Published: January 14, 2026 12:23 PM IST Updated: January 14, 2026 12:32 PM IST
1 minute Read
വാഷിങ്ടൻ ∙ ട്വന്റി20 ലോകകപ്പിനുള്ള യുഎസ് ക്രിക്കറ്റ് ടീമിലെ പാക്കിസ്ഥാൻ വംശജരായ നാല് താരങ്ങൾക്ക് ഇന്ത്യൻ വീസ നിഷേധിച്ചതായി ആരോപണം. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരുന്നതിനായി താരങ്ങൾ നൽകിയ വീസ അപേക്ഷ നിരസിച്ചതായാണ് ആരോപണം. ഫെബ്രുവരി 7ന് ഇന്ത്യയും യുഎസും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം. തന്റെ വീസ അപേക്ഷ നിരസിച്ചതായി യുഎസ് താരമായ അലി ഖാൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തതോടെയാണ് വാർത്ത പുറത്തുവന്നത്.
‘‘ഇന്ത്യ വീസ നിഷേധിച്ചു, പക്ഷേ വിജയത്തിനായി കെഎഫ്‌സി’’ എന്ന അടിക്കുറിപ്പോടെ ഒരു സഹതാരത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന ഫോട്ടോയാണ് പാക്കിസ്ഥാനിലെ പഞ്ചാബിൽ ജനിച്ച 35 വയസ്സുകാരനായ അലി ഖാൻ പങ്കുവച്ചത്. ഇതിനു പിന്നാലെ ഇക്കാര്യം വ്യക്തമാക്കി ഒരു വിഡിയോയും അലി ഖാൻ പങ്കുവച്ചു. ‘‘അതെ, പാക്കിസ്ഥാൻ വംശജരായ കളിക്കാർക്ക് ഇന്ത്യൻ വീസ നിഷേധിച്ചത് ശരിയാണ്. അതായത് ഞങ്ങൾക്ക് ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ല.’’– താരം പറഞ്ഞു. അലി ഖാനെ കൂടാതെ യുഎസ് ടീമിലെ അംഗങ്ങളായ ഷയാൻ ജഹാംഗീർ, മുഹമ്മദ് മൊഹ്‌സിൻ, എഹ്‌സാൻ ആദിൽ എന്നീ പാക്ക് വംശജരുടെ വീസ നിഷേധിച്ചതായാണ് റിപ്പോർട്ടു പുറത്തുവന്നത്.
എന്നാൽ ഇക്കാര്യം ഐസിസി വൃത്തങ്ങൾ നിഷേധിച്ചു. പാക്ക് വംശജരായ യുഎസ് താരങ്ങളുടെ വീസ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അവർ വ്യക്തമാക്കി. ശ്രീലങ്കയിലെ ഇന്ത്യൻ എംബസിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. ലോകകപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായി യുഎസ് ടീം നിലവിൽ ശ്രീലങ്കയിലാണ്. എല്ലാ രേഖകളും കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും വീസ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഐസിസി വൃത്തം ക്രിക്ക്ബസിനോടു പറഞ്ഞു.
‘‘ശ്രീലങ്കയിലെ ഇന്ത്യൻ എംബസിയിൽ ചൊവ്വാഴ്ച രാവിലെയാണ് അവർക്ക് അപ്പോയിന്റ്മെന്റ് ലഭിച്ചത്. ഇതിനു മുന്നോടിയായി ഐസിസിയുടെ നിർദേശങ്ങൾക്കനുസൃതമായി അവർ പേപ്പർ വർക്ക് പൂർത്തിയാക്കിയിരുന്നു. എന്നാല്‍ ഈ ഘട്ടത്തിൽ വീസ പ്രോസസ്സ് ചെയ്യാൻ കഴിയില്ലെന്ന് ചില താരങ്ങളെ അറിയിച്ചു. പക്ഷേ വൈകിട്ട് യുഎസ്എ മാനേജ്മെന്റിന് ഇന്ത്യൻ എംബസിയിൽ നിന്ന് ഒരു കോൾ ലഭിച്ചു, ആവശ്യമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നുമാണ് അവർ പറഞ്ഞത്. ആ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, വീസ ലഭിച്ചേക്കും. വീസ നിഷേധിച്ചതായി ഇതുവരെ പറഞ്ഞിട്ടില്ല. അതാണ് നിലവിലെ സ്ഥിതി.’’– ഐസിസി വൃത്തം പറഞ്ഞു.
യുഎസ്എയ്ക്ക് പുറമേ, യുഎഇ, ഒമാൻ, നേപ്പാൾ, കാനഡ, ഇംഗ്ലണ്ട്, സിംബാബ്‌വെ, നെതർലാൻഡ്‌സ് എന്നീ ടീമുകളിൽ നിന്നുള്ള എല്ലാ പാക്കിസ്ഥാൻ വംശജരായ കളിക്കാർക്കും സമാനമായ നടപടിക്രമങ്ങൾ പാലിക്കുമെന്നും അവർ പറഞ്ഞു. യുഎസ് ടീമിലെ പാക്ക് വംശജർ, നിലവിൽ യുഎസ് പൗരന്മാരാണെങ്കിലും ഇവർ ജനിച്ചത് പാക്കിസ്ഥാനിലാണ്. ഇന്ത്യയിലെ വീസ നിയമങ്ങൾ പ്രകാരം, പാക്കിസ്ഥാനിൽ ജനിച്ച എല്ലാവരും അവരുടെ ജന്മനാട്ടിലെ പാസ്‌പോർട്ട് ഉപയോഗിച്ച് വീസയ്ക്ക് അപേക്ഷിക്കണം. ഇതാണ് ആദ്യ ഘട്ടത്തിൽ താരങ്ങൾക്ക് തിരിച്ചടിയായതെന്നാണ് വിവരം. ഷെയ്ഖുപുരയിൽ ജനിച്ച ആദിൽ ഖാൻ, 2013നും 2015നും ഇടയിൽ പാകിസ്ഥാന് വേണ്ടി മൂന്നു ടെസ്റ്റുകളും ആറ് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. നാല് വർഷം മുൻപാണ് താരം യുഎസിലേക്കു കുടിയേറിയത്.
English Summary:








English (US) ·