ഗുവാഹത്തി∙ ഏഷ്യ കപ്പ് കിരീടനേട്ടത്തിന്റെ മധുരം നുണഞ്ഞു തീരും മുൻപ് ആരാധകർക്കിതാ മറ്റൊരു ക്രിക്കറ്റ് വിരുന്ന്. ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പ് ടൂർണമെന്റ് ഇന്നു മുതൽ. ആതിഥേയർ തമ്മിൽ കൊമ്പുകോർക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് തുടക്കം.
ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ഇന്ത്യയും വെറ്ററൻ താരം ചമരി അട്ടപ്പട്ടു നയിക്കുന്ന ശ്രീലങ്കയും തമ്മിലുള്ള പോരാട്ടം ആഘോഷമാക്കാൻ ബർസപാറയിലെ എസിഎ ക്രിക്കറ്റ് സ്റ്റേഡിയം സജ്ജമായിക്കഴിഞ്ഞു. മത്സരം ഉച്ചകഴിഞ്ഞ് 3 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സറ്റ്ാറിലും തത്സമയം.
ലോക റാങ്കിങ്ങിൽ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും പിറകിൽ മൂന്നാം സ്ഥാനക്കാരാണെങ്കിലും സ്വന്തം നാട്ടുകാരെ സാക്ഷികളാക്കി, 47 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കന്നി വനിതാ ഏകദിന ലോകകിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഹർമനും സംഘവും. അടുത്തിടെ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന പരമ്പര 1–2നു നഷ്ടപ്പെട്ടതൊന്നും ടീം ഇന്ത്യയുടെ ആത്മവിശ്വാസം കെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം സന്നാഹ മത്സരത്തിൽ ന്യൂസീലൻഡിനെതിരെ നേടിയ 4 വിക്കറ്റ് വിജയം മികച്ച തയാറെടുപ്പായി. 79 പന്തിൽ 74 റൺസ് നേടിയ ഹർലീൻ ഡിയോളും 42 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ പേസർ അരുന്ധതി റെഡ്ഡിയുമായിരുന്നു ആ മത്സരത്തിൽ ഇന്ത്യയുടെ താരങ്ങൾ.
നാടെന്ന കരുത്ത്സ്വന്തം നാട്ടിൽ പരിചിതമായ പിച്ചുകളിൽ ഇന്ത്യയുടെ സ്പിന്നർമാരായ ദീപ്തി ശർമ, സ്നേഹ് റാണ, രാധാ യാദവ് എന്നിവർ മികച്ച പ്രകടനം നടത്തുമെന്നാണു പ്രതീക്ഷ. ക്യാപ്റ്റൻ ഹർമന്റെ പരിചയസമ്പത്തും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ മിന്നും ഫോമും ജമീമ റോഡ്രിഗ്സിന്റെ വിശ്വസ്തതയും ബാറ്റിങ്ങിനു കരുത്തു പകരും.
പരുക്ക് ഭീഷണി
കരുത്തരായ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ചിരവൈരികളായ പാക്കിസ്ഥാനും എതിരെയുള്ള സമ്മർദ മത്സരങ്ങളിൽ ആത്മവിശ്വാസം ചോരാതെ നോക്കണം. വിക്കറ്റ് കീപ്പർ ബാറ്റർ യാസ്തിക ഭാട്യ പരുക്കേറ്റ് ലോകകപ്പിൽനിന്നു പുറത്തായതിനു പിന്നലെ പേസർ അരുന്ധതി റെഡ്ഡിക്കു സന്നാഹമത്സരത്തിൽ ചെറിയ പരുക്കേറ്റിരുന്നു. ടൂർണമെന്റിനിടെ പ്രധാന താരങ്ങൾക്കാർക്കെങ്കിലും പരുക്കേറ്റാൽ വലിയ തിരിച്ചടിയാകും.
