Published: December 06, 2025 05:00 PM IST
1 minute Read
വാഷിങ്ടൻ ∙ 2026 ഫുട്ബോൾ ലോകകപ്പിൽ റഫറിയുടെ ദേഹത്തു ക്യാമറ ഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പുത്തൻ പരിഷ്കാരങ്ങൾ വരുന്നു. ഓഫ് സൈഡ് കണ്ടെത്തുന്നതിനു സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിക്കുന്ന സെമി ഓട്ടമേറ്റഡ് ഓഫ്സൈഡ് ഓഫ്സൈഡ് ടെക്നോളജിയും അടുത്ത വർഷം ജൂണിൽ നടക്കുന്ന ലോകകപ്പിൽ ഉപയോഗിക്കാൻ രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ ആലോചിക്കുന്നു.
ഫുട്ബോളിന്റെ നിയമപരിഷ്കരണ സമിതിയായ ഇഫാബിന്റെ (ഇന്റർനാഷനൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ്) അന്തിമാനുമതി കൂടി ലഭിച്ചാൽ യുഎസിലും മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഇവ അരങ്ങേറും. യുഎസിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പിൽ ഇവ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയതു വിജയമായിരുന്നെന്ന് ഫിഫ ഇന്നവേഷൻസ് ഡയറക്ടർ യൊഹാനസ് ഹോൾസ്മ്യൂളർ പറഞ്ഞു.
മത്സരത്തിനിടയിലെ ഒരു നിർണായക നേരത്ത് ‘റഫറി എങ്ങനെയാണ് ആ കാഴ്ച കണ്ടത്’ എന്നതു കാണികളെ അറിയിക്കാനായാണ് ‘റഫറി വിത്ത് യൂ’എന്നു ബ്രാൻഡ് ചെയ്തിരിക്കുന്ന ക്യാമറ ഉപയോഗിക്കുക. മത്സരത്തിന്റെ തൽസമയ സംപ്രേഷണത്തിലും സ്റ്റേഡിയത്തിലെ ജയന്റ് സ്ക്രീനുകളിലും ഈ ദൃശ്യങ്ങൾ ഉപയോഗിക്കും. ഒരു ഗോൾ അല്ലെങ്കിൽ ഫൗൾ റഫറിയുടെ കാഴ്ചയിൽ എങ്ങനെയായിരുന്നു എന്നത് മത്സരം കൂടുതൽ ആകർഷകമാക്കാൻ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.
മത്സരത്തിനിടെ ഒരു കളിക്കാരൻ ഓഫ് സൈഡ് ആകുമ്പോൾത്തന്നെ അസിസ്റ്റന്റ് റഫറിക്ക് അലർട്ട് നൽകുന്നതാണ് സെമി ഓട്ടമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യ. ഓഫ്സൈഡ് തീരുമാനങ്ങളിലെ കാലതാമസം ഒഴിവാക്കാൻ ഇതു പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷ.
English Summary:








English (US) ·