ലോകകപ്പ് നേട്ടം: വനിതാ താരങ്ങളെ നേരിൽ കാണാൻ മോദി, ബുധനാഴ്ച ഡൽഹിയിലെത്താൻ ഔദ്യോഗിക ക്ഷണം

2 months ago 3

ഓൺലൈൻ ഡെസ്‌ക്

Published: November 03, 2025 08:35 PM IST

1 minute Read

 ആർ.എസ്.ഗോപൻ / മനോരമ (ഇടത്), പ്രധാനമന്ത്രി നരേന്ദ്ര മോദി.(AP Photo/Anupam Nath) (വലത്)
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ട്രോഫിയുമായി ആഹ്ലാദത്തിൽ. ചിത്രം: ആർ.എസ്.ഗോപൻ / മനോരമ (ഇടത്), പ്രധാനമന്ത്രി നരേന്ദ്ര മോദി.(AP Photo/Anupam Nath) (വലത്)

ന്യൂഡൽഹി∙ ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ നേരിൽ കാണാൻ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് ഔദ്യോഗികമായി ക്ഷണക്കത്ത് ലഭിച്ചതായി ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ചയാകും കൂടിക്കാഴ്ച. നിലവിൽ മുംബൈയിലുള്ള താരങ്ങൾ, ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലേക്കു പോകും. ഇതിനുശേഷമാകും താരങ്ങൾ സ്വന്തം നാട്ടിലേക്കു തിരിക്കുക.

തിങ്കളാഴ്ച ബിഹാറിലെ സഹർസയിൽ നടന്ന ഒരു പൊതു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചിരുന്നു. രാജ്യത്തിന്റെ ആദ്യത്തെ ലോകകപ്പ് കിരീടം നേടിക്കൊണ്ട് അവർ ചരിത്രം രചിച്ചുവെന്നും അവരുടെ വളർന്നുവരുന്ന ആത്മവിശ്വാസവും ശക്തിയും പ്രതിഫലിപ്പിക്കുന്ന വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘‘ഇന്നലെ മുംബൈയിൽ, ഇന്ത്യയുടെ പെൺമക്കൾ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യ ആദ്യമായി വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടി. 25 വർഷത്തിനുശേഷം, ലോകത്തിന് ഒരു പുതിയ ലോക ചാംപ്യനെ ലഭിച്ചു. ഇന്ത്യയുടെ പെൺമക്കൾ മുഴുവൻ രാജ്യത്തിനും അഭിമാനമായി. ഈ വിജയം കായിക മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. ഇത് ഇന്ത്യയുടെ പെൺമക്കളുടെ ആത്മവിശ്വാസത്തിന്റെ പ്രതീകം കൂടിയാണ്.

ഇവർ ചെറിയ ഗ്രാമങ്ങളിൽനിന്നും പട്ടണങ്ങളിൽ നിന്നുമുള്ള പെൺമക്കളാണ്; ഇവർ നമ്മുടെ കർഷകരുടെയും തൊഴിലാളികളുടെയും താഴ്ന്ന മധ്യവർഗ കുടുംബങ്ങളുടെയും പെൺമക്കളാണ്. ഞാൻ അവരിൽ അഭിമാനിക്കുന്നു; മുഴുവൻ രാജ്യവും അഭിമാനിക്കുന്നു. ചാംപ്യന്മാരായ ഈ പെൺമക്കളുടെ മാതാപിതാക്കൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.’’– പ്രധാനമന്ത്രി പറഞ്ഞു.

ലോകകപ്പ് നേടിയ വനിതാ ക്രിക്കറ്റ് ടീമിനു സ്വീകരണം നൽകുന്നതു സംബന്ധിച്ച് ബിസിസിഐ ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. താരങ്ങൾക്കു പാരിതോഷികമായി 51 കോടി രൂപ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച നവിമുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യ ചാംപ്യന്മാരായത്.

വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ട്രോഫിയാണിത്. വനിതാ ലോകകപ്പ് നേടുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ; നേരത്തേ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസീലൻഡ് ടീമുകൾ ലോകജേതാക്കളായിട്ടുണ്ട്.

English Summary:

Indian Women's Cricket Team received an invitation from Prime Minister Narendra Modi pursuing their World Cup victory. The Prime Minister congratulated the squad and acknowledged their historical accomplishment connected a nationalist forum. This triumph is simply a awesome of the assurance of India's daughters.

Read Entire Article