Published: January 07, 2026 11:13 AM IST
1 minute Read
കൊൽക്കത്ത∙ ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ഒഴിവാക്കിയ ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാന് നഷ്ടപരിഹാരത്തുക ലഭിച്ചേക്കില്ല. പരുക്കുമൂലം ടീമിൽ നിന്നു പുറത്തായാൽ മാത്രമേ കളിക്കാർക്ക് നഷ്ടപരിഹാരമായി തുക നൽകേണ്ടതുള്ളൂ എന്നാണ് ഐപിഎൽ നിയമം. ഇതാണ് മുസ്തഫിസുറിന് തിരിച്ചടിയായത്. ഇത്തവണത്തെ ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് കൊൽക്കത്ത മുസ്തഫിസുറിനെ ടീമിൽ എത്തിച്ചത്.
എന്നാൽ ഇന്ത്യ– ബംഗ്ലദേശ് നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെ ബംഗ്ലദേശ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ നിർദേശിക്കുകയായിരുന്നു. പിന്നാലെ ബംഗ്ലദേശ് സർക്കാർ ഐപിഎൽ ബ്രോഡ്കാസ്റ്റിങ്ങും വിലക്കി. അതേസമയം, മുസ്തഫിസുർ ഇത്തവണത്തെ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുമെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ലേല നടപടികളുടെ ഭാഗമാക്കി മുസ്തഫിസുറിനെ ഏതെങ്കിലും ടീമിൽ ഉൾപ്പെടുത്താനാണ് പിഎസ്എൽ സംഘാടകരുടെ നീക്കം. 2018ൽ ലഹോർ ക്വാലാൻഡേഴ്സിന്റെ താരമായിരുന്ന മുസ്തഫിസുർ അഞ്ച് മത്സരങ്ങളിൽ കളിക്കാനിറങ്ങിയിരുന്നു. പിന്നീട് ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി വിവിധ ഫ്രാഞ്ചൈസികളിലും കളിച്ചു.
ഐപിഎൽ താരലേലത്തിൽ വിറ്റുപോയ ഏക ബംഗ്ലദേശി താരമായിരുന്നു മുസ്തഫിസുർ. അതേസമയം മുസ്തഫിസുർ റഹ്മാന്റെ പകരക്കാരനെ കൊൽക്കത്ത ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മറ്റൊരു വിദേശ പേസറെ കണ്ടെത്താൻ കൊൽക്കത്തയ്ക്ക് ആവശ്യത്തിനു സമയം അനുവദിക്കാമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.
English Summary:








English (US) ·