ബര്‍മുഡയുടെ ഡ്വെയ്ന്‍ ലെവറോക്കിനെ ഓര്‍മയുണ്ടോ? ക്രിക്കറ്റ് ലോകകപ്പുകളിലെ ഏറ്റവും സുന്ദരമായ ഒരു ക്യാച്ചിന്റെ പേരില്‍ പ്രസിദ്ധനാണീ താരം. 2007 മാര്‍ച്ച് 19. വെസ്റ്റ് ഇന്‍ഡീസിലെ ലോകകപ്പില്‍ ഇന്ത്യയും ബര്‍മുഡയും തമ്മിലാണ് മത്സരം. ബര്‍മുഡയ്ക്കായി പതിനേഴു വയസ്സ് മാത്രമുള്ള മാലചി ജോണ്‍സ് പന്തെറിയാനെത്തുന്നു. മത്സരത്തിലെ രണ്ടാം ഓവര്‍. ലോകകപ്പില്‍ മാലചിയുടെ ആദ്യത്തെ ഏറാണ്. അക്കാലത്തെ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പയാണ് ക്രീസില്‍. പന്ത് ഉത്തപ്പയുടെ ബാറ്റില്‍ എഡ്ജു ചെയ്ത് സ്ലിപ്പില്‍ ഡ്വെയ്ന്‍ ലെവറോക്കിന്റെ കൈകളിലേക്ക്. ഡൈവു ചെയ്ത് ഒറ്റക്കൈകൊണ്ട് പന്തെത്തിപ്പിടിക്കുന്ന ലെവറോക്കിന്റെ ശരീരഭാരം അന്ന് 127 കിലോഗ്രാം ആയിരുന്നു.

ശരീരഘടന വെച്ചുനോക്കിയാല്‍ ലെവറോക്കിന് ആ വിധത്തിലൊരു ക്യാച്ച് സാധ്യമായോ എന്ന് നമ്മള്‍ അന്തംവിടും. പക്ഷേ, അതിന്റെ മുന്‍പുള്ള കായികാധ്വാനവും നിരന്തര പരിശീലനവുമാണ് അദ്ദേഹത്തെ ആ വിധത്തിലൊരു പറന്നുപിടിക്കലിന് പ്രാപ്തനാക്കിയത്. അക്കൊല്ലത്തെ ലോകകപ്പിന് ബര്‍മുഡ യോഗ്യത നേടിയതും ലെവറോക്കിന്റെയടക്കം മികവിലൂടെയായിരുന്നു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വണ്ണത്തെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ വിമര്‍ശനമാണ് ഇതിവിടെ പറയാനുള്ള കാരണം. ഷമ 'എക്‌സി'ല്‍ പോസ്റ്റു ചെയ്ത രോഹിത്തിനെതിരായ വിമർശനം വലിയ വിവാദമായിരുന്നു. ഒരു കായികതാരമെന്ന നിലയില്‍ രോഹിത്തിന് വണ്ണം കൂടുതലാണെന്നും ഇന്ത്യ കണ്ട തീരെ മതിപ്പുളവാക്കാത്ത ക്യാപ്റ്റനാണെന്നുമായിരുന്നു വിമര്‍ശനം. ബി.സി.സി.ഐ. അടക്കം ഇതിനെ എതിര്‍ത്ത് രംഗത്തെത്തി. വിവാദമായതോടെ പോസ്റ്റ് നീക്കംചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുകയും ഷമ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. വിന്‍ഡീസിന്റെ റഹ്കീം കോണ്‍വെല്‍, ശ്രീലങ്കയുടെ അര്‍ജുന രണതുംഗ, പാകിസ്താന്റെ അസം ഖാന്‍, ഇന്‍സമാമുല്‍ ഹഖ്, അഫ്ഗാനിസ്താന്റെ മുഹമ്മദ് ഷഹ്‌സാദ്, ഇന്ത്യയുടെ രമേശ് പവാര്‍, ഓസ്‌ട്രേലിയയുടെ മാര്‍ക്ക് കോസ്‌ഗ്രോവ് എന്നിവരെല്ലാം ശരീരഭാരത്തെ തോല്‍പ്പിച്ച് മുന്നേറിയ അന്താരാഷ്ട്ര താരങ്ങളാണ്.

