24 July 2025, 10:05 AM IST

ദിവ്യ ദേശ്മുഖ്
ബാത്തുമി (ജോർജിയ): ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ചരിത്രംകുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ് ഫൈനലിൽ. ചൈനയുടെ മുൻ ലോകചാമ്പ്യൻ ടാൻ സോംങ്കിയെ സെമിയിലെ രണ്ടാം ഗെയിമിൽ കീഴടക്കിയാണ് ദിവ്യ ഫൈനലിൽ കടന്നത്. (1.5-0.5). ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു. ആദ്യമായാണ് ഇന്ത്യൻതാരം ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്.
ഇന്ത്യയുടെ കൊനേരു ഹംപിയും ചൈനയുടെ ഗ്രാന്റ്മാസ്റ്റർ ലെയ് ടിൻജിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലിൽ നേരിടുക. ഹംപിയും ടിൻജിയും തമ്മിലുള്ള സെമിയിലെ രണ്ടു ഗെയിമുകളും സമനിലയിലായി. ഇതോടെ, വ്യാഴാഴ്ച നടക്കുന്ന ടൈ ബ്രേക്കറിലൂടെ വിജയിയെ തീരുമാനിക്കും. വെള്ളക്കരുക്കളുമായാണ് രണ്ടാം ഗെയിമിൽ ദിവ്യ ചൈനീസ് എതിരാളിയെ നേരിട്ടത്. 101 നീക്കം കണ്ട മാരത്തൺ പോരാട്ടത്തിൽ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള സോങ്കിയെ ഇന്ത്യൻ താരം കീഴടക്കി.
പിന്തുണയ്ക്ക് നന്ദി അറിയിച്ച ദിവ്യ, തനിക്ക് കുറച്ച് ഉറക്കവും ഭക്ഷണവും വേണമെന്ന് ഫൈനലില്‍ പ്രവേശിച്ച ശേഷം പറഞ്ഞു.
'എനിക്ക് കൂടുതലായൊന്നും പറയാനില്ല, എന്റെ ചിന്തകള്‍ ഇപ്പോള്‍ അത്ര വ്യക്തമല്ല,' എനിക്ക് കുറച്ച് ഉറങ്ങണം. ഈ ദിവസങ്ങള്‍ വളരെ ഉത്കണ്ഠ നിറഞ്ഞതായിരുന്നു' 19-കാരി പറഞ്ഞു.
Content Highlights: Divya Deshmukh Makes History, Storms Into FIDE Women's Chess World Cup Final








English (US) ·