ലോ ആന്റ് ഓര്‍ഡര്‍

1 day ago 2

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചെടുക്കുന്നതാണ് ലോ ആന്റ് ഓര്‍ഡറിന്റെ തിരക്കഥാ കൗശലം. പിരിമുറുക്കവും വൈകാരികതയും മാത്രമല്ല അങ്ങനെയൊരു രംഗം പ്രേക്ഷകരാരും പ്രതീക്ഷിക്കാത്തതുമായിരുന്നു. എന്നാല്‍ അതിനു മുമ്പോ അതിനു ശേഷമോ അത്തരമൊരു ഉയര്‍ച്ചയോ മികവോ നേടാന്‍ ചിത്രത്തിനായില്ല. അതുതന്നെയാണ് ലോ ആന്റ് ഓര്‍ഡറിനെ ബാധിക്കുക.

പല രൂപത്തിലും ഭാവത്തിലും പൊലീസ് കഥകള്‍ സിനിമകളിലെല്ലാം വരാറുണ്ട്. പൊലീസുകാര്‍ നായകന്‍മാരും വില്ലന്മാരുമായെല്ലാം വരുന്ന ഭൂരിപക്ഷം സിനിമകളും പ്രേക്ഷകര്‍ ആസ്വദിക്കാറുമുണ്ട്. എല്‍ ഒ അഥവാ ലോ ആന്റ് ഓര്‍ഡര്‍ എന്ന ചിത്രവും അത്തരമൊരു പൊലീസ് കഥയായതിനാലും രഞ്ജിത് എന്ന സംവിധായകനാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നതിനാലും പ്രേക്ഷകര്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനാവില്ല.

തുടരും സിനിമയില്‍ ജോര്‍ജ്ജ് സാറെന്ന പൊലീസ് ഉദ്യോഗസ്ഥനായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച പ്രകാശ് വര്‍മ തന്റെ അടുത്ത സിനിമയിലും ഡി വൈ എസ് പി വേഷത്തില്‍ തന്നെയാണ് ക്യാമറയ്ക്ക് മുമ്പിലെത്തുന്നത്. ജോര്‍ജ്ജ് സാറില്‍ നിന്നും തികച്ചും വ്യത്യസ്തനായൊരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് മാത്രം. കൂടാതെ, പൊലീസ് വേഷത്തിലെ തുടര്‍ച്ച കാഴ്ചക്കാരെ ബാധിക്കാതിരിക്കാനാവണം അദ്ദേഹം കൂടുതല്‍ സമയം യൂണിഫോമിലല്ല പ്രത്യക്ഷപ്പെടുന്നത്.

പ്രകാശ് വര്‍മയോടൊപ്പം ഒരുപിടി പുതുമുഖങ്ങളെ മുഴുനീളം അവതരിപ്പിക്കാനുള്ള ധൈര്യം സംവിധായകന്‍ കാണിച്ചു എന്നതാണ് ഈ സിനിമയുടെ ഒരു പ്രത്യേകത. ഋതുദേവ് അയ്യപ്പന്‍, റിനോഷ് ജോര്‍ജ്ജ്, ഡോണ്‍ മിഖായേല്‍, നിജാദ് ബാബു തോമസ്, സജല്‍ സുദര്‍ശന്‍, ഷനൂദ് ഇബ്രാഹിം തുടങ്ങി ഒരുപിടി അഭിനേതാക്കള്‍ക്ക് നായകനു തുല്യമായ വേഷമാണ് നല്‍കിയിരിക്കുന്നത്.

ലോ ആന്റ് ഓര്‍ഡറിന്റെ മറ്റൊരു കൗതുകം ആ സിനിമയിലെ അഭിനേതാക്കളുടെ നീണ്ടനിരയാണ്. കുറേ പുതുമുഖങ്ങളെ സിനിമയിലുടനീളം അവതരിപ്പിച്ചതിനോടൊപ്പം ഒറ്റ രംഗത്തേക്ക് മാത്രമായി നിരവധി പ്രമുഖ താരങ്ങളേയാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. സാബുമോന്‍ അബ്ദുസ്സമദ്, നന്ദു, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ശങ്കര്‍ രാമകൃഷ്ണന്‍, ജോണി ആന്റണി തുടങ്ങി വലിയ നിര ചെറിയ ഭാഗത്തു മാത്രം വന്നു പോകുന്നു. ഐ വി ശശി ചിത്രങ്ങളിലേതു പോലെ വന്‍ താരനിരയും വന്‍ ആള്‍ക്കൂട്ടവുമുണ്ട് സിനിമയില്‍.

