12 June 2025, 11:00 PM IST

Photo | AP
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. രണ്ടാംദിനത്തിലും ഓസീസിനുതന്നെയാണ് മേല്‍ക്കൈ. നാലിന് 43 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക, രണ്ടാംദിനം 95 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച ആറുവിക്കറ്റുകള്‍ക്കൂടി കളഞ്ഞു. ഇതോടെ ഓസ്‌ട്രേലിയയ്ക്ക് 74 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസ്, രണ്ടാംദിനം അവസാനിക്കുമ്പോള്‍ 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലാണ്. ഇതോടെ ആകെ 218 റണ്‍സിന്റെ ലീഡ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയിരുന്ന ഓസീസ് 56.4 ഓവറില്‍ 212 റണ്‍സിന് പുറത്തായിരുന്നു. മറുപടി ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 138 റണ്‍സേ നേടാനായുള്ളൂ. 45 റണ്‍സ് നേടിയ ഡേവിഡ് ബെഡിങ്ങാം ആണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടെംബ ബാവുമ 36 റണ്‍സ് നേടി. ആറു വിക്കറ്റു നേടിയ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ഓസ്‌ട്രേലിയയെ മുന്നില്‍നിന്ന് നയിച്ചതോടെ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. 18.1 ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് നേട്ടം. മിച്ചല്‍ സ്റ്റാര്‍ക്കിന് രണ്ടും ജോഷ് ഹേസല്‍വുഡിന് ഒന്നും വിക്കറ്റുണ്ട്. പ്രോട്ടീസ് നിരയില്‍ ഏഴുപേര്‍ക്ക് രണ്ടക്കം കടക്കാനായില്ല. മൂന്നുപേര്‍ പൂജ്യത്തിനു പുറത്താവുകയും ചെയ്തു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ, രണ്ടാംദിനം അവസാനിക്കുമ്പോള്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടി. മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണുമാണ് ക്രീസില്‍. 73-ന് ഏഴ് എന്ന നിലയിലായിരുന്ന ഓസീസിന് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരെയും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് എട്ടാംവിക്കറ്റില്‍ 51 റണ്‍സിന്റെ കൂട്ടുകെട്ട് നേടിക്കൊടുത്തു. 43 റണ്‍സ് നേടിയ കാരെ എട്ടാമനായി വീണു. സ്റ്റാര്‍ക്ക് 16 റണ്‍സുമായി ക്രീസില്‍ തുടരുന്നു. മാര്‍നസ് ലബുഷങ്കെ (22), സ്റ്റീവന്‍ സ്മിത്ത് (13) എന്നിവരും രണ്ടക്കം കടന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദയും ലുങ്കി എങ്കിഡിയും മൂന്നുവീതം വിക്കറ്റുകള്‍ നേടി. മാര്‍ക്കോ യാന്‍സനും വിയാന്‍ മള്‍ഡറിനും ഓരോ വിക്കറ്റ്.
Content Highlights: ICC World Test Championship Final 2025 London








English (US) ·