Published: December 27, 2025 10:02 AM IST
1 minute Read
മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ, വൈസ് ക്യാപ്റ്റന്‍ ശുഭ്മൻ ഗില്ലിന് ഇടം ലഭിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മോശം പ്രകടനത്തിനും പരുക്കിനും പിന്നാലെയാണു ഗില്ലിനെ ലോകകപ്പ് ടീമിൽനിന്നു പുറത്താക്കിയത്. ഏഷ്യാകപ്പ് മുതൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഗില്ലിന്റെ പുറത്താകൽ അപ്രതീക്ഷിതമായിരുന്നു. ട്വന്റി20 ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവ് ഒഴിയുമ്പോൾ സ്വാഭാവികമായും ഗിൽ ടീം ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റനാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.
ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ തകർപ്പൻ ഫോമിൽ കളിക്കുമ്പോഴും ഗില്ലിന്റെ ട്വന്റി20യിലെ ബാറ്റിങ് ശൈലി വലിയ വിമർശനങ്ങളാണു വരുത്തിവച്ചത്. ഇപ്പോഴിതാ ലോകകപ്പ് ടീമിൽ ഇല്ലാത്ത താരങ്ങളെവച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഉണ്ടാക്കിയ ട്വന്റി20 ടീമിലും ഗില്ലിന് ഇടം ലഭിച്ചിട്ടില്ല. ബിസിസിഐ പ്രഖ്യാപിച്ച പ്രധാന ടീമിൽ ഇല്ലാത്തതും എന്നാൽ ട്വന്റി20യിൽ മികച്ച ഫോമിൽ കളിക്കുന്നതുമായ താരങ്ങളെ വച്ചാണ് ആകാശ് ചോപ്ര ‘സ്വന്തം ടീമിനെ’ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യർ ക്യാപ്റ്റനായുള്ള ടീമിൽ യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്‌വാദ്, മുഹമ്മദ് ഷമി എന്നിവരെല്ലാം ഉണ്ടെങ്കിലും ഗില്ലിനെ മാത്രം ഒഴിവാക്കി.
ഗില്ലിനെ ഒഴിവാക്കാനുള്ള കാരണവും ആകാശ് ചോപ്ര വ്യക്തമാക്കിയിട്ടുണ്ട്. ട്വന്റി20 ടീമിൽ നങ്കൂരമിട്ടു കളിക്കാൻ വേണ്ടി മാത്രം ഒരു താരത്തിന്റെ ആവശ്യമില്ലെന്നാണു ചോപ്രയുടെ നിലപാട്. ‘‘ശുഭ്മൻ ഗില്ലിനെ എന്തുകൊണ്ട് ടീമിലെടുത്തില്ലെന്ന് നിങ്ങൾ എന്നോടു ചോദിക്കും. ഇന്ത്യൻ ടീമിന് നങ്കൂരമിട്ട് കളിക്കാൻ ഒരാളെ ആവശ്യമില്ല. പിന്നെന്തിനു ഞാൻ മാത്രം അതു ചെയ്യണം? ഗിൽ ഈ ടീമിന്റെ ക്രമം തന്നെ നശിപ്പിക്കും.’’– ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.
ആകാശ് ചോപ്രയുടെ ഇന്ത്യൻ ട്വന്റി20 ടീം– യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, ജിതേഷ് ശർമ, നിതീഷ് കുമാർ റെഡ്ഡി, ക്രുനാൽ പാണ്ഡ്യ, ദീപക് ചാഹർ, യുസ്‍വേന്ദ്ര ചെഹൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, കെ.എൽ. രാഹുൽ, വിപ്രജ് നിഗം, ശശാങ്ക് സിങ്.
English Summary:








English (US) ·