ക്രിക്കറ്റ് താരത്തിന്റെ വണ്ണം സംബന്ധിച്ച് പ്രത്യേകമായ ഒരു നിയമവുമില്ല എന്നതാണ് വസ്തുത. ഫിറ്റായിരിക്കുക എന്നതാണ് പ്രധാനം. അതേസമയം ഭാരം, ഉയരം, വേഗം, ശക്തി, ചടുലത എന്നിവയെല്ലാം ഒരു ക്രിക്കറ്റ് കളിക്കാരനെ സംബന്ധിച്ച് വളരെ പ്രധാനമാണുതാനും. അതില്‍ത്തന്നെ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഇതെല്ലാം വ്യത്യാസപ്പെട്ടിരിക്കും എന്നതും ഓര്‍ക്കുക.
ക്രിക്കറ്റിലെ ശാരീരികക്ഷമത എന്നത് വെറും ശക്തിക്കും സ്റ്റാമിനയ്ക്കും ഒക്കെ അപ്പുറത്താണ്. വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങളില്‍ നടത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് അത് വിലയിരുത്തപ്പെടുക. ബാറ്റര്‍ എത്ര വണ്ണമുള്ള വ്യക്തിയാവട്ടെ, അടിച്ചുകൂട്ടുന്ന റണ്‍സാണ് അവിടെ പ്രധാനം. ബൗളര്‍ എത്ര ഉയരംകുറഞ്ഞ വ്യക്തിയാണെങ്കിലും, വിക്കറ്റെടുക്കാന്‍ കഴിഞ്ഞാല്‍ പിടിച്ചുനില്‍ക്കാം. ഭാരക്കൂടുതലോ ഭാരക്കുറവോ അല്ല, ഫീല്‍ഡിങ്ങിലെ വ്യാപ്തി വര്‍ധിപ്പിക്കുക എന്നതാണ് ഒരു നല്ല ഫീല്‍ഡറുടെ മേന്മ. ഇക്കാര്യങ്ങളിലെ ചെറിയ ഏറ്റക്കുറച്ചിലുകള്‍പ്പോലും കളിയുടെ ജയപരാജയത്തെ നിര്‍ണയിക്കും.

വേണ്ടത് ഒപ്റ്റിമല്‍ ഫിറ്റ്‌നസ്
ക്രിക്കറ്റ് എന്നത് കായികാധ്വാനം മാത്രം വേണ്ട കളിയല്ല. തന്ത്രവും ഏകാഗ്രതയും സമ്മര്‍ദത്തെ അതിജീവിക്കാനുള്ള കഴിവുമെല്ലാം ചേരുമ്പോഴേ അതൊരു പ്രൊഫഷണല്‍ ഗെയിമാവൂ. കളി മനസ്സിലാക്കി തന്ത്രങ്ങള്‍ മെനയുന്നതില്‍ ധോനി അഗ്രഗണ്യനായിരുന്നു. പില്‍ക്കാലത്ത് കോലി ക്യാപ്റ്റനായിരുന്നപ്പോള്‍ ധോനിയുടെ അടുത്തുചെന്ന് ഉപദേശം തേടിയിരുന്നത് ഇക്കാരണം കൊണ്ടാണ്.
ഇക്കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനല്‍ ഓര്‍മയില്ലേ. വെറും 26 പന്തില്‍ 24 റണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് കപ്പിലേക്കുള്ള ദൂരം. ക്രീസിലാവട്ടെ, വെടിക്കെട്ട് ബാറ്റർ ഹെന്റിച്ച് ക്ലാസനും ഡേവിഡ് മില്ലറും. ഇരുവരും നന്നായി കളിച്ചുകൊണ്ടിരിക്കെയാണ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ നിലത്ത് വീണ നിലയില്‍ കണ്ടത്. ക്യാപ്റ്റന്‍ രോഹിത്ത് അപ്പോള്‍ ബൗളര്‍ ഹാര്‍ദിക് പാണ്ഡ്യയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പന്ത് വീണുകിടക്കുന്നത് കണ്ട ഉടനെത്തന്നെ ടീം ഫിസിയോയെ വിളിച്ചു.
