Published: May 21 , 2025 09:13 AM IST Updated: May 21, 2025 09:31 AM IST
1 minute Read
ഡൽഹിക്കാരൻ ദിഗ്‌വേശ് റാഠിയെ ഈ ഐപിഎലിനായി ലക്നൗ സൂപ്പർ ജയന്റ്സ് ടീമിലെടുത്തതു 30 ലക്ഷം രൂപയ്ക്കാണ്. എന്നാൽ 9.31 ലക്ഷം രൂപ ഇതിനകം തന്നെ പെരുമാറ്റദൂഷ്യത്തിനു പിഴയായി അടച്ചുകഴിഞ്ഞു ഇരുപത്തിയഞ്ചുകാരൻ റാഠി. അച്ചടക്കനടപടിയുടെ പേരിൽ ഐപിഎലിന്റെ നോട്ട്ബുക്കിൽ ഇത്രയധികം ചുവപ്പുമഷി വീണ മറ്റൊരു താരവുമില്ല. ബാറ്റർമാരെ പുറത്താക്കുമ്പോൾ നടത്തുന്ന നോട്ട്ബുക്ക് ആഘോഷം (പുറത്താക്കിയ ബാറ്ററുടെ പേര് നോട്ട്ബുക്കിൽ എഴുതുന്ന പോലെ ആംഗ്യം കാണിക്കുക) റാഠിയെ സ്ഥിരം പ്രശ്നക്കാരൻ എന്ന വിശേഷണത്തിന് അർഹനാക്കിക്കഴിഞ്ഞു.
ഏറ്റവുമൊടുവിൽ തിങ്കളാഴ്ച ഹൈദരാബാദ് ബാറ്റർ അഭിഷേക് ശർമയെ പുറത്താക്കിയ ശേഷവും റാഠി വിവാദത്തിന്റെ നോട്ട്ബുക്ക് തുറന്നു. അതിനുശേഷം അഭിഷേകുമായുണ്ടായ വാക്കേറ്റംകൂടിയായപ്പോൾ കിട്ടിയതു മാച്ച് ഫീയുടെ 50 ശതമാനം പിഴ (3.75 ലക്ഷം രൂപ). അടുത്ത മത്സരത്തിൽ വിലക്കും പ്രഖ്യാപിക്കപ്പെട്ടു. ഇഷൻ കിഷനെ പുറത്താക്കിയപ്പോഴും റാഠി ഇതേ ആഘോഷം തുടർന്നതു ‘നന്നാവില്ല’ എന്നതിന്റെ സൂചനയാണ് എന്നാണ് ആരാധകപക്ഷം.
∙ കുറ്റവും ശിക്ഷയും
നിലവിൽ 3 ലെവൽ വൺ കുറ്റങ്ങളാണ് റാഠിയുടെ പേരിലുള്ളത്. ഏപ്രിൽ ഒന്നിനു പഞ്ചാബിനെതിരായ മത്സരത്തിൽ പ്രിയാംശ് ആര്യയെ പുറത്താക്കിയപ്പോഴായിരുന്നു റാഠിയുടെ ആദ്യ നോട്ട്ബുക്ക് ആഘോഷം. അന്നു മാച്ച് ഫീയുടെ 25 ശതമാനം (1.87 ലക്ഷം രൂപ) പിഴ കിട്ടി; ഒരു ഡീമെറിറ്റ് പോയിന്റും.
മുംബൈയ്ക്കെതിരായ അടുത്ത മത്സരത്തിൽ നമൻ ധിറിന്റെ വിക്കറ്റ് എടുത്തപ്പോഴും ആഘോഷം ആവർത്തിച്ച റാഠിക്കു 50 ശതമാനം പിഴയും 2 ഡീമെറിറ്റ് പോയിന്റുമായി. ഇന്നലെ 2 പോയിന്റ് കൂടിയായതോടെ ആകെ 5 ഡീമെറിറ്റ് പോയിന്റുകൾ. അതോടെയാണ് അടുത്ത മത്സരത്തിൽ വിലക്കു വന്നത്.
∙ വിലക്കിനിടയിലും മികച്ച പ്രകടനം
പിഴയും വിലക്കും കിട്ടിയെങ്കിലും ഈ സീസണിലെ 12 മത്സരങ്ങളിൽനിന്നു 14 വിക്കറ്റുകൾ നേടിയിട്ടുണ്ട് ലെഗ് സ്പിന്നറായ റാഠി. ഡൽഹി പ്രിമിയർ ലീഗിലെ (ഡിപിഎൽ) മികച്ച പ്രകടനമാണ് റാഠിക്ക് ഐപിഎലിലേക്കു വഴിതുറന്നത്. സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിന്റെ താരമായിരുന്ന റാഠി 10 കളികളിൽനിന്ന് 7.82 ആവറേജിൽ 14 വിക്കറ്റുകൾ നേടി.
ഋഷഭ് പന്ത് അടക്കം ഒട്ടേറെ മുൻനിര ബാറ്റർമാർ റാഠിയുടെ മുന്നിൽ മുട്ടുമടക്കിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ആകെ കളിച്ചത് 2 മത്സരങ്ങളാണങ്കിലും 3 വിക്കറ്റുകൾ നേടി. മണിപ്പുരിനെതിരെയുള്ള നിർണായക മത്സരത്തിൽ 11 റൺസ് മാത്രം വഴങ്ങി നേടിയ 2 വിക്കറ്റുകളാണ് ടീമിനെ രക്ഷിച്ചത്.
∙ നരെയ്ന്റെ ‘ശിഷ്യൻ’
പന്ത് കയ്യിലൊളിപ്പിച്ച പോലെ ആക്‌ഷനിൽ പന്തെറിയുന്ന റാഠിയെ ഇക്കാര്യത്തിൽ വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്‌നുമായാണ് പലരും താരതമ്യപ്പെടുത്തുന്നത്. കളിക്കളത്തിലെ അച്ചടക്കത്തിൽ അൽപം പിന്നിലാണെങ്കിലും പന്തെറിയുന്നതിൽ നേരേ തിരിച്ചാണ്. കളിച്ച എല്ലാ കളികളിലും 4 ഓവർ പൂർത്തിയാക്കിയ ഏക ലക്നൗ താരമെന്നതു ടീം റാഠിയെ കൃത്യമായി ഉപയോഗിച്ചതിന്റെ തെളിവാണ്.
വലംകൈ ബാറ്റർമാരെ ഗൂഗ്ലിയും കാരംബോളുമെറിഞ്ഞ് വട്ടംകറക്കിയും ഇടംകൈ ബാറ്റർമാരെ ഗൂഗ്ലിയിൽ കുരുക്കിയും മികവു പുറത്തെടുക്കുന്ന റാഠി മികച്ച ലൈനും ലെങ്തും കണ്ടെത്തുകയും ചെയ്യുന്നു.
DIGVESH RATHI SUSPENDED.
- Digvesh has been fined 50% of his lucifer fees and suspended Vs GT.
- Abhishek Sharma besides fined 25%. pic.twitter.com/fiWJ5SuY6S
English Summary:









English (US) ·