നവിമുംബൈ ∙ 146 കോടി നന്ദി! ക്രിക്കറ്റിനെ ചങ്കുപറിച്ചു സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും ഇതിലും വലിയ സമ്മാനം ലഭിക്കാനില്ല. ലോകത്തിന്റെ നെറുകയിൽ ഇന്ത്യയെയും ക്രിക്കറ്റിനെയും എത്തിച്ചതിന് ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി. ആദ്യ രണ്ടു തവണയും കയ്യകലെ നഷ്ടമായ ലോകകപ്പ് കിരീടമാണ് മൂന്നാം അധ്യായത്തിൽ, സ്വന്തം മണ്ണിലെ കലാശപ്പോരിൽ ഇന്ത്യൻ വനിതകൾ കയ്യിലൊതുക്കിയത്. നവിമുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ആരവങ്ങളുടെ തിരമാല തീർത്ത നീലക്കടലിനെ സാക്ഷിയാക്കിയാണ് ഈ സ്വപ്ന സാഫല്യം.
ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തി ഇന്ത്യയുടെ പെൺപട പ്രഖ്യാപിച്ചു: ‘ദിസ് ടൈം ഫോർ ഇന്ത്യ’. 2005, 2017 ലോകകപ്പ് ഫൈനലുകളിലാണ് ഇതിനു മുൻപ് ഇന്ത്യ കളിച്ചിട്ടുള്ളത്. രണ്ടു തവണയും പക്ഷേ കപ്പടിക്കാനായില്ല. 2005ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഓസ്ട്രേലിയയാണ് ഇന്ത്യയെ തോൽപ്പിച്ചത്. 2017ൽ സ്വന്തം നാട്ടിൽ ഇംഗ്ലണ്ടും. 2025ൽ, ആദ്യ കണ്ണീർഫൈനലിന് 20 വർഷങ്ങൾക്കു ശേഷം ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കി.
∙ ആദ്യം ഓസീസിനോട്
2005 ഏകദിന ലോകകപ്പിലാണ് ഇന്ത്യൻ വനിതകൾ ആദ്യമായി ഫൈനൽ കളിക്കുന്നത്. ലീഗ് ഘട്ടത്തിൽ ഏഴിൽ നാലു മത്സരവും ജയിച്ച്, സെമിഫൈനലിൽ കിവീസിനെയും തോൽപ്പിച്ച ഇന്ത്യയ്ക്കു പക്ഷേ ഫൈനലിൽ കാലിടറി. 98 റൺസിന്റെ വമ്പൻ വിജയത്തോടെയാണ് ഓസീസ് അഞ്ചാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 215 റൺസ്. ടൂർണമെന്റിലൂടനീളം ഉജ്വല ഫോമിലായിരുന്നു കാരെൻ റോൾട്ടന്റെ (107) സെഞ്ചറിയും ലിസ സ്റ്റാലേക്കറിന്റെ (55) അർധസെഞ്ചറിയുമാണ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചത്.
ആദ്യ ഫൈനലിന്റെ സമ്മർദവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ മിതാലി രാജിനും സംഘവും ഓസ്ട്രേലിയയുടെ ബോളിങ് ആക്രമണത്തിനു മുന്നിൽ മുട്ടിടിച്ചു വീണു. നാല് ബാറ്റർമാർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായത്. 46 ഓവറിൽ പിടിച്ചുനിന്നെങ്കിലും സ്കോർബോർഡിൽ ആകെ 117 റൺസ്. 29 റൺസെടുത്ത അഞ്ജു ജെയൻ ടോപ് സ്കോറർ. അഞ്ജും ചോപ്ര (10), അമിത ശർമ (22), ജുലൻ ഗോസ്വാമി (18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ. ആറു റൺസെടുത്ത ക്യാപ്റ്റൻ മിതാലി രാജ് റണ്ണൗട്ടായി. അങ്ങനെ ഇന്ത്യയുടെ കിരീടമോഹം പൊലിഞ്ഞു.
