ദുബായ്: ലോക ടെസ്റ്റ് ക്രിക്കറ്റ്ചാമ്പ്യൻഷിപ്പ് ഫൈനൽ പൂർത്തിയായതിനു പിന്നാലെ, 2025-27 കാലത്തേക്കുള്ള മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. മൊത്തം 71 മത്സരങ്ങൾ നടക്കും. ജൂൺ 17-ന് ശ്രീലങ്ക സ്വന്തം നാട്ടിൽ ബംഗ്ലാദേശിനെതിരേ കളിക്കുന്നതോടെ സീസണിന് തുടക്കമാകും. ജൂൺ 20-ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ ഇന്ത്യയുടെ കളികൾക്കും തുടക്കമാകും.
ഓസ്‌ട്രേലിയയാണ് കൂടുതൽ മത്സരം കളിക്കുന്ന ടീം, 22 ടെസ്റ്റുകളാണ് ടീമിനുള്ളത്. ഇംഗ്ലണ്ടിന് 21 ടെസ്റ്റുകളുണ്ട്. ഇന്ത്യ 18 ടെസ്റ്റുകളിൽ ഇറങ്ങും. ഇതിൽ ഒമ്പത് വീതം ഹോം, എവേ മത്സരങ്ങളാണ്.
വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളോടാണ് ഇന്ത്യ നാട്ടിൽ കളിക്കുന്നത്. ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസീലൻഡ് ടീമുകളുമായി അവരുടെ നാട്ടിലും കളിക്കും. നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക 14 ടെസ്റ്റുകളിലാണ് കളിക്കുന്നത്. പാകിസ്താനെതിരേ ഒക്ടോബറിലാണ് അവരുടെ ആദ്യമത്സരം.
ഒമ്പത് ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന് ഉണർവ് നൽകാനാണ് ഐസിസി ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്. പോയിന്റ് ശരാശരി കണക്കിലെടുത്ത് മുന്നിൽവരുന്ന രണ്ട് ടീമുകളാണ് ഫൈനലിൽ കളിക്കുന്നത്. ഇത്തവണ മുതൽ ബോണസ് പോയിന്റ് നടപ്പാക്കാൻ ഐസിസി ആലോചിച്ചിരുന്നെങ്കിലും തീരുമാനമുണ്ടായിട്ടില്ല. നിലവിൽ ജയത്തിന് 12 പോയിന്റും ടൈ വന്നാൽ ആറ് പോയിന്റും സമനിലയ്ക്ക് നാല് പോയിന്റുമാണ് ലഭിക്കുന്നത്. വൻവിജയത്തിന് ബോണസ് പോയിന്റ് നൽകാനാണ് ആലോചിച്ചിരുന്നത്. 2019-2021 സീസണിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്.
ഇന്ത്യക്ക് കഠിനപാത
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ മത്സരക്രമം പുറത്തുവന്നതോടെ ഇന്ത്യൻ ടീമിന് കരുത്തരായ എതിരാളികൾ. പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ മുന്നോട്ടുള്ള യാത്ര അത്ര സുഗമമാകില്ല. നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക, റണ്ണറപ്പായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ് ടീമുകൾ എതിരാളികളായി വരുന്നുണ്ട്. വിൻഡീസ്, ശ്രീലങ്ക ടീമുകളാണ് താരതമ്യേന എളുപ്പമുള്ള എതിരാളികൾ. പാകിസ്താൻ, ബംഗ്ലാദേശ് ടീമുകളോടാണ് ഇന്ത്യക്ക് മത്സരങ്ങളില്ലാത്തത്.
ഇംഗ്ലണ്ട്, ന്യൂസീലൻഡ് ടീമുകളോട് അവരുടെ നാട്ടിലാണ് കളിക്കേണ്ടത്. ഇതത്ര എളുപ്പമാകില്ല. ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യയിൽ നടക്കുന്നതിനാൽ ഓസ്‌ട്രേലിയയുമായുള്ള പോരാട്ടത്തിൽ മുൻതൂക്കം ലഭിക്കും. ദക്ഷിണാഫ്രിക്കയും ഇന്ത്യയിലേക്കാണ് കളിക്കാൻ വരുന്നത്. എന്നാൽ, കഴിഞ്ഞ സീസണിൽ ന്യൂസീലൻഡ് ഇന്ത്യൻമണ്ണിൽ ആതിഥേയരെ തൂത്തുവാരിയിരുന്നു.
സൂപ്പർതാരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ആർ. അശ്വിൻ എന്നിവർ വിരമിച്ചതോടെ പുതുനിരയാണ് ടെസ്റ്റിൽ ഇന്ത്യക്കുള്ളത്. യുവസംഘത്തിന്റെ പ്രകടനമാകും ഫൈനലിലേക്കുള്ള പാതയിൽ നിർണായകം.
Content Highlights: satellite trial title fixtures india matches








English (US) ·