05 August 2025, 08:25 PM IST

അടൂർ ഗോപാലകൃഷ്ണൻ | ചിത്രം: മാതൃഭൂമി
ദളിത്-സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുകയും അത് പിന്‍വലിക്കാതെ ന്യായീകരിക്കുകയും ചെയ്യുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ ധാര്‍ഷ്ട്യം കേരള സമൂഹം അംഗീകരിക്കില്ലെന്ന് അഖിലേന്ത്യ ദളിത് അവകാശമുന്നേറ്റ സമിതി (എഐഡിആര്‍എം) സംസ്ഥാന പ്രസിഡന്റ് എന്‍. രാജനും സെക്രട്ടറി മനോജ് ബി. ഇടമനയും പറഞ്ഞു. ജനാധിപത്യവിരുദ്ധവും സാമൂഹ്യനീതിക്കതിരേയുള്ള കടന്നുകയറ്റവും എന്ത് വില കൊടുത്തും ചെറുക്കുമെന്ന് അഖിലേന്ത്യാ ദളിത് അവകാശ സമിതി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ബ്രാഹ്‌മണ്യത്തിന്റെ അഹന്തയ്ക്ക് ചരിത്രം ഉത്തരം പറഞ്ഞിട്ടുണ്ട്. ഫ്യൂഡല്‍ ചിന്തകള്‍ക്ക് മറുപടി നല്‍കാന്‍ ആവശ്യമെങ്കില്‍ വീണ്ടും വില്ലുവണ്ടിയുമായി ഇറങ്ങാനും കേരള ജനത മടിക്കില്ല. നവോത്ഥാനം പഠിപ്പിച്ചതും പഠിച്ചതും മറക്കാനല്ല, അരികുവത്ക്കരിക്കപ്പെട്ടവരെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കാനുള്ള പ്രഖ്യാപനങ്ങളാണ് അടൂരിനെ പോലെയുള്ളവരില്‍ നിന്നും ഉണ്ടാകേണ്ടതെന്നും എഐഡിആര്‍എം പ്രസ്താവനയില്‍ പറഞ്ഞു.
പട്ടികജാതിയില്‍പെടുന്ന സിനിമാപ്രവര്‍ത്തകരെയും വനിതാ സിനിമ പ്രവര്‍ത്തകരെയും അപഹസിക്കുക വഴി തൂത്തെറിയപ്പെട്ട വര്‍ണ്ണ വ്യവസ്ഥിതിയെ തിരികെ കൊണ്ടുവരുവാനുള്ള പരിശ്രമമാണ് ആധുനിക യുഗത്തില്‍ അടൂര്‍ ചെയ്തത്. ഇത് ചോദ്യം ചെയ്ത ഗായിക പുഷ്പവതിയെ പരിഹസിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ദളിത് വിഭാഗത്തില്‍പ്പെട്ട ചലച്ചിത്ര കലാകാരന്‍മാര്‍ക്ക് മികച്ച സിനിമ ചെയ്യുവാനുള്ള സര്‍ഗ്ഗശേഷി ഇല്ല എന്ന് പ്രചരിപ്പിക്കാനുള്ള ശ്രമം പാഴ്‌വേലയാണ്.
കോളേജുകളില്‍ മൂന്നു വര്‍ഷം ബിരുദവും ഫിലിം ഇന്‍സ്റ്റിറ്റൂട്ടുകളില്‍ നിന്ന് പിജിയും നേടിയവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ക്കാണ് സര്‍ക്കാര്‍ സഹായം ചെയ്യുന്നത്. ബോധപൂര്‍വ്വം ഇവരെ കഴിവ് കെട്ടവര്‍ എന്ന് ഇകഴ്ത്തിക്കാട്ടുകയാണ് അടൂര്‍ വീണ്ടും ചെയ്തത്. ലെനിന്‍ രാജേന്ദ്രനും കലാഭവന്‍ മണിയും സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ അടൂര്‍ മറന്നു പോയിരിക്കുന്നു. ചലച്ചിത്രരംഗത്തെ സവര്‍ണ്ണാധിപത്യത്തിന്റെ തൊഴുത്തില്‍ കെട്ടുവാനുള്ള പരിശ്രമങ്ങളെ നേരിടുക തന്നെ ചെയ്യുമെന്നും എഐഡിആര്‍എം നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.
Content Highlights: AIDRM slams Adoor Gopalakrishnan implicit anti-dalit, anti-women statements helium made
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·