ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്: ബാറ്റൺ പിടിച്ച് ബോട്‌സ്വാന; മെഡൽ പട്ടികയിൽ യുഎസ് ഒന്നമത്

4 months ago 4

മനോരമ ലേഖകൻ

Published: September 22, 2025 07:22 AM IST Updated: September 22, 2025 09:22 AM IST

1 minute Read

  • 4–400 പുരുഷ റിലേയിൽ ബോട്സ്വാനയ്ക്ക് ചരിത്ര വിജയം

  • മെഡൽ പട്ടികയിൽ യുഎസ് ഒന്നാമത്

പുരുഷ 4–400 റിലേയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന ബോട്സ്വാനയുടെ കോളിൻ കെബിനാഷിപി (നടുവിൽ).
പുരുഷ 4–400 റിലേയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന ബോട്സ്വാനയുടെ കോളിൻ കെബിനാഷിപി (നടുവിൽ).

ടോക്കിയോ ∙ നാഷനൽ സ്റ്റേഡിയത്തിലെ മഴയിൽ കുതിർന്ന ട്രാക്കിൽ ബോട്സ്വാന താരങ്ങൾ ബാറ്റൺ പിടിച്ചോടിയത് ചരിത്രത്തിലേക്ക്. ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ അവസാനദിനത്തിൽ പുരുഷ 4–400 റിലേയിൽ സ്വർണം നേടിയ ബോട്സ്വാന (2:57:76 മിനിറ്റ്) ഈ നേട്ടം കൈവരിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി.

അവസാന ലാപ്പിൽ ഇരുപത്തൊന്നുകാരൻ കോളിൻ കെബിനാഷിപിയുടെ മിന്നൽ കുതിപ്പാണ് നിർണായകമായത്. കഴിഞ്ഞ 10 ലോക ചാംപ്യൻഷിപ്പുകളിൽ ഒൻപതിലും ഈയിനത്തിൽ സ്വർണം നേടിയ യുഎസ് (2:57:83 മിനിറ്റ്) രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കാണ് വെങ്കലം. സെക്കൻഡിന്റെ രണ്ടായിരത്തിൽ ഒരു അംശത്തിനാണ് യുഎസ് ടീം ദക്ഷിണാഫ്രിക്കയെ മറികടന്നത്. 

കഴിഞ്ഞ ദിവസം പുരുഷന്മാരുടെ 400 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ ബോട്‌സ്വാന താരമെന്ന റെക്കോർഡ് സൃഷ്ടിച്ച കോളിൻ കെബിനാഷിപി ഇന്നലെ രാജ്യത്തെ മറ്റൊരു ചരിത്രനേട്ടത്തിലേക്കു നയിക്കുകയായിരുന്നു. തുടക്കം മുതൽ മികച്ച ലീഡിൽ കുതിച്ച യുഎസ് അനായാസ സ്വർണം നേടുമെന്നു കരുതിയപ്പോഴാണ് അവസാന 60 മീറ്ററിലെ അവിശ്വസനീയ കുതിപ്പോടെ കെബിനാഷിപി ബോട്‌സ്വാനയ്ക്ക് അട്ടിമറി വിജയം നേടിക്കൊടുത്തത്. കഴിഞ്ഞദിവസം ഹീറ്റ്സിൽ പുറത്തായ യുഎസ് ടീം അപ്പീലിലൂടെയാണ് ഫൈനലിനു യോഗ്യത നേടിയത്. സാംബിയൻ താരം മത്സരത്തിൽ യുഎസ് താരങ്ങളെ തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി. 4–100 റിലേയിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ യുഎസ് ജേതാക്കളായി.

∙ വെള്ളിത്തിളക്കത്തോടെ ഷെല്ലിയുടെ മടക്കംടോക്കിയോ ∙ കരിയറിലെ 17–ാം ലോക ചാംപ്യൻഷിപ് മെഡലുമായി ജമൈക്കൻ ഇതിഹാസ താരം ഷെല്ലി ആൻ ഫ്രേസർ ട്രാക്കിനോട് വിടപറഞ്ഞു. ഷെല്ലിയുടെ അവസാന മത്സരമായിരുന്നു ഇന്നലെ നടന്ന 4–100 വനിതാ റിലേ. 18 വർഷം നീണ്ട കരിയറിലെ അവസാന മത്സരത്തിൽ മുപ്പത്തെട്ടുകാരി ഷെല്ലി ഉൾപ്പെട്ട ജമൈക്കൻ ടീം വെള്ളി നേടി. 18 വർഷം മുൻപ് കരിയറിലെ ആദ്യ ലോക ചാംപ്യൻഷിപ് മെഡൽ നേടിയ ജപ്പാനിൽനിന്നു തന്നെ അവസാന മെഡലും നേടിയാണ് ഷെല്ലിയുടെ മടക്കം.

∙ യുഎസ് ചാംപ്യൻമാർലോക ചാംപ്യൻഷിപ്പി‌ന്റെ മെഡൽ പട്ടികയിൽ യുഎസ് ഒന്നാമത്. 16 സ്വർണവും 5 വെള്ളിയും 5 വെങ്കലവുമടക്കം 26 മെഡലുകളാണ് യുഎസ് നേടിയത്. 7 സ്വർണമടക്കം 11 മെഡലുകൾ നേടിയ കെനിയ രണ്ടാംസ്ഥാനവും 3 സ്വർണമടക്കം 5 മെഡലുകൾ നേടിയ കാനഡ‍ മൂന്നാം സ്ഥാനവും നേടി. ഇന്ത്യയ്ക്ക് ഇത്തവണ മെഡൽ നേടാനായില്ല.

English Summary:

Botswana Makes History: 4x400m Relay Gold astatine World Athletics Championship

Read Entire Article