Published: July 22 , 2025 01:51 PM IST
1 minute Read
ലഹോർ∙ ലെജൻഡ്സ് വേൾഡ് ചാംപ്യന്‍ഷിപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ കളിക്കില്ലെന്ന നിലപാടെടുത്ത ഇന്ത്യൻ താരങ്ങള്‍ക്കെതിരെ പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. ഐസിസി ടൂർണമെന്റുകളിലും ഒളിംപിക്സിലും പാക്കിസ്ഥാനെതിരെ കളിക്കാതിരിക്കാൻ ഇന്ത്യൻ താരങ്ങൾക്കു ധൈര്യമുണ്ടോയെന്ന് സൽമാൻ ബട്ട് ചോദിച്ചു. ഇന്ത്യ ചാംപ്യൻസ് താരങ്ങൾ കടുത്ത നിലപാടെടുത്തതോടെയാണ് സംഘാടകർ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം റദ്ദാക്കിയത്.
പാക്കിസ്ഥാനെതിരെ കളിക്കാനില്ലെന്ന് ശിഖർ ധവാൻ, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ, ഹർഭജൻ സിങ് എന്നീ താരങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു. ‘‘ലോകമാകെ ഈ സംഭവത്തെക്കുറിച്ചാണു സംസാരിക്കുന്നത്. ഇന്ത്യൻ താരങ്ങളുടെ നടപടി ക്രിക്കറ്റ് ലോകത്തിനും ആരാധകർക്കും എന്തു സന്ദേശമാണു നൽകുക. എന്താണു നിങ്ങൾ തെളിയിക്കാൻ ശ്രമിക്കുന്നത്? ഇന്ത്യ ലോകകപ്പ് കളിക്കാതിരിക്കുക. ഐസിസി ടൂർണമെന്റുകളിൽ പാക്കിസ്ഥാനെതിരായ കളികൾ ബഹിഷ്കരിക്കുക. ഇതൊരു പ്രതിജ്ഞയായി കാണുക. പറ്റുമെങ്കിൽ ഒളിംപിക്സിലും മത്സരിക്കാതിരിക്കുക. ഇന്ത്യ അതു ചെയ്യുമോയെന്നറിയാൻ എനിക്ക് ആഗ്രഹമുണ്ട്.’’– സൽമാൻ ബട്ട് യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.
‘‘ഇന്ത്യൻ താരങ്ങളുടെ ചിന്തകൾ എനിക്കു മനസ്സിലാകുന്നില്ല. ആരാണ് ഈ തീരുമാനമൊക്കെ എടുക്കുന്നത്? നാലോ അഞ്ചോ പേരുടെ താൽപര്യങ്ങൾക്കു വേണ്ടി മറ്റ് ഇന്ത്യന്‍ താരങ്ങളുടെ മുകളിലും സമ്മർദം ചെലുത്തുകയാണ്.’’– സൽമാൻ ബട്ട് ആരോപിച്ചു. ശിഖർ ധവാന്റെ കടുംപിടിത്തം കാരണമാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം റദ്ദാക്കിയതെന്ന് പാക്കിസ്ഥാൻ ചാംപ്യൻസ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ശിഖർ ധവാനെ ‘ചീഞ്ഞ മുട്ട’ എന്നാണ് അഫ്രീദി വിളിച്ചത്.
English Summary:








English (US) ·