ലോകകപ്പിന് 50: പുരുഷ ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിന് നാളെ 50 വർഷം

7 months ago 9

അനിൽ ഫിലിപ്പ്

അനിൽ ഫിലിപ്പ്

Published: June 06 , 2025 11:09 AM IST

1 minute Read

1975 ലോകകപ്പിലെ ആദ്യ മൽസരത്തിൽ   ഇന്ത്യൻ ഓപ്പണർ സുനിൽ ഗാവസ്കർ ബാറ്റു ചെയ്യുന്നു. ഇംഗ്ലണ്ട് താരം ടോണി ഗ്രെഗ് പിന്നിൽ.  (ഫയൽ ചിത്രം)
1975 ലോകകപ്പിലെ ആദ്യ മൽസരത്തിൽ ഇന്ത്യൻ ഓപ്പണർ സുനിൽ ഗാവസ്കർ ബാറ്റു ചെയ്യുന്നു. ഇംഗ്ലണ്ട് താരം ടോണി ഗ്രെഗ് പിന്നിൽ. (ഫയൽ ചിത്രം)

ഏകദിന ക്രിക്കറ്റ് ലോകകപ്പിനു കൊടിയേറിയിട്ട് നാളെ അരനൂറ്റാണ്ട്. രാജ്യാന്തര ഏകദിന ക്രിക്കറ്റിന് 1971ൽ തുടക്കമായെങ്കിലും ഏകദിന പുരുഷ ലോകകപ്പ് യാഥാർഥ്യമായത് 1975ലാണ്. ആദ്യ മൽസരത്തിനു വേദിയായത് ഇംഗ്ലണ്ടിലെ ലോഡ്‌സാണ്. 1975 ജൂൺ 7നു നടന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് 202 റൺസിന് ഇന്ത്യയെ തോൽപിച്ചു. ആദ്യത്തെ 3 എഡിഷൻ ലോകകപ്പുകളിലും മത്സരങ്ങൾ 60 ഓവറായിരുന്നു. 

ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ മൈക്കൽ ഡെന്നിസ് ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ മദൻലാൽ ആദ്യ പന്തെറിഞ്ഞ് ലോകകപ്പിനു തുടക്കമിട്ടു.ആദ്യ പന്ത് നേരിട്ടത് മുംബൈയിൽ ജനിച്ച ഇംഗ്ലിഷ് താരം ജോൺ ജെയിംസണാണ്. ആദ്യ റൺ നേടി ജെയിംസൺ ചരിത്രത്തിന്റെ ഭാഗമായി. 147 പന്തുകൾ നേരിട്ട ഓപ്പണർ ഡെന്നിസ് അമിസ് 137 റൺസ് നേടി ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ചറിക്ക് ഉടമയായി. മൊഹീന്ദർ അമർനാഥിന്റെ പന്തിൽ ജെയിംസണെ ഇന്ത്യൻ നായകൻ എസ്. വെങ്കട്ടരാഘവൻ പിടിച്ചു പുറത്താക്കിയപ്പോൾ ലോകകപ്പിലെ ആദ്യ വിക്കറ്റ് എന്ന നേട്ടം അമർനാഥിന്റെ പേരിലായി.

ഇന്നിങ്‌സിൽ ഉടനീളം ബാറ്റുചെയ്ത് 174 പന്തുകൾ നേരിട്ട സുനിൽ ഗാവസ്കർ നേടിയത് 36 റൺസ്. ബൗണ്ടറി ഒരേയൊരെണ്ണം. 50 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ നേരിട്ട ഏറ്റവും വലിയ തോൽവിയായി ഈ മൽസരം അറിയപ്പെടുന്നു. അതേസമയം, ക്രിക്കറ്റ് ലോകകപ്പിന്റെ കാര്യത്തിൽ വനിതാ ക്രിക്കറ്റ് ഒരുപിടി മുന്നിലാണ്. പുരുഷ ലോകകപ്പ് 1975ലാണ് ആരംഭിച്ചതെങ്കിൽ വനിതാ ലോകകപ്പിന് 1973ൽ തന്നെ തുടക്കമായിരുന്നു.

English Summary:

50 Years of Cricket World Cup Glory: Remembering the 1975 Classic

Read Entire Article