ഈ സിനിമയുടെ മൂന്നാമത്തെ കൗതുകം മലയാള സിനിമയിലെ നിരവധി സംവിധായകര്‍ അഭിനേതാക്കളായി രംഗത്തെത്തി എന്നതുകൂടിയാണ്. വി കെ പ്രകാശ് പ്രധാനപ്പെട്ടൊരു റോള്‍ കൈകാര്യം ചെയ്തപ്പോള്‍ പൊലീസ് ഓഫിസറായി ജോയ് മാത്യു, ജഡ്ജിയായി ജോണി ആന്റണി, ഗുണ്ടയായി അജയ് വാസുദേവ്, മുഖ്യമന്ത്രിയായി ശങ്കര്‍ രാമകൃഷ്ണന്‍, തുടങ്ങി എ എസ് ഐയായി ഭീമന്‍ രഘു വരെയുള്ള സംവിധായക നിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലോ ആന്റ് ഓര്‍ഡര്‍ പ്രേക്ഷകര്‍ക്കായി കാത്തുവെക്കുന്ന നാലാമത്തെയും പ്രധാനപ്പെട്ടതുമായ കൗതുകം മമ്മൂട്ടി യുടെ സാന്നിധ്യമാണ്. അതിഥി താരമായാണ് മമ്മൂട്ടി വരുന്നതെങ്കിലും രഞ്ജിത്തിന്റെ തന്നെ രണ്ടു പതിറ്റാണ്ടു മുമ്പുള്ള സിനിമയിലെ കഥാപാത്രമായാണ് അദ്ദേഹം രംഗപ്രവേശം ചെയ്യുന്നത്. 2004ല്‍ രഞ്ജിത് രചനയും സംവിധാനവും നിര്‍വഹിച്ച ബ്ലാക്ക് എന്ന ചിത്രത്തിലെ കാരക്കാമുറി ഷണ്‍മുഖനെന്ന ഹെഡ് കോണ്‍സ്റ്റബിള്‍ കഥാപാത്രത്തിന്റെ മറ്റൊരു വേര്‍ഷനുമായാണ് മമ്മൂട്ടി അതിഥിയായി വരുന്നത്. കൂടെ ഷണ്‍മുഖന്റെ സഹായി മമ്മാലിയായി മോഹന്‍ ജോസുമുണ്ട്. അകമ്പടിയായി 'അമ്പലക്കര തെച്ചിക്കാവിലെ പൂരം' എന്ന ബ്ലാക്കിലെ ഹിറ്റ് ഗാനത്തിന്റെ സംഗീതവുമുണ്ട്. ബ്ലാക്കിന്റെ നിര്‍മാതാവ് ലാല്‍ ആയതുകൊണ്ടും സംഗീത സംവിധായകന്‍ അലക്‌സ് പോള്‍ ആയതുകൊണ്ടുമാകണം ടൈറ്റില്‍ കാര്‍ഡില്‍ ഇരുവര്‍ക്കും നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലും പ്രത്യേകിച്ച് കൊച്ചിയിലും പിടിമുറുക്കിയ മയക്കുമരുന്ന് മാഫിയക്കെതിരെ മികച്ച സന്ദേശം നല്‍കുന്നതാണ് ലോ ആന്റ് ഓര്‍ഡറെങ്കിലും അതിന്റെ കൃത്യമായൊരു പള്‍സിലേക്കെത്താന്‍ സിനിമയ്ക്ക് കഴിയാതെ പോകുന്നുണ്ട്. കേരളത്തില്‍ തൂഫാന്‍ പോലെ മയക്കുമരുന്നിന് എതിരെ അതിശക്തമായ നീക്കം നടക്കുമ്പോള്‍ ഇതുപോലൊരു സിനിമയിലൂടെ സമൂഹത്തിന് മികച്ച സന്ദേശം നല്‍കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ രചനയിലോ മേക്കിംഗിലോ കാര്യമായ പരീക്ഷണങ്ങളോ അത്ഭുതങ്ങളോ കാണിക്കാനാവാതെ പോയത് പ്രസ്തുത സന്ദേശത്തിന്റെ മേന്മയിലേക്ക് എത്താനാവാത്ത അവസ്ഥയുണ്ടാക്കി.

ഡി വൈ എസ് പി ബാലഗോപാലും അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായ കൂട്ടുകാരായ അഞ്ച് എസ് ഐമാരും ചേര്‍ന്ന് നടത്തുന്ന ഓപ്പറേഷനാണ് സിനിമയെ നയിക്കുന്നത്. കാംപസുകളിലും യുവാക്കളിലും എങ്ങനെയൊക്കെയാണ് മയക്കുമരുന്ന് സ്വാധീനം ചെലുത്തുന്നതെന്നും അതിനു പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ നടത്തുന്ന കുടില പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും ഈ സിനിമ വരച്ചു കാണിക്കുന്നുണ്ട്. എന്നാല്‍ റേവ് പാര്‍ട്ടികളും മയക്കുമരുന്ന് വില്‍പ്പനയുമെല്ലാം ചേരുംപടി ചേര്‍ത്തപ്പോള്‍ ആ ബിസിനസിന്റെ മായിക ലോകത്തേക്ക് യുവത്വം ആകര്‍ഷിക്കപ്പെടാനുള്ള സാധ്യതയും ഇല്ലാതില്ല.

