Published: March 26 , 2025 06:43 AM IST
1 minute Read
ലണ്ടൻ ∙ ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കാൾ 136 സ്ഥാനം മുന്നിലുള്ള ഇംഗ്ലണ്ടിനെതിരെ ഒന്നു പൊരുതിനോക്കാൻ ഉറച്ചായിരുന്നു 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് മത്സരത്തിനായി ലാത്വിയ ഇറങ്ങിയത്. എന്നാൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ആ പോരാട്ടവീര്യം സ്കോർ നിലയിൽ പ്രതിഫലിപ്പിക്കാൻ അവർക്കായില്ല. ലാത്വിയയെ 3–0ന് തോൽപിച്ച ഇംഗ്ലണ്ടിന് യോഗ്യതാ റൗണ്ടിൽ തുടർച്ചയായ രണ്ടാം ജയം.
ആദ്യ പകുതിയിൽ റീസ് ജയിംസിന്റെ (38–ാം മിനിറ്റ്) തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ അക്കൗണ്ട് തുറന്ന ഇംഗ്ലണ്ട്, ലാത്വിയയ്ക്ക് തുടക്കത്തിൽ തന്നെ അപായ സൂചന നൽകി. ഇംഗ്ലിഷ് ജഴ്സിയിൽ റീസിന്റെ ആദ്യ ഗോളാണിത്. ആദ്യ പകുതി മറ്റു പരുക്കുകളില്ലാതെ അതിജീവിക്കാൻ ലാത്വിയയ്ക്ക് സാധിച്ചെങ്കിലും രണ്ടാം പകുതിയിൽ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയ ഇംഗ്ലിഷ് പട അവരെ തകർത്തെറിഞ്ഞു.
68–ാം മിനിറ്റിൽ സൂപ്പർ താരം ഹാരി കെയ്നിലൂടെ ലീഡ് ഉയർത്തിയ ഇംഗ്ലണ്ടിനായി 76–ാം മിനിറ്റിൽ എബാറെ എസെ മൂന്നാം ഗോൾ നേടി. പുതിയ പരിശീലകൻ തോമസ് ടുഹേലിനു കീഴിൽ ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. മറ്റു മത്സരങ്ങളിൽ അൽബേനിയ 3–0ന് അൻഡോറയെയും പോളണ്ട് 2–0ന് മാൾട്ടയെയും റുമാനിയ 5–1ന് സാൻ മരീനോയെയും തോൽപിച്ചപ്പോൾ ഫിൻലൻഡ്– ലിത്വാനിയ മത്സരം 2–2 സമനിലയിൽ പിരിഞ്ഞു.
English Summary:








English (US) ·