Published: January 08, 2026 12:18 PM IST
1 minute Read
ഹൈദരാബാദ് ∙ ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്യാംപിൽ ആശങ്ക പടർത്തി താരത്തിന്റെ പരുക്ക്. ടോപ് ഓർഡർ ബാറ്ററായ തിലക് വർമയ്ക്കാണ് പരുക്കേറ്റത്. വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദ് ടീമിനൊപ്പം കളിക്കുന്നതിനിടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് തിലകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്കാനിങ്ങിൽ ടെസ്റ്റികുലാർ ടോർഷൻ (പെട്ടെന്നുള്ള, കഠിനമായ വേദന) കണ്ടെത്തിയതിനെ തുടർന്ന് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും എത്രനാൾ വിശ്രമം വേണമെന്നുള്ള കാര്യങ്ങളിലടക്കം ഡോക്ടർമാരുടെ നിർദേശപ്രകാരം തീരുമാനമെടുക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര തിലകിന് നഷ്ടമാകുമെന്നാണ് വിവരം. ലോകകപ്പിൽ താരം തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ തിലകിന് പകരം ആരെ ഉൾപ്പെടുത്തുമെന്ന് വ്യക്തമായിട്ടില്ല. ജനുവരി 21നാണ് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.
ട്വന്റി20 ടീമിൽനിന്നു പുറത്തായ ശുഭ്മാൻ ഗില്ലിനു സാധ്യതയില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ഗില്ലിനെ ടീമിലുൾപ്പെടുത്തിയശേഷം പ്ലേയിങ് ഇലവനിൽ കളിപ്പിക്കാതിരിക്കാനാവില്ല. പരമ്പരയ്ക്കിടയിൽ തിലക് തിരിച്ചെത്തിയാലും ഗില്ലിനെ പുറത്താക്കേണ്ടി വരും. ഈ ആ സാഹചര്യങ്ങൾ ഒഴിവാക്കാനാണ് തീരുമാനം. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഗില്ലാണ് ടീമിനെ നയിക്കുന്നത്. ഏകദിന ടീമിൽനിന്ന് തിലകിനെ ഒഴിവാക്കിയിരുന്നു.
അതേസമയം, ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പരുക്ക് പൂർണമായും ഭേദമായെന്നും കളിക്കാൻ ഫിറ്റാണെന്നും സിഒഇ മെഡിക്കൽ ടീം അറിയിച്ചു. ഹിമാചൽ പ്രദേശിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ മുംബൈയ്ക്കു വേണ്ടി ശ്രേയസ് 53 പന്തിൽ നിന്ന് 82 റൺസ് നേടിയിരുന്നു. ഇതിനു പിന്നാലെയാണ് താരം ഫിറ്റ് ആണെന്ന് മെഡിക്കൽ ടീം അറിയിച്ചത്.
English Summary:








English (US) ·