കുന്ന താരത്തിന്റെ അക്കൗണ്ടിൽ ഇതുവരെ അഞ്ചു സെഞ്ചുറികളും 10 അർധസെഞ്ചുറികളുമായിക്കഴിഞ്ഞു. വിരാട് കോലിയും രോഹിത് ശർമയും കളിയവസാനിപ്പിച്ചപ്പോഴുണ്ടായ ‘ശൂന്യത’യിലേക്ക് യശസ്വിയും ലീഡ്‌സിൽ സെഞ്ചുറിനേടിയ നായകൻ ശുഭ്മാൻ ഗില്ലും പ്രായത്തിൽക്കവിഞ്ഞ പക്വതയോടെ കടന്നുവരുന്നത് മനോഹരമായൊരു കാഴ്ചയാണ്. പരിചയസമ്പന്നരില്ലാതെ പുതുബാറ്റിങ് നിരയുമായി വിദേശപിച്ചിൽ ഇറങ്ങുന്ന ഒരു ടീമിന് മികച്ച തുടക്കം നൽകുകയെന്നത് വെല്ലുവിളിയാണ്. അതിനെയാണ് ജയ്സ്വാൾ മറികടക്കുന്നത്.
Content Highlights: yashasvi jaiswal innings vs england








English (US) ·