16 May 2025, 09:38 AM IST

പ്രതീകാത്മകചിത്രം | ഫോട്ടോ: AP
ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തെത്തുടർന്ന് കാൻ ചലച്ചിത്രമേളയിലെ ഒരു എക്സിക്യൂട്ടീവിനെ സംഘാടകർ സസ്പെൻഡ് ചെയ്തു. ചലച്ചിത്രമേളയ്ക്കൊപ്പം സമാന്തരമായി നടക്കുന്ന ഒരു പരിപാടിയുടെ വൈസ് പ്രസിഡന്റിനെയാണ് സസ്പെൻഡ് ചെയ്തത്. കാൻ ചലച്ചിത്രമേളയിൽവെച്ച് എക്സിക്യൂട്ടീവ് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു യുവതിയുടെ ആരോപണം.
ഫ്രാൻസിന്റെ സിനിമാ ബോർഡ് (സിഎൻസി) സംഘടിപ്പിച്ച ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഒരു വട്ടമേശ സമ്മേളനത്തിനിടെയാണ് യുവതി ആരോപണമുന്നയിച്ചത്. ചർച്ചയ്ക്കിടെ ഇവർ എഴുന്നേറ്റ് നിന്ന് എസിഐഡി കാൻസ് സിനിമാ വിഭാഗത്തിലെ ഒരു എക്സിക്യൂട്ടീവിനെ പരസ്യമായി കുറ്റപ്പെടുത്തുകയായിരുന്നു. ആ യുവതി വലിയ ധൈര്യത്തോടെയാണ് വെളിപ്പെടുത്തൽ നടത്തിയതെന്ന് സമ്മേളനത്തിനെത്തിയ മുറിയിലുണ്ടായിരുന്ന ഫ്രഞ്ച് എംപി എർവാൻ ബാലനന്റ് എഎഫ്‌പിയോട് പ്രതികരിച്ചു. ആരോപണത്തിന് പിന്നാലെ ആരോപണവിധേയനായ എക്സിക്യൂട്ടീവിനെ സസ്പെൻഡ് ചെയ്തു.
മൂന്ന് മുൻ പങ്കാളികൾ ബലാത്സംഗ ആരോപണം ഉന്നയിച്ചതിനെത്തുടർന്ന്, പാം ഡി ഓറിനായുള്ള മത്സരത്തിലുണ്ടായിരുന്ന ഒരു സിനിമയുടെ വ്യാഴാഴ്ചത്തെ പ്രീമിയറിൽ നിന്ന് ഒരു ഫ്രഞ്ച് നടനെ വിലക്കിയ അതേ സമയത്താണ് മറ്റൊരു ലൈംഗികാതിക്രമ ആരോപണവും ഉയർന്നത്. എക്സിക്യൂട്ടിവിനെതിരെ ആഭ്യന്തര അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. കുറ്റാരോപിതനായ വൈസ് പ്രസിഡന്റിന്റെ പേര് പുറത്തുവിട്ടിട്ടില്ല.
എസിഐഡി കാൻസ് പരിപാടി ഔദ്യോഗിക കാൻ ഫെസ്റ്റിവലിന്റെ ഭാഗമല്ല. മേളയ്ക്ക് സമാന്തരമായി നടക്കുന്ന പരിപാടിക്ക് കാനുമായി ചില സംഘടനാപരമായ ബന്ധങ്ങളുണ്ട്. വളർന്നുവരുന്ന സംവിധായകരെയും കൂടുതൽ പരീക്ഷണാത്മക സിനിമകളെയും പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായാണ് എസിഐഡിയെ കണക്കാക്കുന്നത്.
Content Highlights: Sexual Assault Accusation Leads to Suspension astatine Parallel Cannes Film Event
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·