ലങ്കൻ വെല്ലുവിളിസമീപകാലത്ത് കളിച്ച 8 ഏകദിനങ്ങളിൽ 2 എണ്ണത്തിൽ മാത്രമാണ് ശ്രീലങ്കയ്ക്കു വിജയിക്കാനായത്. ലോകകപ്പ് സന്നാഹ മത്സരത്തിൽ ബംഗ്ലദേശിനോടു പരാജയപ്പെട്ടു. പക്ഷേ, സെമിഫൈനലെങ്കിലും ഉറപ്പിക്കുകയാണ് ചമരി അട്ടപ്പട്ടുവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. പവർ പ്ലേയിൽ ഹസിനി പെരേരയും വിഷ്മി ഗുണരത്നെയും ഭേദപ്പെട്ട തുടക്കം നൽകിയാൽ ചമരിയും ഹർഷിത സമരവിക്രമയുമടങ്ങുന്ന മധ്യനിരയ്ക്കു സമ്മർദം കുറയും. എന്നാൽ, ഇനോക രണവീര, സുഗന്ധി ദസ്സനായകെ, ദെവ്‌മി വിഹൻഗ, കവീഷ ദിൽഹാരി എന്നിവരടങ്ങുന്ന നാൽവർ സംഘത്തിന്റെ സ്പിൻ മികവാണ് ശ്രീലങ്കയുടെ മുന്നേറ്റത്തെ കാര്യമായി സ്വാധീനിക്കുക.
പിച്ച് റിപ്പോർട്ട്ഗുവാഹത്തിയിലെ ബാർസപാറ ക്രിക്കറ്റ് സ്റ്റേഡിയം ബാറ്റിങ്ങിനെ പിന്തുണയ്ക്കും. മികച്ച ബൗൺസ് പന്ത് ടൈം ചെയ്യാൻ ബാറ്റർമാരെ സഹായിച്ചേക്കും. എന്നാൽ, ലൈനും ലെങ്തും കണ്ടെത്തുന്ന പേസർമാർക്കും പിച്ചിന്റെ ഗുണം ലഭിക്കാനിടയുണ്ട്. മത്സരം പുരോഗമിക്കുന്നതിനിടെ പിച്ചിന്റെ വേഗം അൽപം കുറയുന്നത് സ്പിന്നർമാരെ നേരിയ തോതിൽ സഹായിച്ചേക്കാം. എങ്കിലും ബാറ്റിങ് മികവായിരിക്കും മത്സരവിധി തീരുമാനിക്കുക.
റൗണ്ട് റോബിൻ; പിന്നെ നോക്കൗട്ട്വനിതാ ഏകദിന ലോകകപ്പ്: ആകെ 31 മത്സരങ്ങൾ. മികച്ച 4 ടീമുകൾ നോക്കൗട്ടിൽ. സെമി ഫൈനലുകൾ ഒക്ടോബർ 29, 30 തീയതികളിലും ഫൈനൽ നവംബർ 2നും.
8 ടീമുകൾലോകകപ്പിൽ പങ്കെടുക്കുന്നത് 8 ടീമുകൾ. ഇന്ത്യയ്ക്കൊപ്പം വനിതാ ചാംപ്യൻഷിപ് സൈക്കിളിലെ ആദ്യ 5 സ്ഥാനക്കാരായ ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവർ നേരത്തേ യോഗ്യത നേടി. പാക്കിസ്ഥാനിൽ നടന്ന യോഗ്യതാ മത്സരങ്ങളിൽ മികവു കാട്ടിയ പാക്കിസ്ഥാനും ബംഗ്ലദേശും സ്ഥാനമുറപ്പിച്ചു.
വെസ്റ്റിൻഡീസ് ഔട്ട്വനിതാ ഏകദിന ലോകകപ്പിൽ വെസ്റ്റിൻഡീസ് യോഗ്യത നേടാത്തതു 2000നു ശേഷം ആദ്യമായാണ്. യോഗ്യതാ റൗണ്ടിൽ നെറ്റ് റൺറേറ്റിൽ ബംഗ്ലദേശ് നേരിയ വ്യത്യാസത്തിന് അവരെ മറികടന്നു.
5 വേദികൾ
ഇന്ത്യയിൽ ഗുവാഹത്തി, ഇൻഡോർ, വിശാഖപട്ടണം, നവി മുംബൈ എന്നിവയാണ് ഇന്ത്യയിലെ വേദികൾ. പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും കൊളംബോയിൽ. ആദ്യ സെമിഫൈനലും പാക്കിസ്ഥാൻ ഫൈനലിലെത്തുകയാണെങ്കിൽ ആ മത്സരവും കൊളംബോയിൽ നടക്കും
സമ്മാനത്തുക 123.1 കോടി രൂപ!ആകെ സമ്മാനത്തുക 1.38 കോടി യുഎസ് ഡോളർ (ഏകദേശം 123.1 കോടി രൂപ). വനിതാ ലോകകപ്പ് ചരിത്രത്തിൽ റെക്കോർഡാണിത്. 2023ലെ പുരുഷ ഏകദിന ലോകകപ്പ് സമ്മാനത്തുക ഒരു കോടി ഡോളറായിരുന്നു.
English Summary:








English (US) ·