Published: July 30 , 2025 10:54 AM IST
1 minute Read
-
ലോക ചാംപ്യൻഷിപ്പിൽ ലെഡക്കിയുടെ ആകെ മെഡലുകൾ 28, മുന്നിൽ ഫെൽപ്സ് മാത്രം (33)
സിംഗപ്പൂർ ∙ 1500 മീറ്ററിൽ കാറ്റി ലെഡക്കിയെ നീന്തിത്തോൽപിക്കാൻ ലോക വേദിയിൽ ഇത്തവണയും ആർക്കുമായില്ല. ലോക നീന്തൽ ചാംപ്യൻഷിപ്പിൽ വനിതാ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ 15:26.44 മിനിറ്റിൽ ഫിനിഷ് ചെയ്ത യുഎസ് സൂപ്പർതാരം, ഈയിനത്തിലെ ആറാം ലോക സ്വർണം കഴുത്തിലണിഞ്ഞു. കഴിഞ്ഞദിവസം 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കലത്തിൽ ഒതുങ്ങേണ്ടി വന്നതിന്റെ നിരാശ തീർത്ത ലെഡക്കി, ലോക ചാംപ്യൻഷിപ്പിലെ 22–ാം സ്വർണവുമായാണ് ഇന്നലെ കരയ്ക്കു കയറിയത്.
ലോക നീന്തൽ ചാംപ്യൻഷിപ്പിലെ 28–ാം മെഡൽ നേടിയ ഇരുപത്തെട്ടുകാരി ലെഡക്കി, അമേരിക്കൻ താരം റയാൻ ലോക്ടയെ (27) മറികടന്നു. ലോക ചാംപ്യൻഷിപ് മെഡൽനേട്ടത്തിൽ ഇനി ലെഡക്കിക്കു മുന്നിലുള്ളത് 26 സ്വർണമടക്കം 33 മെഡലുകൾ നേടിയ അമേരിക്കൻ ഇതിഹാസ താരം മൈക്കൽ ഫെൽപ്സ് മാത്രം.
2013ൽ, 15–ാം വയസ്സിൽ ലെഡക്കി കരിയറിലെ ആദ്യ ലോക റെക്കോർഡ് കുറിച്ച മത്സരയിനമാണ് 1500 മീറ്റർ ഫ്രീസ്റ്റൈൽ. 2013 ലോക ചാംപ്യൻഷിപ്പിലൂടെ ആദ്യ സ്വർണം നേടിയതും ഈയിനത്തിൽ. 2018ൽ ലെഡക്കി കുറിച്ച 15:20.48 മിനിറ്റാണ് നിലവിലെ ലോക റെക്കോർഡ്. ഇതടക്കം 1500 മീറ്ററിലെ മികച്ച 26 സമയങ്ങളിൽ ഇരുപത്തഞ്ചും ഇപ്പോൾ ലെഡക്കിയുടെ പേരിലാണ്.
800 മീറ്റർ ഫ്രീസ്റ്റൈലിലെ തന്റെ ലോക റെക്കോർഡ് അടുത്തിടെ മെച്ചപ്പെടുത്തിയ ലെഡക്കിക്കു ലോക ചാംപ്യൻഷിപ്പിൽ ഈയിനത്തിലും സ്വർണ പ്രതീക്ഷയുണ്ട്. പാരിസ് ഒളിംപിക്സിൽ 2 സ്വർണം നേടിയ താരം 9 സ്വർണമടക്കം 14 മെഡലുകൾ ഒളിംപിക്സിൽനിന്നു മാത്രം സ്വന്തമാക്കിയിട്ടുണ്ട്.
English Summary:








English (US) ·