കളിയില്‍ ചെറിയൊരു കാലതാമസം വന്നു. ഇന്ത്യക്ക് തന്ത്രങ്ങള്‍ മെനയാന്‍ കാര്യമായ സമയം കിട്ടി. വാസ്തവത്തില്‍ അതൊരു വ്യാജമായ കാല്‍മുട്ടു വേദനയായിരുന്നെന്ന് പിന്നീട് പന്ത് പറയുന്നുണ്ട്. ക്ലാസന്റെ ബാറ്റില്‍നിന്നുള്ള 'കൂട്ടക്കൊല' തടയാന്‍ എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു തന്റെ ഉദ്ദേശ്യമെന്നും പന്ത് പറഞ്ഞു. രോഹിത്തും അക്കാര്യം പിന്നീട് ശരിവയ്ക്കുന്നുണ്ട്. അതില്‍പ്പിന്നെ നന്നായി കളിച്ചുകൊണ്ടിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് കളിയിലെ ഒഴുക്ക് നഷ്ടപ്പെട്ടു. ജയിക്കുമെന്നുറച്ചിടത്തുനിന്ന് അവര്‍ കിരീടം കൈവിട്ടു. പറഞ്ഞുവന്നത്, കളിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ തന്ത്രങ്ങള്‍ മെനയാനും സമ്മര്‍ദത്തെ അതിജീവിക്കാനും ഇത്തരം ആസൂത്രണങ്ങള്‍ക്കൂടി ഒരു കായികതാരത്തിന് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടാനാണ്. സമ്മര്‍ദങ്ങള്‍ അകറ്റുക വഴി മികച്ച തീരുമാനങ്ങളെടുക്കാന്‍ ഇത് സഹായിക്കും.

ബാറ്ററെ സംബന്ധിച്ചിടത്തോളം നീണ്ട ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ക്ഷമത, സഹിഷ്ണുത, ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ അതിവഗേം പ്രവര്‍ത്തിക്കാനുള്ള കഴിവ്, ബോളും ബാറ്റും തമ്മിലുള്ള ഏകോപനത്തിന് സഹായിക്കുന്ന കണ്ണ് എന്നിവയെല്ലാമാണ് വേണ്ടത്. സ്‌പെല്ലുകളുടെ വേഗവും കൃത്യതയും നിലനിര്‍ത്തുന്നതിനാവശ്യമായ ശക്തിയും നിയന്ത്രണവുമാണ് ഒരു ബൗളര്‍ക്കു വേണ്ടത്. വേഗം, ചടുലത, സഹിഷ്ണുത എന്നിവയെല്ലാമാണ് ഒരു ഫീല്‍ഡര്‍ക്ക് ആവശ്യം. വണ്ണത്തിനും വലുപ്പത്തിനുമൊക്കെ അപ്പുറത്ത്, ക്രിക്കറ്റില്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍, ഈ വിധത്തിലുള്ള ഫിറ്റ്‌നസാണ് വേണ്ടത്.
ഉയരമുണ്ടായിട്ടാണോ സച്ചിന്‍
ഉയരം കൂടുതല്‍ അനുകൂലമായ ഘടകമാണെന്ന വാദം അംഗീകരിച്ചാല്‍, എല്ലാ ഉയരം കൂടിയവരും ക്രിക്കറ്റില്‍ കയറിപ്പറ്റണമല്ലോ. അതുണ്ടാവുന്നില്ല. ഓരോ ടീമിലെയും കളിക്കാരെ എടുത്തുനോക്കുക. അവരില്‍ വലുപ്പമുള്ളവരും ചെറിയവരും വണ്ണമുള്ളവരും മെലിഞ്ഞവരും തുടങ്ങി എല്ലാ തരക്കാരുമുണ്ട്. നല്ലപോലെ ക്രിക്കറ്റ് കളിക്കാനറിയുക എന്നതാണ് പ്രധാനം. വണ്ണവും വലുപ്പവുമൊക്കെ കളിയുടെ വിവിധ സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് ഗുണമായോ ദോഷമായോ ഭവിക്കും എന്നതു മാത്രമേയുള്ളൂ.
