Published: July 29 , 2025 09:19 AM IST
1 minute Read
ബാതുമി (ജോർജിയ)∙ വനിതാ ലോകകപ്പ് ചെസിൽ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും നേർക്കുനേർ. ടൈബ്രേക്കറിലെ ആദ്യ ഗെയിം 81 നീക്കങ്ങൾ നീണ്ടെങ്കിലും സമനിലയായിരുന്നു ഫലം. ദിവ്യ ദേശ്മുഖിന്റെ കിങ് പോൺ പ്രാരംഭത്തിനെതിരെ കൊനേരു ഹംപിയുടെ പെട്രോഫ് പ്രതിരോധം. കളി പുരോഗമിക്കവേ ഹംപി നേരിയ മേൽക്കൈ നേടി. എന്നാൽ, സമനില സമ്മതിക്കാൻ താൽപര്യം കാണിക്കാതെ ദിവ്യ പൊരുതി.
സമയസമ്മർദത്തിൽ ഹംപിക്കു പറ്റിയ ഏകപിഴവ് ദിവ്യയ്ക്ക് ഉപയോഗപ്പെടുത്താനുമായില്ല. കാറ്റലൻ പ്രാരംഭമായിരുന്നു രണ്ടാം ടൈബ്രേക്കറിൽ. അതിവേഗം കരുക്കൾ നീക്കിയ ദിവ്യയ്ക്കെതിരെ കാലാളെ ബലി നൽകിയാണ് ഹംപി തുടങ്ങിയത്. ആ കാലാൾക്കു പകരം ദിവ്യയുടെ കളങ്ങളിലെ ദൗർബല്യങ്ങൾ മുതലെടുക്കാനായിരുന്നു ഹംപിയുടെ ശ്രമം. വീറോടെ കളിച്ച ദിവ്യ ആ കാലാൾ ആനുകൂല്യം അവസാനം വരെ നിലനിർത്തി.
കളിയുടെ മധ്യഘട്ടത്തിലും അന്ത്യഘട്ടത്തിലും സമനില സാധ്യതയായിരുന്നു തെളിഞ്ഞതെങ്കിലും അവസാനം വരെ പൊരുതാനുള്ള കഴിവാണ് ദിവ്യയെ വിജയത്തിലെത്തിച്ചത്. 40–ാം നീക്കത്തിൽ കാലാളെ ബലി നൽകിയ ഹംപിക്കു പിഴച്ചു. അതു മുതലെടുത്തു മുന്നേറിയ ദിവ്യയ്ക്കും പിഴവുപറ്റിയെങ്കിലും ഏതാനും സെക്കൻഡ് ബാക്കി നിൽക്കെ കളിയിലേക്കു തിരിച്ചുവരാനുള്ള ഏക നീക്കം കണ്ടെത്താൻ ഹംപിക്കു കഴിഞ്ഞില്ല. 75–ാം നീക്കത്തോടെ കളത്തിലുള്ള ഏകകാലാളെ ദിവ്യ രാജ്ഞിയായി വാഴിക്കുമെന്ന് ഉറപ്പായപ്പോഴാണ് ഹംപി തോൽവി സമ്മതിച്ചത്.
English Summary:








English (US) ·