ലോകകപ്പിനെത്തുമ്പോൾ വിജയസാധ്യത കുറഞ്ഞയാൾ, ദിവ്യ ദേശ്മുഖിന്റെ പോരാട്ടവീര്യം പ്രശംസനീയം: സൂസൻ പോൾഗർ

5 months ago 7

മനോരമ ലേഖകൻ

Published: July 30 , 2025 10:54 AM IST

1 minute Read

susan-polgar-divya-deshmukh
സൂസൻ പോൾഗർ, ദിവ്യ ദേശ്മുഖ് ചെസ് ലോകകപ്പ് ട്രോഫിയുമായി.

ന്യൂഡൽഹി ∙ അസാമാന്യമായ മനോബലവും പോരാട്ടവീര്യവുമാണ് ദിവ്യ ദേശ്മുഖിനു വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ വിജയമുറപ്പാക്കിയതെന്ന് ചെസ് ഇതിഹാസം സൂസൻ പോൾഗർ.  ഇന്ത്യക്കാരി കൊനേരു ഹംപിക്കെതിരെ ടൈബ്രേക്കറിലായിരുന്നു പത്തൊമ്പതുകാരി ദിവ്യയുടെ വിജയം. 1996 മുതൽ 1999 വരെ വനിതാ ചെസ് ലോകചാംപ്യനായിരുന്നു ഹംഗേറിയൻ – അമേരിക്കൻ ഗ്രാൻഡ്മാസ്റ്ററായ സൂസൻ പോൾഗർ.

‘‘ലോകകപ്പിൽ വിജയസാധ്യത കുറഞ്ഞവരിൽ ഒരാളായിരുന്നു ദിവ്യ. കരുത്തിലും മികവിലും ദിവ്യയെക്കാൾ മിടുക്കരുണ്ടായിരുന്നു. എന്നാൽ, അവരിൽനിന്നെല്ലാം വ്യത്യസ്തമായി മനക്കരുത്തും പോരാട്ടവീര്യവും കളികളിൽ പ്രദർശിപ്പിക്കാൻ ദിവ്യയ്ക്കു സാധിച്ചു. അതിന്റെ ഫലമാണ് ഫൈനലിലടക്കം നേടാൻ കഴിഞ്ഞ വിജയങ്ങൾ. ദിവ്യയുടെ പോരാട്ടവീര്യം പ്രശംസനീയമാണ്’’ –  സൂസൻ പറഞ്ഞു. 

ഇതിഹാസ താരം വിശ്വനാഥൻ ആനന്ദ് ഇന്ത്യയിലെ പുതുതലമുറയ്ക്കു നൽകുന്ന പ്രോൽസാഹനവും മാർഗനിർദേശവുമാണ് ഈ വിജയങ്ങൾക്കു പിന്നിലെന്നും സൂസൻ അഭിപ്രായപ്പെട്ടു.

‘‘12–ാം വയസ്സിൽ ഡി. ഗുകേഷ് ഗ്രാൻഡ്മാസ്റ്ററായി. അക്കാലത്തു ഗുകേഷിനെക്കാൾ പ്രതീക്ഷ നൽകിയവർ ഇന്ത്യയിലുണ്ടായിരുന്നു. എന്നാൽ, ഞാൻ ഗുകേഷിന്റെ മികവിൽ വിശ്വസിച്ചു. ദിവ്യയുടെ കാര്യത്തിലും ഇതു തന്നെയാണു സംഭവിക്കാൻ പോവുക. ഇന്ത്യൻ ചെസിന്റെ സുവർണ തലമുറയുടെ ഭാഗമാണിവർ. ഏറെക്കാലം ഇന്ത്യ ലോക ചെസിന്റെ തലപ്പത്തുണ്ടാകും’’– സൂസൻ പോൾഗർ പറഞ്ഞു.

English Summary:

The Power of Mental Fortitude: Susan Polgar connected Divya Deshmukh's Chess Victory

Read Entire Article