ലോകകപ്പ് യോഗ്യത: പ്രതീക്ഷയോടെ ബൽജിയം, നെതർലൻഡ്സ്, സ്പെയിൻ

2 months ago 2

മനോരമ ലേഖകൻ

Published: November 14, 2025 08:38 AM IST

1 minute Read

നെതർലൻഡ്സ് താരങ്ങൾ പരിശീലനത്തിനിടെ.
നെതർലൻഡ്സ് താരങ്ങൾ പരിശീലനത്തിനിടെ.

സൂറിക് ∙ ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് യൂറോപ്പിൽ വമ്പന്മാരുടെ പോരാട്ടക്കളം ഉണർന്നു. രണ്ടു റൗണ്ട് മത്സരങ്ങൾ കൂടി ബാക്കിനിൽക്കെ ലാസ്റ്റ് ചാൻസിനു നിൽക്കാതെ യോഗ്യത ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് വൻ ടീമുകളെല്ലാം. ഇന്നലെ രാത്രി ആരംഭിച്ച മത്സരത്തിന്റെ തുടർച്ചയായി ഇന്നും ശനിയാഴ്ചയും മത്സരങ്ങൾ തുടരും. 

യൂറോപ്യൻ മേഖലയിൽനിന്ന് ഇംഗ്ലണ്ടാണ് നിലവിൽ യോഗ്യത ഉറപ്പിച്ച പ്രധാന ടീം. ഗ്രൂപ്പ് ജെയിൽനിന്ന് ബൽജിയം യോഗ്യതയുടെ പടിവാതിൽക്കലുണ്ട്. ശനിയാഴ്ച കസഖ്സ്ഥാനെ തോൽപിച്ചാൽ ബൽ‍ജിയത്തിന്റെ സുവർണതലമുറയ്ക്ക് യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ ഫൈനൽസിലെത്താം. 

ഇന്നു രാത്രി സ്വീഡനെ നേരിടുന്ന സ്വിറ്റ്സർലൻഡിനും ഒരു ജയമകലെ യോഗ്യതയുടെ വാതിൽ തുറക്കും. ഗ്രൂപ്പ് ബിയിൽ കൊസോവ – സ്സൊവേന്യ മത്സരത്തിൽ കൊസോവ തോൽക്കുകയാണെങ്കിൽ സ്വീഡനോടു സമനില പിടിച്ചാലും സ്വിസ് ടീമിനു ഫൈനൽസിലെത്താം. 

ഗ്രൂപ്പ് ഇയിൽ ശനിയാഴ്ച ജോർജിയയെ നേരിടുന്ന സ്പെയിനു കളി ജയിച്ചാൽ ഫൈനൽ ഉറപ്പാണ്. ഇതിനകം പുറത്തായിക്കഴിഞ്ഞ ബൾഗേറിയയെ നേരിടുന്ന തുർക്കി ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയാൽ സ്പെയിനു സമനില ധാരാളം. 

ഗ്രൂപ്പ് ജിയിൽ ഇന്നു പോളണ്ടിനെ തോൽപിച്ചാൽ നെതർലൻഡ്സിനു ഫൈനൽസ് യോഗ്യത ലഭിക്കും. ഗ്രൂപ്പ് എച്ചിൽ ഓസ്ട്രിയയും പ്രതീക്ഷയിലാണ്. സൈപ്രസിനെ കീഴടക്കിയാൽ അവർക്കു ഫൈനൽസിലെത്താം.

English Summary:

World Cup Qualification: Belgium, Netherlands, Spain Eye Direct Spot

Read Entire Article