Published: October 08, 2026 03:32 PM IST
1 minute Read
മെസ്സി കരയുമ്പോൾ ലോകം കൂടെക്കരയുമെന്നു നേരിട്ടു ബോധ്യപ്പെട്ടതു സ്പെയിൻ– അർജന്റീന ലോകകപ്പ് ഫുട്ബോൾ ഫൈനലിലാണ്. ന്യൂജഴ്സിയിൽ, മെറ്റ്‍ലൈഫ് സ്റ്റേഡിയത്തിനു നടുവിൽ അഞ്ചടി ഏഴിഞ്ചു നീളമുള്ളൊരു മനുഷ്യന്റെ കണ്ണീരിനു മുന്നിൽ അന്നു ദേശ, ഭാഷാ, വർണ മതിലുകൾ ഉരുകിവീണു. പല നിറങ്ങളിൽ ജഴ്സിയണിഞ്ഞെത്തിയവർ ചലിക്കുന്ന വിലാപ കാവ്യമായി. കപ്പേന്തിയവർക്കായി ആർത്തുവിളിച്ചവർപോലും മെസ്സിക്കായി ആർത്തുകരഞ്ഞു.
ലോകകപ്പിൽ മെസ്സിയുടെ അവസാന മത്സരത്തിനാണു സാക്ഷ്യംവഹിച്ചതെന്ന ആരാധകരുടെ തിരിച്ചറിവിനു ഫൈനലിലെ തോൽവിയേക്കാൾ വേദനയുണ്ടാക്കാനായി എന്നതിൽ അദ്ഭുതമില്ല. ഞങ്ങൾക്കിനി ആരുണ്ട് എന്നെഴുതിവച്ച മുഖവുമായി നീങ്ങിയവരിൽ റോഡ്രിഗോ ഡി പോളും എമിലിയാനോ മാർട്ടിനെസും മാത്രമായിരുന്നില്ല, പരിശീലകൻ ലയണൽ സ്കലോനിയും ഉണ്ടായിരുന്നു.
സംഭവിക്കാൻ പോകുന്നതു മുൻകൂട്ടിയറിഞ്ഞെന്ന മട്ടിലുള്ള ശരീരഭാഷയുമായാണു മെസ്സി അന്നത്തെ ഫൈനലിലുടനീളം കളിച്ചത്. തന്റെ അവസാന ലോകകപ്പിലെ ഫൈനലിൽ തോറ്റാൽ ആരും ചെയ്തുപോകുന്നതേ മെസ്സിയും ചെയ്തിട്ടുള്ളൂ. തകർന്ന ഹൃദയവും വീണ മുഖവുമായി അദ്ദേഹം മൈതാനത്ത് തളർന്നിരുന്നു. എഴുന്നേൽക്കാൻ ആവതുണ്ടായപ്പോൾ ഗാലറിയിലേക്കു നോക്കി എഴുന്നേറ്റുനിന്നു. ഇരുകവിളുകളിലൂടെയും മിഴിനീർ വാർത്തു.
ആരാധകരുടെ മറുപടിയായിരുന്നു അപ്രതീക്ഷിതം. കപ്പ് തങ്ങൾ മോഹിച്ചിട്ടില്ലെന്നു മെസ്സിയെ സമാധാനിപ്പിച്ചു കൊണ്ട് അവർ അയാൾക്കായി പാടി, കണ്ണുനീരു തുടയ്ക്കാൻ കെഞ്ചി. ഞങ്ങളുടെ വീരനായകനാണു നിങ്ങളെന്ന് ഓർമപ്പെടുത്തി. നിങ്ങൾ ചെയ്തതെല്ലാം ഓർത്തുവയ്ക്കപ്പെടുമെന്നു സാക്ഷ്യപ്പെടുത്തി. എല്ലാം മറന്ന് ആ കാഴ്ചയ്ക്കു സാക്ഷിയാകുമ്പോൾ ഹൃദയം പറഞ്ഞു; മതിവരുവോളം കണ്ടോളൂ, ജീവിതത്തിൽ ഇനിയൊരിക്കലും കാണാൻ ഇടയില്ലാത്ത കാഴ്ചയാണ്.
English Summary:






English (US) ·