∙ ഓ, ലോർഡ്(സ്)
നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വീണ്ടുമൊരു ഫൈനലിൽ ഇന്ത്യ കളിച്ചത്. പക്ഷേ ചരിത്രത്തിനും വിജയത്തിനുമിടയിൽ, ഒരു സിന്ദൂരപ്പൊട്ടിന്റെ അകലത്തിൽ ഇന്ത്യൻ വനിതകൾ പൊരുതിവീണു. അവസാനം വരെ പൊരുതിയ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനോട് ഒൻപതു റൺസിനു തോറ്റു. വിശ്വപ്രസിദ്ധമായ ലോർഡ്സ് സ്റ്റേഡിയത്തിൽ രണ്ടാം തവണയും ഫൈനലിൽ ഇന്ത്യയുടെ കണ്ണീർ വീണു. എന്നാൽ ആദ്യ തവണത്തേതു പോലെ സമ്പൂർണ അടിയറവ് പറഞ്ഞില്ല, അവസാനം വരെ പോരാടിയാണ് വീണത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 50 ഓവറിൽ ഏഴിന് 228ൽ ഇന്ത്യ ഒതുക്കി. 10 ഓവറിൽ മൂന്നു മെയ്ഡൻ ഉൾപ്പെടെ 23 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ജുലൻ ഗോസ്വാമിയാണ് ഇംഗ്ലിഷ് മധ്യനിരയുടെ നട്ടെല്ലൊടിച്ചത്. പൂനം യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തി. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ നിരയിൽ തിളങ്ങിയതു പൂനം റൗട്ടും (115 പന്തിൽ 86) ഹർമൻപ്രീത് കൗറും (81പന്തിൽ 51) മാത്രം. ക്യാപ്റ്റൻ മിതാലി രാജും (17) ഓപ്പണർ സ്മൃതി മന്ഥനയും (0) പരാജയപ്പെട്ടത് ഇന്ത്യയ്ക്കു തിരിച്ചടിയായി. പൂനവും ഹർമൻപ്രീതും ക്രീസിൽ പൊരുതി നിന്ന നേരത്ത് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ സെമി ഫൈനൽ ഹർമൻപ്രീതിന്റെ ദിവസമായിരുന്നെങ്കിൽ, ഫൈനൽ ഇംഗ്ലിഷ് ബോളർ ഷ്രുബ്സോളിന്റെ ദിവസമായിരുന്നു. അവർ നേടിയത് ആറുവിക്കറ്റ്. അതോടെ രണ്ടാം തവണയും ഇന്ത്യയുടെ കിരീടമോഹം പൊലിഞ്ഞു.
∙ സ്വപ്ന സാഫല്യം
ഒന്നു പിഴച്ചാൽ മൂന്ന് എന്ന പഴഞ്ചൊല്ല് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ കാര്യത്തിലെങ്കിലും ശരിയാണ്. ആദ്യ രണ്ടു തവണയും കൈവിട്ടു പോയ ലോകകിരീടം മൂന്നാം തവണ ഇന്ത്യ കയ്യെത്തിപ്പിടിച്ചു. സ്വന്തം മണ്ണിൽ ലോകകപ്പ് കളിക്കാനിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് അത്ര കണ്ട് കിരീടപ്രതീക്ഷയില്ലായിരുന്നു എന്നതാണ് വസ്തുത. ലീഗ് ഘട്ടത്തിൽ ഏഴിൽ മൂന്നു മത്സരങ്ങൾ വിജയിച്ച ഇന്ത്യ, മൂന്നു മത്സരം തുടർച്ചയായി തോറ്റു. ഇതോടെ ടൂർണമെന്റിൽ പുറത്താകലിന്റെ വക്കിലുമായി. എന്നാൽ അവസാനഘട്ടത്തിലെ കളിക്കണക്കിൽ നാലാമതായാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. സെമിയിൽ നേരിട്ടതാകട്ടെ കരുത്തരായ ഓസ്ട്രേലിയെയും. എന്നാൽ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ജമീമ റോഡ്രിഗ്സിന്റെ സെഞ്ചറിക്കരുത്തിലാണ് ഇന്ത്യ ഫൈനലിലെത്തിയത്.
കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ലോകകിരീടം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ, ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 45.3 ഓവറിൽ 246 റൺസിന് അവസാനിച്ചു. അർധസെഞ്ചറി നേടിയ ഓപ്പണർ ഷെഫാലി വർമ (87), ദീപ്തി ശർമ (58) എന്നിവരുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. ചേസിങ്ങിൽ. സെഞ്ചറിയുമായി ക്യാപ്റ്റൻ ലോറ വോൾവാർട്ട് (101) ദക്ഷിണഫ്രിക്കയ്ക്കായി പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ബോളിങ്ങിലും ദീപ്തി ശർമയുടെയും ഷെഫാലി വർമയുടെയും സ്പെല്ലുകളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഇരുവരും അഞ്ചും രണ്ടും വിക്കറ്റ് വീഴ്ത്തി. അങ്ങനെ 1973ൽ തുടങ്ങിയ വനിതാ ലോകകപ്പിന്റെ 13–ാം എഡിഷനിൽ, കന്നിക്കിരീടം ഇന്ത്യയ്ക്ക് സ്വന്തം.
English Summary:








English (US) ·