Published: July 19 , 2025 02:45 PM IST
1 minute Read
ലണ്ടൻ∙ വിരമിച്ച ക്രിക്കറ്റ് താരങ്ങളുടെ ലെജൻഡ്സ് ലീഗിൽ ഫീൽഡിങ് പിഴവു വരുത്തിയതിന് പാക്കിസ്ഥാൻ താരം കമ്രാൻ അക്മലിനെതിരെ ആരാധകരുടെ പരിഹാസം. ലെജൻഡ്സ് ട്വന്റി20 ചാംപ്യൻഷിപ്പിൽ പാക്കിസ്ഥാൻ ചാംപ്യൻസും ഇംഗ്ലണ്ട് ചാംപ്യൻസും തമ്മിലുള്ള മത്സരത്തിനിടെയാണ് കമ്രാന്‍ അക്മലിനു പിഴവു സംഭവിച്ചത്. ഇംഗ്ലണ്ട് താരം ഫിൽ മസ്റ്റാർഡിനെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള സുവർണാവസരം അക്മൽ പാഴാക്കി.
മത്സരത്തിൽ ശുഐബ് മാലിക് എറിഞ്ഞ ആറാം ഓവറിലെ ആദ്യ പന്ത് ക്രീസ് വിട്ട് ബൗണ്ടറി കടത്താനായിരുന്നു മസ്റ്റാർഡിന്റെ ശ്രമം. എന്നാൽ പന്ത് ബാറ്റിൽ കൊള്ളാതെ അക്മലിന്റെ കൈയിലേക്ക്. പന്ത് പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അക്മലിന് അതിനു സാധിച്ചില്ല. ഗ്ലൗവിൽ തട്ടിയ പന്ത് ഉയർന്നുപൊങ്ങുകയായിരുന്നു. ഇംഗ്ലണ്ട് താരത്തെ അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരമാണ് അക്മൽ തുലച്ചുകളഞ്ഞത്.
51 പന്തുകൾ നേരിട്ട മസ്റ്റാർഡ് 58 റൺസെടുത്താണു മത്സരത്തിൽ പുറത്തായത്. ക്രിക്കറ്റിൽ സജീവമായിരുന്നപ്പോൾ ക്യാച്ചുകൾ പാഴാക്കുന്നതിൽ ‘പേരുകേട്ട’ കമ്രാൻ അക്മലിനു ലെജൻഡ് ആയപ്പോഴും ഒരു മാറ്റവുമില്ലെന്നായിരുന്നു ആരാധകരുടെ പരിഹാസം. കമ്രാൻ അക്മൽ സ്റ്റംപിങ് അവസരം പാഴാക്കിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മത്സരത്തിൽ അഞ്ച് റൺസ് വിജയമാണ് പാക്കിസ്ഥാൻ നേടിയത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 155 റൺസടിക്കാൻ മാത്രമാണു സാധിച്ചത്.
English Summary:








English (US) ·