കൊച്ചി: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് പരാതിക്കാരിയായ വനിതാ നിര്‍മ്മാതാവ്. യുദ്ധം ജയിച്ചതുപോലെയാണ് തനിക്കിപ്പോള്‍ തോന്നുന്നതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോള്‍ സമാധാനമുള്ള അവസ്ഥയിലാണ് താനുള്ളത്. സിനിമാ ഇന്‍ഡസ്ട്രിയിലെ ഉന്നതര്‍ക്കെതിരെയാണ് താന്‍ പരാതി നല്‍കിയതെന്നും പരാതിക്കാരി പറഞ്ഞു.
'സന്തോഷത്തെക്കാളപ്പുറം ഒരു യുദ്ധം ജയിച്ച ഫീലാണ് ഇപ്പൊ എനിക്കുള്ളത്. കാരണം ഇന്‍ഡസ്ട്രിയിലെ ഏറ്റവും ഉന്നതര്‍ക്കെതിരെയാണ് ഞാന്‍ പരാതി കൊടുത്തത്. എന്റെ സ്വന്തം സഹോദരങ്ങളെ പോലെ കണ്ടിരുന്ന ആളുകളാണ്. അവരെന്നോട് ചെയ്ത അനീതിക്കെതിരെ ഞാന്‍ പ്രതികരിച്ചു. അതിന് അവര്‍ എന്നെ നശിപ്പിക്കാനും ദ്രോഹിക്കാനും എല്ലാ രീതിയിലും അവര്‍ ശ്രമിച്ചു. അതിനെയെല്ലാം അതിജീവിച്ച്, ഞാന്‍ ഉന്നയിച്ച പരാതി സത്യമാണെന്നും കൃത്യമായ തെളിവുണ്ടെന്നും പറയുന്ന കുറ്റപത്രം പോലീസ് ഇന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഇതൊരു വിജയമായി തന്നെയാണ് ഞാന്‍ കാണുന്നത്.' -പരാതിക്കാരി പറഞ്ഞു.
'മുഖ്യമന്ത്രി പിണറായി വിജയനോടും സര്‍ക്കാരിനോടും പരാതി കാര്യക്ഷമമായി അന്വേഷിച്ച ഐജി പൂങ്കുഴലിയോടും അന്വേഷണസംഘത്തിലുണ്ടായിരുന്ന സിബി, മധു തുടങ്ങിയ ഒരുപാട് പോലീസ് ഉദ്യോഗസ്ഥരോടും നന്ദി പറയുന്നു. അവരാണ് എട്ടുമാസത്തിനുള്ളില്‍ കൃത്യമായ തെളിവുകളോട് കൂടി കുറ്റപത്രം സമര്‍പ്പിച്ചത്. സമാധാനമുള്ള അവസ്ഥയിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. കള്ളപ്പരാതിയാണ് കൊടുത്തത് എന്ന് ആക്ഷേപമുണ്ടായിരുന്നു. അത് പലരും വിശ്വസിച്ചു. ഈ സാഹചര്യത്തിലാണ് എനിക്ക് പുറത്തുവന്ന് എന്റെ വിഷമങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ടിവന്നത്. പക്ഷേ ഇന്ന് ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്നും ഇതെല്ലാം ഉണ്ടായ കാര്യങ്ങളാണെന്നും പോലീസ് കോടതിയില്‍ പറഞ്ഞിരിക്കുകയാണ്.' -പരാതിക്കാരി തുടര്‍ന്നു.
കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നു. പരാതില്‍ പറയുന്നവര്‍ തന്നെയാണ് അതിന് പിന്നിലും. അത് ഇപ്പോഴും നടക്കുകയാണ്. അതിന്റെ ഇരയാണ് താന്‍. പക്ഷേ താന്‍ പോരാടുക തന്നെ ചെയ്യും. എത്രയൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചാലും കൊല്ലാന്‍ ശ്രമിച്ചാല്‍ പോലും താന്‍ അവസാന അവസാനശ്വാസം വരെ അതിനെ നേരിടുകയും അതിജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.
'സിനിമ ചെയ്യാന്‍ എനിക്ക് തടസമുണ്ട്. എത്രയോ ആളുകളെ പരസ്യമായി തന്നെ വിലക്കിയ ആളുകള്‍ക്കെതിരെയാണ് ഞാന്‍ പരാതി കൊടുത്തത്. അതിനാല്‍ തന്നെ അലിഖിതമായ വിലക്കുകളുണ്ട്. അതുമാത്രമല്ല, പലരീതിയിലും എന്നെ തകര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പക്ഷേ പുരുഷാധിപത്യമുള്ള ഒരു ഇന്‍ഡസ്ട്രിയില്‍ 15 വര്‍ഷം എനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ ഇനിയും നില്‍ക്കും.'
'എന്റെ കേസിലെ രണ്ടാം പ്രതിയായ ബി. രാകേഷ്, നാലാം പ്രതിയായ ഔസേപ്പച്ചന്‍ വാളക്കുഴി എന്നിവരാണ് ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റിയിലുള്ളത്. അവര്‍ പ്രതികളാണ്, വേട്ടക്കാരാണ്. അവരെങ്ങനെയാണ് ഒരു ഇരയ്ക്ക് നീതി വാങ്ങിക്കൊടുക്കുക? ഒരിക്കലും സാധിക്കില്ല. ഞാന്‍ ആദ്യം മുതലേ പറയുന്നുണ്ട്, ഐസി കമ്മിറ്റി കാര്യക്ഷമമാകണമെങ്കില്‍ അതില്‍ പുറത്തുനിന്നുള്ള ആളുകള്‍ വേണം. അല്ലാതെ സിനിമയില്‍ തന്നെയുള്ള ആളുകള്‍ ഐസി കമ്മിറ്റിയില്‍ ഇരുന്നാല്‍ ഇരയ്ക്ക് ഒരിക്കലും നീതി ലഭിക്കില്ല.' -പരാതിക്കാരി വ്യക്തമാക്കി.
Content Highlights: 'I consciousness similar won a war' says pistillate shaper who filed intersexual harassment complaint
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·