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്ററായി ഗണിക്കപ്പെടുന്ന, ഇതിഹാസമെന്ന് സര്‍വ യോഗ്യതകളോടെയും വിളിക്കാവുന്ന ബാറ്ററാണല്ലോ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഉയരവും വലുപ്പവുമൊക്കെ കണക്കാക്കിയാല്‍, ഒരു ക്രിക്കറ്റര്‍ക്കു വേണ്ട ശരീരഘടനയില്ലായിരുന്നു സച്ചിന് എന്നു പറയാം. പക്ഷേ, ക്രിക്കറ്റിന്റെ ഏറ്റവും പ്രോജ്ജ്വലമായ അധ്യായങ്ങളെല്ലാം തുന്നിച്ചേര്‍ത്താണ് അയാള്‍ കളംവിട്ടത്. ശാരീരിക ഘടനയ്ക്കും അപ്പുറത്താണ് ക്രിക്കറ്റിന്റെ കാര്യങ്ങളുടെ കിടപ്പ് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്.

സച്ചിനെയും വിരാട് കോലിയെയും കുറിച്ച് ഒരു സംവാദംവെച്ചാല്‍, രണ്ടു പക്ഷത്തെയും വലുതാക്കിപ്പറയാന്‍ കഴിയുന്ന ഒരന്തരീക്ഷമുണ്ട് നമുക്ക്. ചിലര്‍ക്ക് സച്ചിനായിരിക്കും മികച്ചത്. അല്ലാ, കോലിയാണ് ഭേദം എന്ന് വിചാരിക്കുന്നവരുമുണ്ട്. രണ്ടു കാലത്തെ രണ്ട് ബാറ്റര്‍മാരെ ഒരേ ത്രാസില്‍ അളക്കുന്നതുതന്നെ അടിസ്ഥാനപരമായി ശരിയല്ല.
ഐ.പി.എലും ടി20-യുമൊക്കെ വന്നതില്‍പ്പിന്നെ ക്രിക്കറ്റിന്റെ വേഗം കൂടി. 15 പന്തില്‍നിന്ന് ഫിഫ്റ്റിയും 30 പന്തില്‍നിന്ന് സെഞ്ചുറിയും നേടുന്ന തരത്തിലേക്ക് അത് വളര്‍ന്നു. ആ വിധത്തില്‍ പരിഗണിച്ചാല്‍ സച്ചിനെക്കാള്‍ ഏറെ മുന്‍പന്തിയിലായിരിക്കും വിരാട് കോലി. സച്ചിന്‍ ആ കാലം ആവശ്യപ്പെടുന്ന ക്രിക്കറ്റ് കളിച്ചു, കോലി ഈ കാലം ആവശ്യപ്പെടുന്ന ക്രിക്കറ്റ് കളിച്ചു എന്നതേയുള്ളൂ. രണ്ടുപേരും രണ്ട് കാലങ്ങളിലെ പ്രഗല്ഭരായ കായികതാരങ്ങളാണ്.
ആധുനിക യുഗത്തിന് ഏറ്റവും അനുയോജ്യനായ ബാറ്ററാണ് രോഹിത് ശര്‍മ. നിസ്വാര്‍ഥനായ താരം എന്ന് അദ്ദേഹത്തെപ്പറ്റി അര്‍ഥശങ്കയ്ക്കിടയില്ലാതെ പറയാം. ഓപ്പണറായി വന്ന് തകര്‍ത്തു കളിച്ച്, ടീമിനാകെത്തന്നെ ഉണര്‍വേകുന്ന താരം. രോഹിത് തുടക്കമിടുന്ന ആ വേഗം കുറയാതിരിക്കാന്‍ പിന്നാലെ വരുന്നവരും ശ്രദ്ധിക്കുന്നു. അതുകൊണ്ടാണ് ഇന്ത്യന്‍ സ്‌കോര്‍ മിക്കവാറും മുന്നൂറും കടന്ന് മുന്നേറുന്നത്. കളി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്, ആ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് കളിക്കാന്‍ കഴിയുന്ന താരമാണ് രോഹിത്ത്.
എന്തുകൊണ്ട് രോഹിത്?
