ലോക ചാംപ്യനായതിനുശേഷം ഗുകേഷും കാൾസനും മുഖാമുഖം; നോർവേ ചെസ് വേദിയിലെ നാടകീയ സംഭവങ്ങളിൽ ചിലത് ഇതാ...!

7 months ago 7

മഹാഭാരതയുദ്ധം തുടങ്ങുകയായി. കുരുക്ഷേത്രത്തിന്റെ കിഴക്കുവശത്തു ഭീഷ്മരുടെ സൈന്യാധിപത്യത്തിൽ കൗരവരുടെ പതിനൊന്നക്ഷൗഹിണിപ്പട. പടിഞ്ഞാറുവശത്തു ധൃഷ്ടദ്യുമ്നന്റെ നേതൃത്വത്തിൽ പാണ്ഡവരുടെ ഏഴക്ഷൗഹിണിപ്പട. യുധിഷ്ഠിരൻ ആയുധംവച്ചു കവചമഴിച്ചു തേരിൽനിന്നിറങ്ങി, ഭീഷ്മരുടെ അടുക്കൽചെന്നു ചോദിച്ചു: ‘യുദ്ധത്തിൽ ഞാനെങ്ങനെയാണ് അങ്ങയെ ജയിക്കുക?

‘‘അങ്ങനെയൊരാളെ ഞാൻ കാണുന്നില്ല, എന്നെ ജയിക്കാൻ പോന്നവനായിട്ട്’’

‘‘അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്, പിതാമഹാ അങ്ങയെ ജയിക്കാനെന്തുവഴി?’’

‘‘ആട്ടെ, എനിക്കിപ്പോൾ മൃത്യുകാലമായില്ല. പിന്നെ വരൂ’’.

സമാനമായൊരു സന്ദർഭമാണ് ഈയിടെ സമാപിച്ച നോർവേ ചെസിലും അരങ്ങേറിയത്. പുതിയ ലോക ചാംപ്യനായ ശേഷം ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ദൊമ്മരാജു ഗുകേഷിന്റെ ആദ്യ ക്ലാസിക്കൽ ചെസ് ടൂർണമെന്റ്. ആദ്യ റൗണ്ടിലെ എതിരാളി മുൻ ലോക ചാംപ്യനും ഒന്നാം നമ്പർ താരവുമായ നോർവേക്കാരൻ മാഗ്നസ് കാൾസൻ. ആദ്യദിനം 55 നീക്കങ്ങളിൽ ഗുകേഷിനെ തോൽപിച്ച് മാഗ്നസ് ഒരു കളിത്തൂക്കം മുന്നിൽ താൻതന്നെ എന്നു തെളിയിച്ചു. എന്നാൽ, ആറാം റൗണ്ട് മത്സരത്തിൽ ഗുകേഷ് തിരിച്ചടിച്ചു.

ക്ലാസിക്കൽ ചെസിൽ ലോക ഒന്നാം നമ്പർ താരത്തിനെതിരെ ഗുകേഷിന്റെ ആദ്യ വിജയം. ജയസാധ്യതയുള്ള കരുനില പരാജയത്തിലേക്കു കൂപ്പുകുത്തിയപ്പോൾ മാഗ്നസിനു രോഷമടക്കാനായില്ല. വികാരത്തള്ളിച്ചയിൽ അദ്ദേഹം ചെസ് മേശയിൽ ആഞ്ഞടിച്ചു. കരുക്കൾ ഒരുനിമിഷം അന്തരീക്ഷത്തിൽ പറന്നുകളിച്ചു. വിജയനിറവിലും ഒരുനിമിഷം ഗുകേഷ് ഞെട്ടി നിന്നു; ലോകവും. എന്നാൽ, തന്റെ രോഷം തന്റെ തന്നെ കളിയോടാണെന്ന അർഥത്തിൽ ഗുകേഷിന്റെ പുറത്തുതട്ടി അഭിനന്ദിച്ചാണു മാഗ്നസ് മടങ്ങിയത്.

കളിയിലെ നിർണായക നിമിഷത്തെ അനുസ്മരിപ്പിച്ച് മേശമേൽ പറക്കുന്ന കരുക്കൾ നിറഞ്ഞ മീമുകളുടെ ബഹളമായി പിന്നെ. നോർവേ ചെസ് അവസാനിക്കുകയും മാഗ്നസ് വീണ്ടും കിരീടം നേടുകയും ചെയ്തിട്ടും ചൂടാറാത്ത ചർച്ച മാഗ്നസിന്റെ തോൽവിയെയും അനന്തര നാടകങ്ങളെയും കുറിച്ചാണ്.

