Published: September 10, 2025 02:24 PM IST
1 minute Read
സമർഖണ്ഡ് (ഉസ്ബെക്കിസ്ഥാൻ)∙ ഫിഡെ ഗ്രാൻഡ് സ്വിസ് ചെസ് ടൂർണമെന്റിൽ ലോക ചാംപ്യൻ ഡി.ഗുകേഷിന് തുടർച്ചയായ രണ്ടാം തോൽവി. അഞ്ചാം റൗണ്ടിൽ അഭിമന്യു മിശ്രയോടു തോറ്റ ഗുകേഷ് ആറാം റൗണ്ടിൽ ഗ്രീക്ക് ഗ്രാൻഡ് മാസ്റ്റർ നിക്കോളാസ് തിയഡോറുവിനോടും തോറ്റു. ആറാം റൗണ്ടിലെ വിജയത്തോടെ നിഹാൽ സരിൻ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തേക്കു കുതിച്ചു (4.5).
അതേസമയം, വനിതാ വിഭാഗത്തിൽ നാലാം ജയം നേടിയ വൈശാലി രമേഷ്ബാബുവാണ് ടൂർണമെന്റിൽ മുന്നിൽ. ആറാം റൗണ്ടിൽ ഉൽവിയ്യ ഫതാലിയേവയെയാണ് വൈശാലി തോൽപിച്ചത്. ആറാംറൗണ്ടിൽ അർജുൻ എരിഗെയ്സിയെ (4.5) സമനിലയിൽ തളച്ച ഇറാൻ ഗ്രാൻഡ് മാസ്റ്റർ പർഹാൻ മഖ്സൂദ്‌ലൂവാണ് ഓപ്പൺ വിഭാഗത്തിൽ 5 പോയിന്റുമായി മുന്നിൽ.
അഞ്ചും ആറും റൗണ്ടിലെ വിജയങ്ങളോടെ നിഹാൽ സരിൻ ലൈവ് ചെസ് റേറ്റിങ്ങിൽ മറ്റൊരു നേട്ടത്തിനു തൊട്ടടുത്തെത്തി. ലൈവ് റേറ്റിങ്ങിൽ 2698.3 പോയിന്റുള്ള നിഹാലിന് എലീറ്റ് ചെസ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന 2700 റേറ്റിങ് നേട്ടം തൊട്ടടുത്താണ്. സൈമൻ ഗുമുലാർസിനെതിരെ കറുത്ത കരുക്കളുമായി 22 നീക്കങ്ങളിലായിരുന്നു നിഹാലിന്റെ ജയം.
അഞ്ചാം റൗണ്ടിലെ ജയത്തോടെ, പതിനാറുകാരൻ അഭിമന്യു മിശ്ര ക്ലാസിക്കൽ ചെസിൽ നിലവിലെ ലോക ചാംപ്യനെ തോൽപിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ടൂർണമെന്റിലെ ടോപ് സീഡായ ആർ.പ്രഗ്നാനന്ദ അഞ്ചാം റൗണ്ടിൽ മത്യാസ് ബ്ലോബോമിനോടു തോൽക്കുകയും ആറാം റൗണ്ടിൽ സമനില വഴങ്ങുകയും ചെയ്തു.11 റൗണ്ടുകളുള്ള ടൂർണമെന്റിലെ ആദ്യ രണ്ടു സ്ഥാനക്കാർ ലോക ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് മത്സരങ്ങൾക്കു യോഗ്യത നേടും.
English Summary:








English (US) ·