തീര്‍ത്തും ഫ്‌ളാറ്റായാണ് സിനിമയുടെ കഥ നീങ്ങുന്നത്. തുടര്‍ച്ചയായി പോകുന്ന കഥയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളം മാറ്റി വെച്ച സംഭാഷണ രീതികളുമെല്ലാം ഈ സിനിമയിലേക്ക് കടന്നുവരുന്നുണ്ട്. കഥ തുടങ്ങുന്നത് 2000 ജനുവരിയിലാണെങ്കിലും പെട്ടെന്നുതന്നെ അത് ചാടി 2025ലേക്ക് എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ കാലത്തിന് അനുയോജ്യമായ രീതിയില്‍ കഥ പറയാനുള്ള ശ്രമം ഒരല്‍പം കൂടി വേണമായിരുന്നു.

വയനാട്ടില്‍ ഉരുള്‍പൊട്ടിയ ചൂരല്‍മല പ്രദേശവും കല്‍പറ്റയിലെ പുനരധിവാസ കേന്ദ്രങ്ങളുടെ നിര്‍മാണവും ലോ ആന്റ് ഓര്‍ഡറില്‍ കാണിക്കുന്നുണ്ട്. ഒരുപക്ഷേ, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ പ്രദേശം സിനിമയില്‍ വരുന്നത് ആദ്യമായിട്ടായിരിക്കണം. സിനിമയിലെ ഒരു കഥാപാത്രം ചൂരല്‍മല സ്വദേശിയായതിനാല്‍ ആ നാടും ്അവിടുത്തെ ഉരുള്‍പൊട്ടലാനന്തരമുള്ള ഭീതിതമായ കാഴ്ചയും സ്‌കൂളും ബെയ്‌ലി പാലവുമെല്ലാം സിനിമയില്‍ വരുന്നത് മലയാളികള്‍ക്ക് ആ ദുരന്തമുഖത്തിന്റെ കാഴ്ച അനുഭവിക്കാനുള്ള അവസരം നല്‍കുന്നുണ്ട്.

ലോ ആന്റ് ഓര്‍ഡര്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നിയേക്കാവുന്ന ഒരു സംശയം അന്‍പതുകളില്‍ നിന്നും അറുപതുകളില്‍ നിന്നും 2026ലേക്ക് എത്തിയപ്പോഴെങ്കിലും മുസ്‌ലിം കഥാപാത്രങ്ങള്‍ക്ക് ആ 'ടിപ്പിക്കല്‍' ശൈലിയില്‍ നിന്ന് മാറ്റമില്ലേ എന്നാണ്. ദേവന്‍ അവതരിപ്പിച്ച മേത്തനിക്ക എന്ന മുസ്‌ലിം കഥാപാത്രം ഇപ്പോഴും അറുപതുകളിലെ സിനിമയിലെവിടെയോ കുടുങ്ങിക്കിടപ്പാണ്. പാറയില്‍ ചിരട്ട ഉരയ്ക്കുമ്പോഴുള്ള ശബ്ദമില്ലെന്ന് മാത്രം. രൂപവും ഭാവവുമൊക്കെ ആ പഴയതുതന്നെ. കാലം മാറിയത് കഥാപാത്രങ്ങള്‍ ഇനിയെങ്കിലും അറിയുന്നത് നന്നാവും.

ഷിബു ചക്രവര്‍ത്തിയാണ് ലോ ആന്റ് ഓര്‍ഡറില്‍ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഈ സിനിമയുടെ ഏറ്റവും മനോഹാരിതയും അദ്ദേഹത്തിന്റെ ഗാനങ്ങളാണ്. ജോ ഡാനിയല്‍ നല്‍കിയ സംഗീതം ഗാനങ്ങളുടെ ആത്മാവറിയാന്‍ സഹായിക്കുന്നുണ്ട്. ബിജിബാല്‍ ഒരുക്കിയ പശ്ചാതല സംഗീതവും ചലച്ചിത്രത്തിന് ഗുണകരമാകുന്നുണ്ട്. കപില്‍ കപിലന്‍, ടോജന്‍ ടോബി, അനില രാജീവ് എന്നിവരാണ് ഗായകര്‍.

ഉദയ് കൃഷ്ണയുടെ തിരക്കഥയൊരുക്കിയ ലോ ആന്റ് ഓര്‍ഡറിന് ക്യാമറ ചലിപ്പിച്ചത് പ്രശാന്ത് രവീന്ദ്രനാണ്. മികവുറ്റ രീതിയിലുള്ള സംഘട്ടന രംഗങ്ങളുടെ കോറിയോഗ്രഫി ഫീനിക്‌സ് പ്രഭു, പി സി സ്റ്റണ്ട്‌സ്, മാഫിയ ശശി എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.

സത്യം സിനിമാസ്, മഹാസുബൈര്‍ മൂവി ക്ഷേത്ര എന്നിവയുടെ ബാനറില്‍ പ്രേമചന്ദ്രന്‍ എ ജി, മഹാസുബൈര്‍ എന്നിവരാണ് ലോ ആന്റ് ഓര്‍ഡര്‍ നിര്‍മിച്ചത്.

അശ്വിനി പി

ഓതറിനെ കുറിച്ച്

അശ്വിനി പി

സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

Read Entire Article