ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഓസീസ് ടീം റെഡി, ഓപ്പണിങ്ങില്‍ സര്‍പ്രൈസ്

7 months ago 7

ലോര്‍ഡ്‌സ്: ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഓസ്‌ട്രേലിയന്‍ ഇലവനെ പ്രഖ്യാപിച്ചു. ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം മധ്യനിര ബാറ്ററായിരുന്ന മാര്‍നസ് ലബുഷെയ്ന്‍ ഓപ്പണിങ്ങിലേക്കെത്തുമെന്നതാണ് പ്രത്യേകത. ദക്ഷിണാഫ്രിക്കയാണ് ഓസീസിന്റെ എതിരാളികള്‍.

കരിയറില്‍ ഇതാദ്യമായാണ് ലബുഷെയ്ന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ പോകുന്നത്. ഈ വര്‍ഷം ആദ്യം ഇന്ത്യയ്ക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരം സാം കോണ്‍സ്റ്റാസിനെ ഒഴിവാക്കിയാണ് പരിചയസമ്പന്നനായ ലബുഷെയ്‌നെ ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്.

പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം പുറത്തിരുന്ന ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും ടീമിലിടം നേടി. ഓസീസിനായി മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുക ഗ്രീനായിരിക്കും. നാലാമനായി സ്റ്റീവ് സ്മിത്ത് കളിക്കും. ട്രാവിസ് ഹെഡ് പതിവുപോലെ ലോവര്‍ മിഡില്‍ ഓര്‍ഡില്‍ കളിക്കും. ബ്യു വെബ്‌സ്റ്റര്‍, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ ലയണ്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരടങ്ങുന്നതാണ് ഫൈനലിനുള്ള ഓസീസ് ടീം.

ടെംബ ബവുമ നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനെയും നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഡെയ്ന്‍ പാറ്റേഴ്സണ് പകരം ലുങ്കി എന്‍ഗിഡി ടീമിലെത്തിയതാണ് പ്രധാന മാറ്റം. 2024 ഓഗസ്റ്റിനു ശേഷം ഇതാദ്യമായാണ് എന്‍ഗിഡി ടെസ്റ്റ് ടീമിലെത്തുന്നത്. ബവുമയെ കൂടാതെ ഏയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കെല്‍ട്ടണ്‍, വിയാന്‍ മള്‍ഡര്‍, ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ്, ഡേവിഡ് ബെഡിങ്ങാം, കൈല്‍ വെറൈന്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കാഗിസോ റബാദ, ലുങ്കി എന്‍ഗിഡി എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവനിലുള്ളത്.

Content Highlights: Australia announces its World Test Championship last squad with a astonishment opening choice

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article