ക്രിക്കറ്റിന്റെ പരിണാമം കളിശൈലിയും സാങ്കേതിക പുരോഗതിയിലും മാത്രമല്ല, കളിക്കാരുടെ ശാരീരിക നിലവാരത്തിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശാരീരികമായി ഫിറ്റായിരിക്കുക എന്നതിലുപരി, ശരീരത്തെ ആ വിധം തോന്നിപ്പിക്കുന്ന അഴകുവരുത്തുക എന്ന മട്ടിലേക്ക് ഇപ്പോഴത്തെ വര്‍ക്കൗട്ട് മാറി. അതിനാല്‍ത്തന്നെ കളിക്കുന്നവരെല്ലാം ശാരീരികമായി സുന്ദരന്മാരും സുന്ദരികളുമായി മാറുന്ന ഒരു ട്രെന്‍ഡ് രൂപപ്പെട്ടു. അതിനനുസരിച്ചുള്ള വര്‍ക്കൗട്ട് സംവിധാനങ്ങള്‍ വ്യാപകമായതും അനുകൂല ഘടകമായി.
നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും സീനിയര്‍ താരമാണ് രോഹിത് ശര്‍മ. സച്ചിനും സെവാഗും യൂസഫ് പത്താനും പിയൂഷ് ചൗളയുമെല്ലാം ചേര്‍ന്ന ഇന്ത്യന്‍ ടീമിനൊപ്പം കളി തുടങ്ങിയ വ്യക്തിയാണ്. ആ സമയത്തെ കളിക്കാരുടെ ശാരീരിക ഘടനയില്‍നിന്ന് ഏറെ മാറി പുതിയ തലമുറയിലെ ക്രിക്കറ്റര്‍മാര്‍. ബാറ്റര്‍മാരുടെ ശരാശരി ഉയരത്തിലും വണ്ണത്തിലുമെല്ലാം വലിയ വ്യത്യാസങ്ങളുണ്ടായി. അതായിരിക്കണം ഒരുപക്ഷേ, രോഹിത് ശര്‍മയ്‌ക്കെതിരേ ഈവിധം എതിര്‍പ്പ് ഉയര്‍ന്നതിന്റെ കാരണം. കളിയില്‍ അവര്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിച്ച്, കേവലം ശാരീരികമായ അനുയോജ്യതകള്‍ പറഞ്ഞ് അവരെ തളര്‍ത്താന്‍ ശ്രമിക്കലാണ് ഇതുകൊണ്ട് സംഭവിക്കുന്നത്.
പക്ഷേ, ക്യാപ്റ്റനെന്ന നിലയില്‍ സമ്മര്‍ദ സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, ഗെയിം പ്ലാനുകള്‍ നടപ്പിലാക്കാനുള്ള കഴിവ്, കളിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ വേണ്ടവിധത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് എന്നിവയിലെല്ലാം രോഹിത് ഏറെ മുന്നിലാണെന്ന കാര്യം വിസ്മരിച്ചുകൂടാ. ശാരീരിക നിലവാരത്തിനുമപ്പുറത്ത്, തന്റെ കഴിവുകളെ നന്നായി അടയാളപ്പെടുത്താന്‍ രോഹിത്തിന് കഴിയുന്നുണ്ട്. നിലവില്‍ ഏറ്റവും സ്‌റ്റൈലിസ്റ്റ് ബാറ്ററാണ് രോഹിത് ശര്‍മ. ക്രിക്കറ്റിലാണെങ്കിലും ഫുട്‌ബോളിലാണെങ്കിലും ശാരീരിക നിലവാരത്തിന്റെ തോത് അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയില്‍ അത് ഇനിയും കൂടും. ശരീരഘടനയ്ക്ക് ആ വിധം പ്രാധാന്യം വര്‍ധിച്ചുവരുന്ന കാലത്ത് പ്രത്യേകിച്ചും.