2024ലെ നോർവേ ചെസിനു ശേഷം മാഗ്നസ് കാൾസൻ ക്ലാസിക്കൽ ചെസ് മത്സരങ്ങൾ കളിച്ചിരുന്നില്ല. വേഗ ചെസ് ഇനങ്ങളായ റാപിഡ്, ബ്ലിറ്റ്സ് എന്നിവയിലും ഫ്രീ സ്റ്റൈൽ ചെസിലുമായിരുന്നു ശ്രദ്ധ. ഗുകേഷ് ലോക ചാംപ്യനായശേഷം ക്ലാസിക്കൽ ചെസിൽ ഇവർ തമ്മിൽ നടന്ന ആദ്യ കളിക്ക് അതുകൊണ്ടുതന്നെ പ്രാധാന്യമേറെയുണ്ടായിരുന്നു.

ആദ്യ റൗണ്ടിൽ, ലോകചാംപ്യൻ ഗുകേഷിനെ തോൽപിച്ചതിനെക്കുറിച്ച് ‘‘വിജയം എപ്പോഴും സന്തോഷം നൽകുന്നതാണ്’’ എന്നായിരുന്നു മാഗ്നസിന്റെ മറുപടി. എന്നാൽ, ‘‘യു കം അറ്റ് ദ് കിങ്, യു ബെസ്റ്റ് നോട്ട് മിസ്’’(രാജാവിനെ വെല്ലുവിളിക്കുന്നുണ്ടെങ്കിൽ വിജയം ഉറപ്പാക്കുക) എന്ന അമേരിക്കൻ ക്രൈം ഡ്രാമ ടെലിവിഷൻ പരമ്പര വാക്യം എക്സിൽ കുറിച്ചതിലൂടെ ‘ഞാനാണു കേമൻ’ എന്ന ധ്വനി മുഴങ്ങി.

അതേസമയം, ടൂർണമെന്റ് അവസാനിച്ചപ്പോൾ മാഗ്നസ് പറഞ്ഞതു മറ്റൊന്നാണ്. ‘‘പൊതുവെ നല്ല ചെസാണ് ഞാൻ കളിച്ചത്. ഗുകേഷിനോടുള്ള അവസാന തോൽവിയെത്തുടർന്നുള്ള പെരുമാറ്റത്തെക്കാൾ എന്റെ മോശം കളിയിലാണ് ഞാൻ ഖേദിക്കുന്നത്’’.

ചെസ് ബോർഡിനെ തീപിടിപ്പിച്ച കളികളെക്കാളും ലോകം ശ്രദ്ധിച്ചത് വികാരഭരിതമായ മാഗ്നസിന്റെ പ്രകടനങ്ങളായിരുന്നു. ‘ഷോമാൻഷിപ്’ കായികരംഗത്തു പതിവാണ്. ഹെവിവെയ്റ്റ് വാചകക്കസർത്തുകളും ഗ്വോഗ്വാ വിളികളും നിറഞ്ഞ ബോക്സിങ് കാലം ഓർക്കുക. അതികായരുടെ കാലം കഴിഞ്ഞപ്പോൾ ഹെവിവെയ്റ്റ് ബോക്സിങ്ങിന്റെ ജനപ്രീതി ഇടിഞ്ഞതും കാണുക. ബോബി ഫിഷർ, ഗാരി കാസ്പറോവ് തുടങ്ങിയ പൂർവസൂരികളുടെ ബോർഡിലും പുറത്തുമുള്ള ‘പ്രകടനങ്ങൾ’ ചെസിനെ മുന്നോട്ടു നയിച്ച പോലെ മാഗ്നസ് കാൾസന്റെ ഈ പ്രകടനവും ചെസിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്കാണ് ഉതകുക. 

താൻ ജയിക്കുകയും തോൽക്കുകയും ചെയ്ത യുദ്ധം. കാലത്തെ ആർക്കും കവച്ചുകടക്കാനാവില്ലെന്ന സത്യം. –ഇതെല്ലാം കളിമേശയിലെ മാഗ്നസ് കാൾസന്റെ ആഞ്ഞടിയിൽ ഉണ്ടായിരുന്നു.

ടൂർണമെന്റ് അവസാനിച്ചപ്പോൾ, പഴയ പടക്കുതിരകളായ മാഗ്നസ്, ഫാബിയോ കരുവാന, ഹികാരു നകാമുറ എന്നിവർ തന്നെയായിരുന്നു ആദ്യ സ്ഥാനങ്ങളിൽ. ‘‘പഴയ കളിക്കാർക്കു തന്നെയാണ് ഇപ്പോഴും ചെറിയ മേൽക്കൈ. കുട്ടികൾ ആ സ്ഥാനത്തെത്താറായിട്ടില്ല.’’– ‘ഞാൻ തന്നെ കേമൻ’ എന്നു മാഗ്നസ് പറയാതെ പറയുന്നതല്ലേ ആ കാണുന്നത്!

English Summary:

Gukesh Defeats Carlsen: Norway Chess Tournament Ends successful Dramatic Upset

Read Entire Article