രോഹിത്തിനെ പഴിക്കുന്നവര്‍ അറിയാന്‍

രോഹിത്തിനെക്കാള്‍ വണ്ണമുള്ള ഒരു ക്രിക്കറ്ററുണ്ടായിരുന്നു നമുക്ക്. രഞ്ജി ട്രോഫിയിലെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ടീമിലിടംനേടിയ രമേശ് പവാര്‍. വലംകൈയന്‍ ഓഫ് സ്പിന്നറായി ടീമിലെത്തിയ താരം 2004-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം നടത്തി. ഏതാണ്ട് 90 കിലോഗ്രാമായിരുന്നു പവാറിന്റെ ഭാരം. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ റഹ്കീം കോണ്‍വാളാണ് ക്രിക്കറ്റിലെ ഏറ്റവും ഭാരംകൂടിയ താരം. ക്രിക്കറ്റിലെ മനുഷ്യമല എന്ന വിളിപ്പേരുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാരം 140 കിലോഗ്രാമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ് കൊണ്ടും മികവ് തെളിയിക്കാന്‍ അദ്ദേഹത്തിനായി. ആകെ നേടിയ റണ്‍സിന്റെ 36 ശതമാനവും വിക്കറ്റുകള്‍ക്കിടയിലൂടെ ഓടിയെടുത്തതായിരുന്നു.
മുന്‍ പാക് താരം മോയിന്‍ ഖാന്റെ മകന്‍ അസം ഖാന്റെ ഭാരം 110 കിലോഗ്രാമായിരുന്നു. ഏറ്റവും ഭാരംകൂടിയ വിക്കറ്റ് കീപ്പറാണ് അദ്ദേഹം. ആകെ റണ്‍സിന്റെ 38 ശതമാനവും ഡബിള്‍സും സിംഗിള്‍സും വഴിയാണ് ലഭിച്ചത്. പാകിസ്താന്റെ എക്കാലത്തെയും ഉജ്ജ്വല ബാറ്ററായ ഇന്‍സമാമുല്‍ ഹഖിന്റെ ഭാരം നൂറിന് പുറത്തായിരുന്നു. ടെസ്റ്റില്‍ 49.33 ശരാശരിയോടെ 8830 റണ്‍സും ഏകദിനത്തില്‍ 39.53 ശരാശരിയോടെ 11739 റണ്‍സും നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പാകിസ്താനുവേണ്ടി ഏറ്റവുംകൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമാണ്. 81 ക്യാച്ചുകളും നേടി. അഫ്ഗാനിസ്താന്റെ മികച്ച ബാറ്ററായ മുഹമ്മദ് ഷഹ്‌സാദിന്റെ ഭാരവും നൂറ് കിലോഗ്രാമിലധികമുണ്ടായിരുന്നു.
സര്‍ഫറാസ് ഖാനും പൃഥ്വി ഷായും അടക്കം ഇരകള്‍

ശരീരഭാരം സംബന്ധിച്ച വിമര്‍ശനങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് രോഹിത് ശര്‍മയുടേത്. ക്രിക്കറ്റില്‍ പൃഥ്വി ഷാ, സര്‍ഫറാസ് ഖാന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഭാരം സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. പൃഥ്വി ഷായെ ടീമില്‍നിന്ന് തഴഞ്ഞതിനെ ഒരിക്കല്‍ സുനില്‍ ഗാവസ്‌ക്കര്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഫിറ്റ്‌നസ് എന്നത് പെര്‍ഫോമന്‍സാണ്, ഭാരമോ ശരീരഘടനയോ അല്ലെന്നാണ് ഗാവസ്‌ക്കര്‍ വ്യക്തമാക്കിയത്. പൃഥ്വി ഷായുടെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ട്രോളിയവരും ഒട്ടേറെ.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ട്രാക്ക് റെക്കോഡുണ്ടായിട്ടും സര്‍ഫറാസ് ഖാന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയടഞ്ഞത് അദ്ദേഹത്തിന്റെ ഭാരമായിരുന്നു. ടീമിലേക്ക് പരിഗണിക്കുന്ന അവസരങ്ങളിലെല്ലാം സര്‍ഫറാസിന്റെ ഭാരം ഒരു വിഷയമായി വന്നു. പക്ഷേ, അതെല്ലാം മറികടന്ന് കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുകതന്നെ ചെയ്തു അദ്ദേഹം. അരങ്ങേറ്റ പരമ്പരയിലും തുടര്‍ന്ന് ന്യൂസീലന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും മികച്ച പ്രകടനമാണ് സര്‍ഫറാസ് കാഴ്ചവെച്ചത്.









English (US) ·